പ്രളയത്തില്‍ പുറമ്പോക്കിലെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കും
തിരുവനന്തപുരം: പ്രളയമെടുത്ത പുഴയോരത്തെ വീടുകളില്‍ രേഖകളില്ലാതെ താമസിച്ചവര്‍ക്ക് വീട് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അനുയോജ്യമായ സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുകയോ, ആവശ്യത്തിന് ഭൂമി ലഭ്യമായില്ലെങ്കില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കണമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. പുഴയോരത്ത് വീട് ഒലിച്ചുപോയ സ്ഥലത്ത് ഇനി കുടില്‍ കെട്ടാനോ വീട് വയ്ക്കാനോ അനുമതി നല്‍കില്ല. പുതിയ വീട് നിര്‍മിച്ചു നല്‍കുന്നതുവരെ ഇവരെ ദുരിതാശ്വാസ ക്യാംപുകളില്‍ സര്‍ക്കാര്‍ സംരക്ഷണയില്‍ പാര്‍പ്പിക്കുമെന്നും റവന്യൂ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
412 ഉരുള്‍പൊട്ടലുകള്‍ ആണ് വിവിധ പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത്. വീടിരുന്ന സ്ഥലങ്ങള്‍ പലതും വാസയോഗ്യമല്ലാതായി. ഇവിടെ ഉണ്ടായിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേകസ്ഥലം കണ്ടെത്തണമെന്നും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും വീട് വയ്ക്കാന്‍ ഭൂമി ലഭ്യമാകില്ല. അതിനാല്‍ ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഏതാണ്ട് അഞ്ചുലക്ഷം പേര്‍ക്ക് പതിനായിരം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം പേര്‍ക്ക് ഇനിയും നല്‍കാനുണ്ട്. കൃത്യമായ ബാങ്ക് രേഖകള്‍ ഇല്ലാത്തതിനാലാണ് പണം നല്‍കാന്‍ കഴിയാത്തത്. അത് ഇന്നോ നാളെയോ കൊടുത്ത് തീര്‍ക്കുമെന്നും ഇനി ആര്‍ക്കെങ്കിലും അടിയന്തര സഹായം കിട്ടാതെ വന്നാല്‍ തഹസില്‍ദാരെ സമീപിച്ചാല്‍ മതി. സഹായധനം കൊടുത്തവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനര്‍ഹര്‍ ആരെങ്കിലും വാങ്ങിയിട്ടുള്ളതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
339 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 14 പേരെ കാണാനില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും നാലു ലക്ഷം രൂപയും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപയും നല്‍കും. ചത്തുപോയ കന്നുകാലികള്‍ക്ക് കറവയുള്ള പശുവിന് 30,000 രൂപയും, കാള, പോത്ത് എന്നിവയ്ക്ക് 25,000 രൂപയും, കന്നുകുട്ടികള്‍ക്ക് 5,000 രൂപയും നല്‍കും. കൂടാതെ കോഴി, താറാവ് എന്നിവക്കും നഷ്ട പരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പതിനായിരം രൂപ അടിയന്തര സഹായം നല്‍കാനും, ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും 816.62 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 419 കോടിയും ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."