പെമ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിന്റെ പത്താമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് പെമ ഖണ്ഡു അധികാരമേറ്റു. ഗവര്‍ണര്‍ ബ്രിഗേഡിയര്‍ (റിട്ട.) ബി.ഡി മിശ്രയാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
തലസ്ഥാനമായ ഇറ്റാനഗരില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ 11 മന്ത്രിമാരും അധികാരമേറ്റു. അസം, നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു. ചൊവ്ന മെയ്ന്‍, വാങ്കി ലൊവാങ്, ഹോന്ചുന് ങന്ഡം, കംലുങ് മൊസാങ്, അലോ ലിബാങ്, ബമാങ് പെലിക്സ് എന്നിവരും കാബിനാറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഈ ദിവസം ചരിത്രപ്രസിദ്ധമാണെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പെമ ഖണ്ഡു പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് അരുണാചലിലെ ആകെയുള്ള 60 സീറ്റില്‍ 41ലും വിജയിച്ചാണ് പെമ ഖണ്ഡു മുഖ്യമന്ത്രിയായത്. ജെ.ഡി.യു ഏഴും എന്‍.പി.പി അഞ്ചും സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നേട്ടം നാലുസീറ്റിലൊതുങ്ങി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദൊര്‍ജീ ഖണ്ഡുവിന്റെ മകനായ പെമ ഖണ്ഡു, 2016ലാണ് ബി.ജെ.പിയിലെത്തുന്നത്. ഒപ്പം തന്റെ കൂടെയുള്ള എം.എല്‍.എമാരെയും കൂട്ടിയാണ് അദ്ദേഹം ബി.ജെ.പിയിലെത്തുന്നതും സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതും. 2014ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 60 സീറ്റുകളില്‍ 42 ഉം കോണ്‍ഗ്രസ് ആണ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."