നിങ്ങള്‍ നില്‍ക്കുന്നത് ഏതു ഹിന്ദുവിനൊപ്പം?
ഇന്ത്യന്‍ ഭരണഘടനപ്രകാരം പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഹിന്ദു എന്ന മതവിഭാഗത്തില്‍ പെട്ടവരാണ്. അതനുസരിച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്നു ദിവസങ്ങള്‍ക്കു ശേഷം മരിക്കുകയും (കൊല്ലപ്പെടുകയും) ചെയ്ത ഹത്രാസിലെ പെണ്‍കുട്ടിയും അവളുടെ കുടുംബവും ഹിന്ദുക്കളാണ്. പക്ഷേ, പീഡനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അവള്‍ക്കോ ഇപ്പോഴും വേട്ടയാടപ്പെടുന്ന അവളുടെ കുടുംബത്തിനോ നീതി ലഭ്യമാക്കാന്‍ ഹിന്ദുത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്നവര്‍ രംഗത്തുവന്നു കണ്ടില്ല.
അതില്‍ പക്ഷേ, അത്ഭുതമോ അമ്പരപ്പോ ഇല്ല. എല്ലാ മരണങ്ങളിലും ക്രൂരതകളിലും ജാതിയും മതവും ആയുധമാക്കി രംഗത്തു വരുന്നതു ശരിയല്ല. ഹത്രാസിലെ ക്രൂരതയില്‍ പ്രതിപക്ഷ പാര്‍ട്ടികളും മറ്റും അത്തരം വര്‍ഗീയ ആയുധം ഉപയോഗിച്ചു യോഗി സര്‍ക്കാരിനെ വേട്ടയാടുകയാണെന്നാണല്ലോ ഭരണപക്ഷത്തിന്റെയും സംഘ്പരിവാറിന്റെയും ആരോപണം.
ആ ആരോപണമുന്നയിക്കുന്നവര്‍ ഇരകളെ കൈവെടിഞ്ഞു വേട്ടക്കാര്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുന്നതിന്റെ സാംഗത്യമാണു മനസ്സിലാകാത്തത്. പ്രതികള്‍ നിരപരാധികളാണ് എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തുള്ള പ്രധാനികള്‍ ഉത്തര്‍പ്രദേശിലെ ഠാക്കൂര്‍ വിഭാഗക്കാരാണ്. ഠാക്കൂറുകള്‍ സവര്‍ണഹിന്ദുക്കളാണ്. ദലിതരെ അങ്ങേയറ്റം അറപ്പോടെയും വെറുപ്പോടെയും പരിഗണിക്കുന്നവരാണ് അവരില്‍ ഭൂരിഭാഗവും. പ്രതികള്‍ക്കു വേണ്ടി ഠാക്കൂറുകള്‍ രംഗത്തുവന്നതിലും അത്ഭുതമില്ല. കാരണം, പ്രതികളെല്ലാം ഠാക്കൂര്‍ സമുദായക്കാരാണ്.
പക്ഷേ, മനസ്സിലാകാത്തത് പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഠാക്കൂറുകള്‍ സംഘടിപ്പിച്ച പ്രക്ഷോഭപരിപാടികളിലും യോഗങ്ങളിലും സംഘ്പരിവാര്‍ എന്തുകൊണ്ടു മുന്നില്‍ നിന്നു എന്നതാണ്. ഉത്തര്‍പ്രദേശ് ഭരിക്കുന്ന, ഇന്ത്യാ മഹാരാജ്യം തന്നെ ഭരിക്കുന്ന പാര്‍ട്ടിയും അതിന്റെ പ്രതിനിധികളും ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്നല്ലേ സാമാന്യജനത പ്രതീക്ഷിക്കുക. അതുണ്ടായില്ല.
ഉണ്ടായില്ലെന്നു മാത്രമല്ല, വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തു. ഇരകള്‍ക്കു വേണ്ടി സംസാരിച്ച സ്വന്തം എം.പിക്കെതിരേ അവരെല്ലാം വാളെടുക്കുകയും ചെയ്തു. ഹത്രാസ് പീഡനക്കൊലക്കേസിലെ പ്രതികളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിക്കാന്‍ യോഗം വിളിച്ചുകൂട്ടിയത് ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ രാജ്‌വീര്‍ പല്‍വാന്റെ വീട്ടിലായിരുന്നു. അഞ്ഞൂറോളം സവര്‍ണര്‍ പങ്കെടുത്ത ആ യോഗത്തില്‍ നല്ല പങ്കും ബി.ജെ.പിയുടെ പ്രാദേശികനേതാക്കളായിരുന്നു.
രാജ്‌വീര്‍ പല്‍വാന്‍ തന്നെയാണ് ആ യോഗത്തില്‍ പ്രതികള്‍ക്കു വേണ്ടി ഘോരഘോരം പ്രസംഗിച്ചത്. അറസ്റ്റിലായ ഠാക്കൂര്‍ യുവാക്കള്‍ നിരപരാധികളാണെന്നും ആരോപിക്കപ്പെടുന്നപോലെ അവിടെ ലൈംഗികപീഡനം നടന്നിട്ടില്ലെന്നുമായിരുന്നു ആ നേതാവിന്റെ വാദം. ബലാത്സംഗത്തിനും ക്രൂരമായ പീഡനത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഏറെ അകലെയല്ലാത്തിടത്തുവച്ചാണ് ഇത്തരമൊരു പ്രസംഗം നടന്നതെന്ന് ഓര്‍ക്കണം.
ഹത്രാസ് എം.എല്‍.എ സുധേന്ദ്രസിങ്ങിന്റെ പ്രതികരണം ജുഗുപ്‌സാവഹമാണ്. പീഡനം തടയാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പീഡിപ്പിക്കപ്പെടാതിരിക്കാന്‍ പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കണമെന്നും അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണെന്നും രാഷ്ട്രീയനേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ മനുഷ്യന്‍ നാണമില്ലാതെ പറഞ്ഞു. പെണ്‍കുട്ടിയെ തല്ലിക്കൊന്നതു മാതാപിതാക്കളാണെന്നു വരുത്തിത്തീര്‍ക്കാനുള്ള തീവ്രശ്രമമാണു ഠാക്കൂര്‍, പൊലിസ് കൂട്ടുകെട്ടു നടത്തിക്കൊണ്ടിരുന്നത്. ഇപ്പോള്‍ സി.ബി.ഐയും ആ വഴിക്കാണെന്നു തോന്നുംമട്ടിലാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു രക്തക്കറയുള്ള വസ്ത്രം കണ്ടുകിട്ടി എന്നു തുടങ്ങിയ വെളിപ്പെടുത്തലുകള്‍.
ഹത്രാസിലെ ഠാക്കൂര്‍ വിഭാഗക്കാരായ പ്രാദേശിക നേതാക്കള്‍ പ്രതികള്‍ക്കുവേണ്ടി രംഗത്തെത്തിയതിനെ സമുദായസ്‌നേഹം എന്നു വാദത്തിനുവേണ്ടി അംഗീകരിക്കാമെന്നു വയ്ക്കുക. അതേപോലെയാണോ യു.പിയിലെ പൊലിസ് പ്രവര്‍ത്തിക്കേണ്ടതും പ്രതികരിക്കേണ്ടതും. പ്രതികള്‍ക്കെതിരേ കേസെടുക്കുകയും അവരെ അറസ്റ്റു ചെയ്തു ജയിലിലാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊലിസ് കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ബലാത്സംഗം നടന്നിട്ടില്ലെന്നു സ്ഥാപിക്കാനാണ്.
വീണ്ടുമൊരു പോസ്റ്റ്‌മോര്‍ട്ടം നടത്തി സത്യം പുറത്തുവന്നാലോ എന്നു ഭയന്നു തന്നെയാകണം പെണ്‍കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുപോകാതെ, ബന്ധുക്കള്‍ക്ക് അവസാനമായൊന്നു കാണാന്‍ പോലും അവസരം നല്‍കാതെ അര്‍ദ്ധരാത്രിയില്‍ ചുട്ടെരിച്ചത്. ചിതാഭസ്മം പരിശോധിച്ചാല്‍ പീഡനം തെളിയില്ലല്ലോ. കോടതിയും നിശിതമായി വിമര്‍ശിച്ചല്ലോ, ആ ചെയ്തതു കടുത്ത മനുഷ്യാവകാശലംഘനമാണെന്ന്.
യു.പി പൊലിസിന്റെയും മൊഴിമാറ്റി പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്ന് ഓര്‍ത്തോ എന്നു ഭീഷണിപ്പെടുത്തിയ ജില്ലാ കലക്ടറുടെയും മറ്റും നിലപാടുകള്‍ ഉദ്യോഗസ്ഥന്മാര്‍ പലയിടങ്ങളിലും ഇങ്ങനെ നെറികെട്ട രീതിയില്‍ പ്രവര്‍ത്തിക്കാറുണ്ട് എന്നു സാമാന്യവല്‍ക്കരിച്ചു തള്ളിക്കളയാന്‍ കഴിയുമെന്നും വാദത്തിനു സമ്മതിക്കുക.
അതുപോലാണോ ആത്മീയാചാര്യന്‍ കൂടിയായ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ ഭരണകൂടവും ചെയ്യേണ്ടതും പറയേണ്ടതും. തന്റെ സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാനും താഴെയിറക്കാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും മുസ്‌ലിംകളും (അദ്ദേഹത്തിന്റെ വാക്കില്‍ ജിഹാദികളും) നടത്തുന്ന കുത്സിതപ്രവൃത്തികളാണ് ഇതെന്ന യോഗിയുടെ പ്രസ്താവനയെക്കുറിച്ചു മാത്രമല്ല ഇവിടെ പറയുന്നത്.
ഹത്രാസില്‍ നടന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ് എന്നു തുറന്നുപ്രഖ്യാപിച്ച ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ യു.പി സര്‍ക്കാര്‍ നടത്തിയ വാദത്തെക്കുറിച്ചാണ്. സുപ്രിംകോടതിക്കു മുന്നില്‍ ഹത്രാസില്‍ പീഡനം നടന്നിട്ടില്ലെന്നാണ് യു.പി സര്‍ക്കാര്‍ വാദിച്ചത്. തങ്ങള്‍ ഇരയ്‌ക്കൊപ്പമല്ലെന്നു യോഗി സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെ വെളിപ്പെടുത്തുന്നുവെന്നര്‍ത്ഥം.
സവര്‍ണരായ പ്രതികളെ രക്ഷിക്കാന്‍ ഓടിനടക്കുന്നവര്‍ അവര്‍ണരായ ഇരകകളുടെ നേരേയും അവരെ പിന്തുണയ്ക്കാനെത്തുന്നവര്‍ക്കു നേരേയും എടുത്ത നിലപാടു കൂടി പരിഗണിക്കേണ്ടതുണ്ട്. പീഡനത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാനും സഹായവാഗ്ദാനം നല്‍കാനുമെത്തിയവരെയെല്ലാം രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പു ചുമത്തി പ്രതികളാക്കി. ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ പോലും യു.എ.പി.എ കേസില്‍ പ്രതിയായി.
ഗ്രാമീണയായ, അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നവരേക്കാള്‍ ഭീകരമായ കുറ്റം ചെയ്തത് അവള്‍ക്കും കുടുംബത്തിനും മാനസികപിന്തുണ അറിയിക്കാന്‍ ഓടിയെത്തിയ മനുഷ്യസ്‌നേഹികളാണെന്ന നിലപാട് അങ്ങേയറ്റം വിചിത്രമാണ്.
ഇരയുടെ മരണമൊഴി ഏറ്റവും ശക്തമായ തെളിവാണെന്നു നിയമം പറയുന്നു. ഒരാളും മരണക്കിടക്കയില്‍ വച്ചു കള്ളം പറയില്ലെന്നു ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരവധി കേസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹത്രാസിലെ പെണ്‍കുട്ടി ആശുപത്രിയില്‍ കിടക്കയില്‍ വച്ചു മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ താന്‍ നേരിട്ട ക്രൂരമായ പീഡനം എണ്ണിപ്പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നു അലിഗര്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ടുമുണ്ട്.
എന്നിട്ടും ഹിന്ദുത്വവാദികള്‍ പറയുന്നത് പ്രതികളായ ഠാക്കൂര്‍ യുവാക്കള്‍ നിരപരാധികളാണെന്നാണ്.
ഇവരോട് ഒരേയൊരു ചോദ്യമേ ചോദിക്കാനുള്ളൂ.
നിങ്ങള്‍ ഏതു ഹിന്ദുവിനു വേണ്ടി നിലകൊള്ളുന്നവരാണ്. സവര്‍ണ ഹിന്ദുവിനോ അവര്‍ണ ഹിന്ദുവിനോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."