ലിബിയയില്‍ ബോട്ട് മറിഞ്ഞ് 100ല്‍ കൂടുതല്‍ അഭയാര്‍ഥികള്‍ മരിച്ചെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: ലിബിയന്‍ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് മറിഞ്ഞ് 100ല്‍ കൂടുതല്‍ അഭയാര്‍ഥികള്‍ മുങ്ങിമരിച്ചെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി. സെപ്റ്റംബര്‍ ഒന്നിന് പുറപ്പെട്ട രണ്ട് റബര്‍ ബോട്ടുകളില്‍ ഒന്നാണ് തകര്‍ന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 276 പേരെ ലിബിയന്‍ തുറമുഖ നഗരമായ ഖോംസിലെത്തിച്ചുവെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ സംഘമായ മെഡിസിന്‍സ് സാന്‍സ് ഫ്രന്റേസ് (എം.എസ്.എഫ്) പറഞ്ഞു.
ശിശുക്കള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ രക്ഷപ്പെടുത്തിയവരില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സനല്കുകയാണെന്നും എം.എസ്.എഫ് പറഞ്ഞു. തുനീസ് തീരങ്ങളില്‍ ബോട്ട് മുങ്ങി ജൂണ്‍ മാസത്തില്‍ 112 പേര് മുങ്ങി മരിച്ചിരുന്നു.
മെഡിറ്റേറിയന്‍ കടല്‍ മുറിച്ചുകടക്കുന്നതിനിടെ ഈ വര്‍ഷം 1500 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചുവെന്നാണ് ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) റിപ്പോര്‍ട്ട്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്കാണ് അഭയാര്‍ഥികള്‍ സഞ്ചരിക്കാറുള്ളത്. എന്നാല്‍ ഇവിടുത്തേക്കുള്ള അഭയാര്‍ഥി പ്രവേശനം ഇറ്റലി സര്‍ക്കാര്‍ ഈയിടെ തടഞ്ഞിരുന്നു. 2015 മുതല്‍ പത്ത് ലക്ഷം അഭയാര്‍ഥികള്‍ മെഡിറ്റേറിയന്‍ കടല്‍ വഴി മറ്റു രാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."