വായ്പാ സ്ഥാപനത്തിന്റെ വീഴ്ച: ജാമ്യക്കാരന് നഷ്ടം സഹിക്കേണ്ട
കൊച്ചി : വായ്പ അനുവദിച്ച സ്ഥാപനത്തിന്റെ വീഴ്ചയുടെ പേരില്‍ ജാമ്യം നിന്ന വ്യക്തിയോ വായ്പ എടുത്ത വ്യക്തിയോ നഷ്ടം സഹിക്കേണ്ടതില്ലെന്നു ഹൈക്കോടതി. ഒരു മാസത്തിനുള്ളില്‍ 87,312 രൂപ കെ.എസ്.എഫ്.ഇ തിരികെ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
വായ്പാ കുടിശ്ശിക തെറ്റായി കണക്കാക്കി കെ.എസ്.എഫ.്ഇ തന്റെ പക്കല്‍ നിന്ന് ഈടാക്കിയ 87,312 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി.യിലെ ചാര്‍ജ് മാനായിരുന്ന കോട്ടയം കാരാപ്പുഴയിലെ കെ.പി. കുഞ്ഞന്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
കെ.പി. കുഞ്ഞനും കെ.എസ്.ആര്.ടി.സിയില്‍ സഹപ്രവര്‍ത്തകനായിരുന്ന കിളിരൂര്‍ സ്വദേശി പി.കെ.തങ്കപ്പനും പരസ്പരം ജാമ്യം നിന്ന് കെ.എസ്.എഫ്.ഇയില്‍ നിന്ന് 50,000 രൂപ വീതം വായ്പ എടുത്തിരുന്നു. തങ്കപ്പന് 2004 ലും കുഞ്ഞന്‍ 2007ലും പെന്‍ഷനായി.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഇരുവരും വീഴ്ച വരുത്തിയതിനാല്‍ കെ.എസ്.ആര്.ടി.സി പെന്ഷന് ആനുകൂല്യങ്ങളില്‍ നിന്ന് കുടിശ്ശിക ഈടാക്കി കെ.എസ്.എഫ്.ഇ യ്ക്ക് നല്കി. തങ്കപ്പന്റെ കുടിശ്ശികത്തുക കെ.എസ്.എഫ്.ഇ യുടെ റവന്യു റിക്കവറി യൂനിറ്റില്‍ അടയ്ക്കുന്നതിനു പകരം വായ്പാ യൂനിറ്റിലാണ് അടച്ചത്. 2010 വരെ പിഴവു കണ്ടെത്തി തിരുത്താന്‍ കെ.എസ്.എഫ.്ഇയ്ക്ക് കഴിഞ്ഞില്ല.
തങ്കപ്പന്റെ കുടിശ്ശികത്തുകയായ 87,312 രൂപ തിരികെ കിട്ടാത്തതിനാല്‍ പണം കുഞ്ഞന്റെ റിട്ടയര്‍മെന്റ് ആനുകൂല്യത്തില്‍ നിന്നാണ് ഈടാക്കിയത്. തങ്കപ്പന്റെ പെന്ഷന് ആനുകൂല്യങ്ങളില്‍ നിന്ന് കുടിശ്ശിക ഈടാക്കിയശേഷം ഇതേ തുക വായ്പയ്ക്ക് ജാമ്യം നിന്ന തന്റെ പക്കല്‍ നിന്ന് വീണ്ടും ഈടാക്കിയത് നിയമവിരുദ്ധമാണെന്നായിരുന്നു കുഞ്ഞന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് പണം തിരികെ നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."