HOME
DETAILS
MAL
ശരീരഭാരം കുറയ്ക്കാന്‍ നടത്തം; എഴുപതുകാരന് താണ്ടിയത് ഭൂമിയുടെ ചുറ്റളവ്
backup
October 18 2020 | 01:10 AM
ലണ്ടന്‍: ശരീരഭാരം കുറയ്ക്കാന്‍ നടന്നു തുടങ്ങി ഭൂമിയുടെ ചുറ്റളവിനു സമാനമായ ദൂരം 1500 ദിവസംകൊണ്ട് നടന്നുതീര്ത്തിരിക്കുകയാണ് 40 വര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന വിനോദ് ബജാജ് എന്ന പഞ്ചാബുകാരന്. വ്യായാമത്തിന്റെ ഭാഗമായി ഇദ്ദേഹം താണ്ടിയത് 40,075 കിലോമീറ്ററാണ്. ഇപ്പോള്‍ ഗിന്നസ് ലോകറെക്കോര്‍ഡിന് അപേക്ഷ നല്കി കാത്തിരിക്കുകയാണ് റിട്ട. എന്‍ജിനിയറും ബിസിനസ് കണ്‍സള്‍ട്ടന്റുമായ ഈ 70കാരന്.
നടന്ന് ലോകരാജ്യങ്ങള്‍ ചുറ്റുകയല്ല ഇദ്ദേഹം ചെയ്തത്. താന്‍ താമസിക്കുന്ന ലിമറിക് എന്ന നഗരം വിട്ട് ഇദ്ദേഹം എങ്ങോട്ടും പോയിട്ടില്ല. 2016ലാണ് ശരീരഭാരം കുറയ്ക്കാനായി നടത്തം തുടങ്ങിയത്. ഫലം കണ്ടതോടെ പിന്നെയത് ശീലമാക്കി. മൂന്നു മാസംകൊണ്ട് എട്ടു കിലോ ശരീരഭാരം കുറഞ്ഞു. അടുത്ത ആറു മാസത്തോടെ 12 കിലോയും കുറഞ്ഞു.
മൊബൈല്‍ ഫോണില്‍ പേസര്‍ ആക്റ്റിവിറ്റി ട്രാക്കര്‍ ഡൗണ്‍ലോഡ് ചെയ്തത് ചുവടുകളുടെ കൃത്യമായ എണ്ണമെടുക്കാന്‍ സഹായിച്ചു. ഇങ്ങനെ നോക്കിയപ്പോഴാണ് താന്‍ 2016ല്‍ 7,600 കിലോമീറ്റര്‍ നടന്നുതീര്ത്തതായി അദ്ദേഹം തിരിച്ചറിഞ്ഞത്. ഇത് ഇന്ത്യയില്‍ നിന്ന് അയര്‍ലന്‍ഡിലേക്കുള്ള ദൂരമാണ്. രണ്ടാമത്തെ കൊല്ലം നടന്ന ദൂരം കൂടി ചേര്‍ത്തപ്പോള്‍ ചന്ദ്രന്റെ ചുറ്റളവിനെക്കാള്‍ അധികമായി- 15,200 കി.മീ. 10,921 കി.മീ ആണ് ചന്ദ്രന്റെ ചുറ്റളവ്. അതോടെ ചൊവ്വയുടെ ചുറ്റളവ് (21,344) താണ്ടാനായി അടുത്ത നീക്കം. അതിനു ശേഷം 19,000 കി.മീ കൂടി നടന്നതോടെ ഭൂമിയുടെ ചുറ്റളവ് പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 21ലായിരുന്നു ഇത്.
വിനോദ് ബജാജിന്റെ അപേക്ഷയിന്മേല് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ ജനിച്ച വിനോദ് വളര്‍ന്നത് ചെന്നൈയിലായിരുന്നു. എം.ബി.എക്കു പഠിക്കാനായി 1975ല്‍ സ്കോട്ട്ലാന്ഡിലേക്കു പോയി. പിന്നീട് ജോലിക്കുവേണ്ടിയാണ് അയര്‍ലന്‍ഡിലെത്തിയത്. 43 വര്‍ഷമായി കുടുംബത്തോടൊപ്പം അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒറ്റയ്ക്കുള്ള നടത്തം വിരസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."