പോര്‍ച്ചുഗലിനും തുര്‍ക്കിക്കും ജയം
ലിസ്ബണ്‍: യുവേഫ നാഷന്‍സ് ലീഗിലെ രണ്ടാം മത്സരത്തില്‍ ഇറ്റലിക്ക് പരാജയം. എതിരില്ലാത്തെ ഒരു ഗോളിന് പോര്‍ച്ചുഗലാണ് ഇറ്റലിയെ തകര്‍ത്തത്. ലീഗ് എയിലെ ഗ്രൂപ്പ് മൂന്നില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇറ്റലി പോളണ്ടുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. പോര്‍ച്ചുഗല്‍, പോളണ്ട്, ഇറ്റലി എന്നീ മൂന്ന് ടീമുകളാണ് ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിലുള്ളത്. രണ്ട് കളികളില്‍ നിന്ന് ഒരു സമനിലയും ഒരു തോല്‍വിയുമടക്കം ഒരു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ഇറ്റലി. ഇറ്റലിക്കെതിരേ ജയിച്ചതോടെ പോര്‍ച്ചുഗല്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതിരുന്നിട്ടും സ്വന്തം കാണികള്‍ക്ക് മുന്നില്‍ പോര്‍ച്ചുഗല്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റിക്കാര്‍ഡോ ക്വരെസ്മയും നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് വേണ്ടി കളിക്കുന്നില്ല. ഇറ്റലിയാവട്ടെ പോളണ്ടിനെതിരായ മത്സരത്തില്‍ നിന്ന് ഒന്‍പത് മാറ്റങ്ങളുമായാണ് മത്സരത്തിനിറങ്ങിയത്. ഗോള്‍ കീപ്പര്‍ ഡോണരുമയും ചെല്‍സി താരം ജോര്‍ജീഞ്ഞോയും മാത്രമാണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പോര്‍ച്ചുഗല്‍ ഇറ്റലി പ്രതിരോധത്തിനും ഗോള്‍കീപ്പര്‍ ഡോണരുമക്കും നിരന്തരം ഭീഷണിയായി. പക്ഷേ മത്സരത്തിലെ ഗോള്‍വീഴാന്‍ 48ാം മിനുട്ട് വരെ കാത്തുനില്‍ക്കേണ്ടി വന്നു. സെവിയ്യ താരം ആന്ദ്രേ സില്‍വയാണ് ഗോള്‍ നേടിയത്. മൈതാനത്തിന്റെ ഇടതു ഭാഗത്ത് നിന്ന് ബ്രൂമ നല്‍കിയ പാസ് സ്വീകരിച്ച ആന്ദ്രേ സില്‍വ ഇടംകാല് കൊണ്ട് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു. 27ാം മിനുട്ടില്‍ പോര്‍ച്ചുഗലിന് ലഭിച്ച അവസരം ഗോള്‍ലൈന്‍ സേവിലൂടെ ഇറ്റലി പ്രതിരോധ താരം റൊമഗ്നോളി രക്ഷപ്പെടുത്തി. ഗോള്‍ പോസ്റ്റില്‍ ഇറ്റലി ഗോള്‍ കീപ്പര്‍ ഡോണരുമയുടെ മികച്ച രക്ഷപ്പെടുത്തലുകളാണ് ഇറ്റലി കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടത്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഇറ്റലി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ശക്തമാക്കി. പോര്‍ച്ചുഗല്‍ പ്രതിരോധ താരം പെപ്പെ ഇന്നലെ തന്റെ 101ാം രാജ്യാന്തര മത്സരം പൂര്‍ത്തിയാക്കി. വലിയ പോസ്റ്ററുകളുമായാണ് ആരാധകര്‍ പെപ്പെക്ക് ആശംസകളര്‍പ്പിച്ചത്.
ലീഗ് ബി ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ കരുത്തരായ സ്വീഡനെ തുര്‍ക്കി പരാജയപ്പെടുത്തി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ വിജയം. 88ാം മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു സ്വീഡനെതിരേ തുര്‍ക്കിയുടെ വിജയം. 62ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ എംറെ അക്ബാബ നേടിയ ഇരട്ട ഗോളുകളാണ് തുര്‍ക്കിയുടെ വിജയത്തിന് കരുത്തേകിയത്.
ആദ്യ പകുതിയില്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്വീഡന്‍ 35ാം മിനുട്ടില്‍ ഇസാക് തെലിനിലൂടെ മുന്‍പിലെത്തി. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്ലാസ്സന്‍ രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരം സ്വീഡന്‍ കൈപിടിയിലൊതുക്കുമെന്ന് തോന്നിയതായിരുന്നു. 51ാം മിനുട്ടില്‍ ഹക്കാനിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച തുര്‍ക്കി മത്സരം അവസാനിക്കാനിരിക്കേ 88, 92 മിനുട്ടുകളില്‍ അക്ബാബ നേടിയ മനോഹര ഗോളുകളിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ലീഗ് സിയില്‍ നടന്ന മത്സരങ്ങളില്‍ സ്‌കോട്‌ലന്‍ഡ് 2-0ത്തിന് അല്‍ബേനിയയെയും മോണ്ടെനിഗ്രോ ഇതേ സ്‌കോറിന് ലിത്വാനിയയെയും തകര്‍ത്തു. സെര്‍ബിയയും റൊമേനിയയും തമ്മില്‍ നടന്ന മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു.
ലീഗ് ഡിയിലെ മത്സരത്തില്‍ അണ്ടോറ- കസാക്കിസ്ഥാന്‍, മാള്‍ട്ട - അസര്‍ബൈജാന്‍ ടീമുകള്‍ ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചപ്പോള്‍ കൊസോവോ 2-0ത്തിന് ഫറോ ഐലന്റിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."