സഊദി എണ്ണക്കപ്പലുകളെ ആക്രമിച്ചതിന് പിന്നില്‍ ഇറാനെന്ന് ബോള്ട്ടന്
അബൂദബി: ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇയുടെ തീരത്ത് സഊദിയുടെ രണ്ട് എണ്ണക്കപ്പലുകളടക്കം നാലു കപ്പലുകളെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഇറാനെന്ന് അമേരിക്ക.
ഇറാന്റെ നേവല്‍ മൈനുകളാണ് ആക്രമണം നടത്തിയതെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് ആരോപിച്ചു. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ അദ്ദേഹം നിരത്തിയില്ല. ഇറാനാണ് ഫുജൈറ ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമാണ്. അല്ലാതെ ആരു ചെയ്തെന്നാണ് നിങ്ങള്‍ കരുതുന്നത്. നേപ്പാളില്‍നിന്നു വന്ന ആരെങ്കിലുമാണെന്നാണോ? അബൂദബിയിലെ യു.എസ് എംബസിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ബോള്ട്ടന് ചോദിച്ചു.
ആരാണത് ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കത് അറിയാമെന്ന് ഇറാനുമറിയാം. സഊദിയിലെ യാംബു തുറമുഖത്ത് പരാജയപ്പെട്ട ഒരു ആക്രമണം നടന്നിരുന്നതായും ബോള്ട്ടന് പറഞ്ഞു. അതേസമയം, ബോള്‍ട്ടന്റെ ആരോപണം പരിഹാസ്യമാണെന്ന് ഇറാന് പ്രതികരിച്ചു.
സഊദിയിലെ എണ്ണ പൈപ്പ്ലൈനുകള്ക്കു നേരെ യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇറാനോടുള്ള യു.എസിന്റെ സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്, തീരുമാനിക്കുന്നയാളല്ല എന്നായിരുന്നു ബോള്‍ട്ടന്റെ മറുപടി. 2015ലെ ആണവ കരാര്‍ ലംഘിക്കാന്‍ ഇറാന് യാതൊരു ന്യായവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."