സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടിസ്
തിരുവനന്തപുരം: മഹാരാജാസ് കോളജ് കാംപസില്‍ നിന്ന് പൊലിസ് മാരകായുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസ്. കോണ്‍ഗ്രസ് അംഗങ്ങളായ പി.ടി തോമസും ഹൈബി ഈഡനുമാണ് നോട്ടിസ് നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രതിപക്ഷം ഈ വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത് ചില നിര്‍മാണ സാമഗ്രികള്‍ മാത്രമാണ് അവിടെ നിന്ന് കണ്ടെത്തിയതെന്നാണ്. എന്നാല്‍ മാരകായുധങ്ങള്‍ കണ്ടെടുത്തതായി പൊലിസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു. എഫ്.ഐ.ആറിലും സര്‍ച്ച് ലിസ്റ്റിലുമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെന്ന് നോട്ടിസില്‍ പറയുന്നു.
എഫ്.ഐ.ആറിലുള്ള വിവരങ്ങള്‍ക്കു കടകവിരുദ്ധമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്ന് പി.ടി തോമസും സഭയില്‍ പറഞ്ഞു. നിര്‍മാണ സാമഗ്രികള്‍ക്കു മാത്രം പ്രാധാന്യം നല്‍കി സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ആയുധനിയമപ്രകാരം പിടിച്ചെടുത്ത സാധനങ്ങള്‍ കെട്ടിട നിര്‍മാണ സാമഗ്രികളാണെന്നു പറഞ്ഞത് വിഷയം വഴിതിരിച്ചു വിടാനാണെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. ആരെയോ രക്ഷിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."