HOME
DETAILS
MAL
നിലക്കാത്ത മാധുരി
backup
October 18 2020 | 01:10 AM
'തെരുവില്‍ കാക്ക കൊത്തുന്നു ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നു നരവര്‍ഗ നവാതിഥി'
രുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഉല്‍കൃഷ്ട രചനയിലെ വരികളാണിത്. മനുഷ്യരുടെ പരിതാപകരമായ അവസ്ഥയും കാലം അവരില്‍ വരുത്തുന്ന മാറ്റങ്ങളും അടയാളപ്പെടുത്തുമ്പോള്‍, തന്റെ സര്‍ഗസിദ്ധി പീലി വിടര്‍ത്തിയാടുന്നത് നമുക്ക് ദര്‍ശിക്കാനാവും. ജീവിതയാത്രയിലെ നരകവും സ്വര്‍ഗവുമൊക്കെ അനുഭവവേദ്യമാക്കിത്തരുന്നു കവി. നരകതുല്യമായ ജീവിതത്തിലെ നിമിഷങ്ങളാണ് തെരുവിലെ ദയനീയ ദൃശ്യമായി മുകളില്‍ കൊടുത്ത കവിതയിലുള്ളത്. ജീവന്‍ വിനഷ്ടമായ പെണ്ണിന്റെ അവസ്ഥയറിയാതെ സ്തന്യം നുകരാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം ഇത്ര ഹൃദയസ്പൃക്കായി മറ്റാര്‍ക്കു വരയ്ക്കുവാനാവും? നാട്ടിന്‍പുറത്തിന്റെ നഷ്ടപ്പെടുന്ന നന്മയെക്കുറിച്ചുള്ള ഹൃദയവ്യഥയാണ്:
'നഗരത്തിലെ ബസില്‍ കയറുവാന്‍
കാലുയര്‍ത്തി നില്‍ക്കുന്ന ഗ്രാമം' എന്ന വരികളില്‍.
ലാളിത്യത്തിന്റെ ലാവണ്യം
കൊച്ചുകുട്ടികള്‍ക്ക് പോലും അധികാരപൂര്‍വം സമീപിക്കാവുന്നത്ര വിനയാന്വിതനായ വ്യക്തിയായിരുന്നു അദ്ദേഹം എന്ന് കവികളായ ആലങ്കോട് ലീലാകൃഷ്ണനും റഫീഖ് അഹമ്മദും പറയാറുള്ളത് ഓര്‍ക്കുന്നു.
ലാളിത്യത്തിന്റെ ലാവണ്യം പ്രസരിപ്പിക്കുന്ന വരികളിലൂടെ അനുവാചകന്റെ മുന്നില്‍ അചുംബിതഭാവനയുടെ ഒരു മായാപ്രപഞ്ചം സൃഷ്ടിക്കുകയും ആ പ്രകാശപ്രചുരിമയില്‍ ജീവിതത്തിന്റെ തീക്ഷ്ണയാഥാര്‍ഥ്യങ്ങളെ കാണിച്ചുതരികയും ചെയ്ത കവിപ്രവരനാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. തന്റെ ജന്മശതാബ്ദിക്ക് ആറു വര്‍ഷം മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിന്റെ കരളലിയിക്കുന്ന തിരോധാനം. ഏറ്റവും ദുര്‍ഗ്രഹത കുറഞ്ഞ രീതിയില്‍ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി. തന്റെ ഒരു കൃതിയുടെ പേര് അഞ്ച് നാടന്‍ പാട്ടുകള്‍ എന്നാണ്. നാടന്‍ പാട്ടിന്റെ അനായാസകരമായ ഒഴുക്ക് നമുക്കത് വായിക്കുമ്പോള്‍ അനുഭവപ്പെടും. ഗാന്ധിയനായി ജീവിതയാത്ര തുടങ്ങിയ അക്കിത്തം ക്രമേണ കമ്മ്യൂണിസ്റ്റ് ആശയത്തില്‍ ആകൃഷ്ടനായി. ആ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ ആദ്യകാലത്ത് ഇ.എം.എസ്, വി.ടി ഭട്ടതിരിപ്പാട്, ഇടശ്ശേരി ഗോവിന്ദന്‍നായര്‍ എന്നിവര്‍ക്കൊക്കെ വലിയ പങ്കുണ്ട്. സായുധവിപ്ലവത്തെ സാധൂകരിക്കുന്ന 1948ലെ കല്‍ക്കത്താ തിസീസിന്റെ പിറവിയോടെയാണ് കഥാപുരുഷന്‍, കമ്മ്യൂണിസവുമായി അകന്ന് തുടങ്ങുന്നത്. അതിന് മുന്‍പ് ഇ.എം.എസിന്റെ സെക്രട്ടറിയായിപ്പോലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സഖാവിന്റെ ആത്മകഥാ രചനയില്‍ അക്കിത്തത്തിന്റെ സഹായമുണ്ടായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനവുമായി ചേര്‍ന്ന് നില്‍ക്കുമ്പോഴും ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ ബഹളം വയ്ക്കലിനെ, അതിന്റെ പൊള്ളയായ ഉള്ളിനെ കണക്കിന് വിമര്‍ശിച്ചിട്ടുണ്ട് പലപ്പോഴും അദ്ദേഹം.
'ഓരോ മാതിരി ചായം മുക്കിയ
കീറത്തുണിയുടെ വേദാന്തം'
എന്ന വരികള്‍ ഇതിന് നിദര്‍ശനമാണ്.
ബാല്യം, പഠനം
1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയില്‍ കുമരനെല്ലൂരായിരുന്നു, അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ഏവൂര്‍ മനക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി അദ്ദേഹത്തിന്റെ ജനനം. കുമരനെല്ലൂര്‍ സ്‌കൂളിലൂടെയാണ് അക്ഷരത്തിന്റെ നക്ഷത്ര വെളിച്ചത്തിലേക്ക് അദ്ദേഹം ആദ്യമായി കടന്നുചെന്നത്. (എം.ടി വാസുദേവന്‍ നായര്‍, അദ്ദേഹത്തിന്റെ രണ്ടുവര്‍ഷം ജൂനിയറായി ഇതേ സ്‌കൂളിലാണ് പഠിച്ചത്). ഉപനയനാനന്തരം പതിമൂന്നാം വയസുവരെ സംസ്‌കൃതം പഠിക്കുകയുണ്ടായി. പിന്നീട് കോഴിക്കോട് സാമൂതിരി കോളജില്‍ ചേര്‍ന്നെങ്കിലും ശാരീരികമായ അസ്‌ക്യതകള്‍ ഉണ്ടായിരുന്നതുകൊണ്ട് പഠനം തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൃശൂരില്‍ താമസിച്ച് നമ്പൂതിരി യോഗസഭയില്‍ പ്രവര്‍ത്തിച്ചു. ഉണ്ണി നമ്പൂതിരി മാസികയുടെ പ്രിന്ററും പബ്ലിഷറും യോഗക്ഷേമം പത്രത്തിന്റെ സഹപത്രാധിപരും ആയി കുറച്ചുകാലം അക്ഷരപാതയിലൂടെത്തന്നെ സഞ്ചരിക്കുകയുണ്ടായി. എട്ടാം വയസുമുതല്‍ കവിത എഴുതിത്തുടങ്ങിയിരുന്നു. അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്, കൂട്ടുകൃഷി എന്നീ നാടകങ്ങളില്‍ അഭിനേതാവായും കഴിവ് തെളിയിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ദേശീയ പ്രസ്ഥാനത്തിലാകൃഷ്ടനായ അദ്ദേഹം മംഗളം, യോഗക്ഷേമം എന്നീ മാസികകളിലും ജോലി നോക്കിയിട്ടുണ്ട്. 1946 മുതല്‍ നാലു വര്‍ഷം. 1949 ലായിരുന്നു കവി വിവാഹിതനായത്. വധു ശ്രീദേവി അന്തര്‍ജ്ജനം. ആ ദാമ്പത്യത്തില്‍ പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍ എന്നിവര്‍ ജനിച്ചു. ആദൃശ്ശേരി മനയിലെ വിക്രമന്‍ നമ്പൂതിരി, മനീഷ, ഉണ്ണികൃഷ്ണന്‍, നാരായണന്‍ ഏക്കാട്ടി മന, ബിന്ദു, സുബ്രഹ്മണ്യന്‍ നമ്പൂതിരി, (കാവുട്ടി മന) എന്നിവര്‍ മരുമക്കളായി.
പൊന്നാനിക്കളരിയില്‍
അക്കിത്തത്തിന്റെ ജീവചരിത്രം തയ്യാറാക്കിയ വടക്കുമ്പാട്ട് നാരായണന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളെല്ലാം ചേതോഹരമായി ചിത്രപ്പെടുത്തിയിട്ടുണ്ട്.
മതേതര മാനവികതയിലേക്ക് പരിണതപ്രജ്ഞനായ ഈ കവിയെ നയിച്ചത് ഒരുപാട് ചരിത്ര പാരമ്പര്യമുള്ള പൊന്നാനി പ്രദേശമായിരുന്നു. പൊന്നാനിക്കളരിയിലെ സ്‌നേഹത്തിന്റെ പയറ്റുമുറകളിലൂടെ, വി.ടി ഭട്ടതിരിപ്പാട്, ഉറൂബ്, ഇടശ്ശേരി, ഗോവിന്ദന്‍ നായര്‍, എം. ഗോവിന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്‍ എന്നിവരുടെ സഹവര്‍ത്തിത്വത്തില്‍ സ്‌നേഹത്തിന്റെ നവ്യലോകത്തിലേക്ക് വഴികാട്ടുവാന്‍ അക്കിത്തത്തിനു സാധിച്ചു.
സഹോദരന്‍ അക്കിത്തം നാരായണനും മകന്‍ അക്കിത്തം വാസുദേവനുമാണ് ചിത്രകലയിലാണെങ്കിലും അദ്ദേഹത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിച്ചത്.
കോഴിക്കോടന്‍ ജീവിതം
1956 ല്‍ തന്റെ മുപ്പതാം വയസിലാണ് കഥാനായകന്‍ കോഴിക്കോട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നത്. ഒരുപാട് പ്രതിഭകള്‍ക്ക് അവസരം നല്‍കിയതില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സാഹിത്യരംഗത്തെ കുലപതികളായ എന്‍.എന്‍ കക്കാട്, ഉറൂബ്, തിക്കോടിയന്‍, കെ.എ കൊടുങ്ങല്ലൂര്‍, വിനയന്‍, കെ. രാഘവന്‍ മാസ്റ്റര്‍, യു.എ ഖാദര്‍, പി.പി ശ്രീധരനുണ്ണി എന്നിവര്‍ക്കും പങ്കുണ്ട്. ആര്‍. രാമചന്ദ്രന്‍, എന്‍.പി മുഹമ്മദ്, എം.ജി.എസ് നാരായണന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, എം.വി ദേവന്‍, ഡോ. എം.എന്‍ കാരശ്ശേരി എന്നിവരുമായെല്ലാമുള്ള ഹൃദയബന്ധം സത്യത്തിന്റെ നഗരമായ കോഴിക്കോടിന് ഒരുപാട് സര്‍ഗ സായാഹ്നങ്ങള്‍ സമ്മാനിച്ചിരുന്നു. ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹത്തിലായിരുന്നു അക്കാലത്ത് അക്കിത്തം താമസിച്ചിരുന്നത്. 1985 ല്‍ തൃശൂര്‍ ആകാശവാണിയില്‍ എഡിറ്ററായിരിക്കെയാണ് അക്കിത്തം വിരമിച്ചത്. അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കവി എന്‍.വി കൃഷ്ണവാര്യരുമായുള്ള ഊഷ്മളസൗഹൃദം കാരണം അദ്ദേഹത്തിന്റെ ആദ്യ കവിതകളില്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടത് ഈ വാരികയിലാണ്. ഗുരുവായൂരപ്പന്‍ കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍, കരതലാമലകം എന്ന ഗ്രന്ഥം, പാഠപുസ്തകമായിരുന്നുവെന്ന് അന്നവിടെ വിദ്യാര്‍ഥിയായിരുന്ന ഡോ. എം.എന്‍ കാരശ്ശേരി ഓര്‍ക്കുന്നു.
രചനാ വൈഭവം
മധുവിധുവിനു ശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളികള്‍, മന:സാക്ഷിയുടെ പൂക്കള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരഗാനം, സഞ്ചാരികള്‍ എന്നീ കവിതാ സമാഹാരങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ദേശസേവിക, സാഗരസംഗീതം എന്നീ ഖണ്ഡകാവ്യങ്ങളും ഒരുകുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിത്തൊട്ടില്‍ എന്നീ ബാലസാഹിത്യകൃതികളും കടമ്പിന്‍ പൂക്കള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും ഈ ഏടത്തി നുണയേ പറയൂ എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖനസമാഹരങ്ങളുമടക്കം അന്‍പതോളം കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. സംസ്‌കൃതത്തില്‍ അവഗാഹമുള്ള അദ്ദേഹം സംസ്‌കൃത മലയാള നിഘണ്ടുവിന്റെ കര്‍ത്താവാണ്. ഭാഗവതം ഭാഷാന്തരം ചെയ്യുകവഴി കേരളീയ നവോത്ഥാനത്തിന്റെ ഭാഗമാകാനും നിസ്തുലനായ ഈ കവിക്ക് കഴിഞ്ഞു.
ചങ്ങമ്പുഴയും അക്കിത്തവും
പലരും ചങ്ങമ്പുഴയുടെ പാത പിന്തുടര്‍ന്ന സമയത്താണ് വേറിട്ടൊരു വഴിയിലൂടെ അക്കിത്തം തന്റെ കവിതയെ നയിച്ചത്. എങ്കിലും അദ്ദേഹവുമായി സൗഹൃദവും കത്തിടപാടുകളുമുണ്ടായിരുന്ന കാര്യം കഥാനായകന്‍ എടുത്തുപറയുന്നുണ്ട്. ചങ്ങമ്പുഴയെപ്പറ്റി ഒരു കാവ്യവും അദ്ദേഹം രചിക്കുകയുണ്ടായി. കവിതയെപ്പറ്റിയുള്ള തന്റെ ഒരു കമന്റ് 'വൃത്തം നല്ലതാണ് എന്നാല്‍ അര്‍ഥം വേണം' എന്നാണ്. വാക്കുകളുടെ വരപ്രസാദത്തിലൂടെ, കാവ്യാംഗനയെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ജ്ഞാനപീഠത്തില്‍
തന്റെ സര്‍ഗസപര്യക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു ജ്ഞാനപീഠ പുരസ്‌കാരം. അന്‍പത്തഞ്ചാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണ് അക്കിത്തത്തെ തേടിവന്നത്. ഈ പരമോന്നത ബഹുമതി ലഭിക്കുന്ന ആറാമത്തെ മലയാളിയാണീ കവി. ജീവിതത്തില്‍ തൊണ്ണൂറ്റിമൂന്നു വര്‍ഷവും എട്ടു മാസവും പതിനൊന്നു ദിവസവും പിന്നിട്ടപ്പോഴായിരുന്നു ഈ ബഹുമതി.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയരക്ടര്‍, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അക്കിത്തം, തപസ്യയുടെ സാരഥിയായത് മതനിരപേക്ഷതയെ നെഞ്ചേറ്റുന്ന പലരെയും ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ജ്ഞാനപ്പാന, ഓടക്കുഴല്‍, ആശാന്‍, വള്ളത്തോള്‍, വയലാര്‍ പുരസ്‌കാരങ്ങളും ജ്ഞാനപീഠം അവാര്‍ഡിനര്‍ഹമായ ഈ കവിയുടെ തൊപ്പിയിലെ തൂവലുകളായിരുന്നു. 2017 ല്‍ പത്മശ്രീ പുരസ്‌കാരവും അദ്ദേഹത്തെ തേടിവരികയുണ്ടായി.
'വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം'
എന്ന വരികള്‍ നമ്മോടൊരുപാട് യാഥാര്‍ഥ്യങ്ങള്‍ പറയുന്നുണ്ട്. കാരണം പ്രകാശത്തിലേ പലരും മറച്ചുവയ്ക്കുന്ന ക്രൂരതകള്‍ നമ്മുടെ കണ്ണില്‍പ്പെടൂ. അന്ധകാരത്തിന്റെ മറവില്‍ നൊമ്പരപ്പെടുത്തുന്ന പലതും നമുക്കു കാണാതിരിക്കാം. ഇങ്ങനെയൊരു സത്യം ഇത്ര ചേതോഹരമായി പറഞ്ഞുകൊണ്ടദ്ദേഹം നമ്മുടെ കണ്ണുതുറപ്പിക്കുന്നു.
ഈ വരികളെ തമാശയായി കണ്ട ഒരു സ്‌നേഹിതനെ ഈ അവസരത്തില്‍ ഓര്‍ത്തുപോവുകയാണ്. വൈദ്യുതി ബില്ലിലെ വന്‍ തുക കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: 'വെളിച്ചം ദു:ഖമാണുണ്ണീ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."