സഹാറന്‍പൂരില്‍ അശാന്തി പടരുന്നു; ദലിത് റാലിക്ക് അനുമതി നിഷേധിച്ചു
ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ദലിത് വിഭാഗം നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് പൊലിസ് അനുമതി നിഷേധിച്ചു.
സവര്‍ണരും അവര്‍ണരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രദേശത്ത് ഇപ്പോഴും അശാന്തി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദലിതുകള്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് സമ്മേളനത്തിന് പൊലിസ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ തങ്ങള്‍ക്കു നേരിട്ട നഷ്ടങ്ങള്‍ക്ക് ധനസഹായം ആവശ്യപ്പെട്ടാണ് ഇന്നലെ മഹാപഞ്ചായത്ത് നടത്താന്‍ തീരുമാനിച്ചത്.
അതേസമയം സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തി രണ്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സഹാറന്‍പൂര്‍ പൊലിസ് സൂപ്രണ്ടുമാരായ സഞ്ജയ് സിങ് (സിറ്റി), റഫീഖ് അഹമ്മദ്(റൂറല്‍) എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഉന്നത ജാതിക്കാരായ താക്കൂര്‍ വിഭാഗത്തിലെ 25ഓളം വരുന്ന യുവാക്കള്‍ രജപുത്ര രാജാവായിരുന്ന മഹാറാണാ പ്രതാപിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഘോഷയാത്രയായി വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബദ്ഗാവ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ശബരിപൂര്‍ ഗ്രാമത്തിലേക്ക് വാദ്യഘോഷങ്ങളോടെ യാത്ര നടത്തിയ സംഘം സിംലാനാ ഗ്രാമത്തിലെത്തിയപ്പോഴാണ് ബഹളം അസഹനീയമെന്ന് ആരോപിച്ച് ദലിത് സമുദായക്കാര്‍ തടയാന്‍ ശ്രമിച്ചത്. ഇത് സംഘര്‍ഷത്തിലേക്ക് എത്തുകയും ഒരാളുടെ ജീവന്‍ അപഹരിക്കുകയും പൊലിസ് ഉദ്യോഗസ്ഥരടക്കം 20ഓളം പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയത്. പൊലിസ് വാഹനംഉള്‍പ്പെടെനിരവധി വാഹനങ്ങള്‍ , പൊലിസ് ഔട്ട്‌പോസ്റ്റ് എന്നിവയടക്കം അഗ്നിക്കിരയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."