തിരുവനന്തപുരം വഴി കടത്തിയത് മുന്നൂറ് കിലോയോളം സ്വര്‍ണം
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍. ഒന്നര വര്‍ഷത്തിനിടെ നിരവധി സ്ത്രീകളെ സ്വര്‍ണക്കടത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും കുറഞ്ഞത് മുന്നൂറ് കിലോ സ്വര്‍ണമെങ്കിലും കടത്തിയിട്ടുണ്ടാകാമെന്നും അധികൃതര്‍ പറയുന്നു.
അതിനിടെ സ്വര്‍ണക്കടത്തിലെ ഇടനിലക്കാരില്‍ ഒരാളെ ഡി.ആര്.ഐ സംഘം ഇന്നലെ പിടികൂടി. ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ അഭിഭാഷകനായ ബിജു പ്രകാശ് തമ്പിക്ക് സ്വര്‍ണം കൈമാറുകയും ഇയാള്‍ അത് ജ്വല്ലറി ഉടമയായ അബ്ദുല്‍ഹക്കീമിന് എത്തിക്കുകയാണ് പതിവെന്നും ഡി.ആര്.ഐ വൃത്തങ്ങള്‍ പറയുന്നു. പലപ്പോഴായി വിദേശയാത്ര നടത്തിയിട്ടുള്ള പ്രകാശ് തമ്പി 25കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു ഇടനിലക്കാരന് വിഷ്ണു, തിരുവനന്തപുരത്തെ അഭിഭാഷകന് ബിജു, ജ്വല്ലറി ഉടമ അബ്ദുല്‍ഹക്കീം എന്നിവരാണ് സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനികളില്‍ ഇനി പിടിയിലാകാനുള്ളത്. അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയും സ്വര്‍ണവുമായി പിടിയിലായി സെറീന ഷാജിയെയും കൂടാതെ ആറ് സ്ത്രീകളെക്കൂടി സ്വര്‍ണക്കടത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതില്‍ സെറീന 50 കിലോയും വിനീത 20 കിലോയും സ്വര്‍ണം കടത്തിയിട്ടുണ്ട്. മറ്റുള്ള ആറ് സ്ത്രീകളും ആറ് മാസത്തിനിടെ നാല് തവണ വീതം ദുബൈയിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ടിനെ കൂടാതെ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."