കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ; പരസ്പരം ആരോപണങ്ങളുമായി ഇന്ത്യയും പാകിസ്താനും
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്കു വിധിച്ച നടപടി രാജ്യാന്തര കോടതി സ്‌റ്റേചെയ്തതിനു പിന്നാലെ ഇതേചൊല്ലി ഇരുരാജ്യങ്ങളും പരസ്പരാരോപണങ്ങളുമായി രംഗത്ത്. ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ച് ഹേഗിലെ രാജ്യാന്തര കോടതി ജാദവിന്റെ വധശിക്ഷ സ്‌റ്റേചെയ്തത്.
ബലൂചിസ്ഥാനില്‍ ഇന്ത്യ നടത്തിവരുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാജ്യാന്തര കോടതിയെ അവര്‍ സമീപിച്ചതെന്ന് പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ആരോപിച്ചു. രാജ്യസുരക്ഷയ്‌ക്കെതിരായ കുറ്റത്തിനാണ് ജാദവിനെ ശിക്ഷിക്കുന്നതെന്നും ആസിഫ് പറഞ്ഞു. വധശിക്ഷ സ്റ്റേചെയ്‌തെന്ന ഇന്ത്യന്‍ മാധ്യമങ്ങളിലെ വാര്‍ത്ത പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല. പ്രമുഖ പാക് മാധ്യമങ്ങളായ ജിയോ ടി.വി, എക്‌സ്പ്രസ് ട്രിബൂണ്‍, ഡോണ്‍ എന്നിവയിലൊന്നും വധശിക്ഷ സ്‌റ്റേചെയ്തതു സംബന്ധിച്ചു പരാമര്‍ശമില്ല. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ കോടതിക്കു കത്തുനല്‍കിയെന്നാണ് പാക് മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള കേസില്‍ ഒരുകക്ഷിയുടെ ഹരജി പരിഗണിച്ച് രാജ്യാന്തര കോടതി തീരുമാനമെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ പൗരന്‍മാരുടെ താല്‍പര്യം മാനിച്ചും പൗരനെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെയുമാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്്‌ലേ പറഞ്ഞു. പാകിസ്താന്‍ നിയമവിരുദ്ധമായി തടങ്കലില്‍ വച്ച തങ്ങളുടെ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ നിയമപരമായ നീക്കമല്ലാതെ മറ്റൊരു സാധ്യത ഇന്ത്യയുടെ മുമ്പിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജാദവിന് ഏതെങ്കിലും വിധത്തിലുള്ള നിയമസഹായം നല്‍കരുതെന്ന് പാക് അഭിഭാഷക അസോസിയേഷനുകള്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാദവിനു വേണ്ടി കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ലാഹോര്‍ ഹൈക്കോടതി പ്രസ്താവനയിറക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ നിയമസഹായത്തിന് ശ്രമിക്കാന്‍ ജാദവിനു കഴിയാതെ വന്നു. വധശിക്ഷയ്‌ക്കെതിരായി പാക് സുപ്രിംകോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ അവിടെ നിന്ന് സുതാര്യമായ വിചാരണയും നീതിയും ലഭിക്കാനുള്ള സാധ്യത വിരളമാണ്.
വിദേശകാര്യമന്ത്രാലയം മുഖേന 16 തവണയാണ് ജാദവിന്റെ കേസുമായി ബന്ധപ്പെട്ട നടപടികള്‍ നീക്കാനായി ഇന്ത്യ അപേക്ഷിച്ചത്. എല്ലാ തവണയും അപേക്ഷ നിരസിക്കപ്പെട്ടു. വധശിക്ഷയ്‌ക്കെതിരേ ജാദവിന്റെ ബന്ധുക്കള്‍ നല്‍കിയ ഹരജിയുടെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള വിവരം ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് രാജ്യാന്തര കോടതിയെ സമീപിച്ചതെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. വധശിക്ഷ നടപ്പാക്കരുതെന്നും ജാദവിനെ തടവില്‍ വച്ചിരിക്കുന്നത് വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നും ഇന്ത്യ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുതാര്യമായ വിചാരണ നടത്താതെയാണ് പാകിസ്താന്‍ ശിക്ഷ പ്രഖ്യാപിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്നു.
അതേസമയം, വധശിക്ഷ സംബന്ധിച്ചു ഹേഗിലെ രാജ്യാന്തര കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും. ഇന്ത്യയിലെ മുതിര്‍ന്ന അഭിഭാഷകരിലൊരാളായ ഹരീഷ് സാല്‍വെയാവും ജാദവിനു വേണ്ടി രാജ്യാന്തര കോടതിയില്‍ ഹാജരാവുക. തിങ്കളാഴ്ച ഇരുരാജ്യങ്ങളും അവരവരുടെ വാദങ്ങള്‍ കോടതി മുമ്പാകെ ഉന്നയിക്കുകയാവും ചെയ്യുക.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സംഘര്‍ഷഭരിതമായ ബലൂചിസ്താനില്‍ നിന്നാണ് ജാദവ് പിടിയിലായത്. ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡറായി വിരമിച്ച കുല്‍ഭൂഷണ്‍ ജാദവ് എന്ന ഹുസൈന്‍ മുബാറക് പട്ടേലിനെ കഴിഞ്ഞമാസമാണ് പാക് പട്ടാളകോടതി വധശിക്ഷയ്ക്കു വിധിച്ചത്. ബലൂചിസ്താനില്‍ ഇന്ത്യയുടെ വിദേശചാരസംഘടനയായ റോയുടെ ചാരനായി പ്രവര്‍ത്തിച്ച് മേഖലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ജാദവിനെതിരായ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."