കലശലായ നടുവേദനയെന്ന് ശിവശങ്കര്‍; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍, ആശുപത്രിയില്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍.
അതിനിടെ ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും. മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലറിഞ്ഞ ശേഷമേ കസ്റ്റംസ് തുടര്‍ നടപടി ആലോചിക്കൂ. തനിക്ക് കടുത്ത നടുവേദനയുണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നത്. ഇന്നും അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയമാക്കിയേക്കും.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഐസിയുവില്‍ തുടരുകയാണ് അദ്ദേഹം. ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. നട്ടെല്ലിന് വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസിന്റെ കൂടി ആവശ്യപ്രകാരം അദ്ദേഹത്തെ സ്‌കാനിങ്ങിന് വിധേയനാക്കുന്നത്.
ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹരജി നല്‍കുക. തലസ്ഥാനത്തുളള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹരജി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കൊണ്ടുപോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസില്‍ ശിവശങ്കറിനെതിരെ നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."