സര്‍ക്കാര്‍ സഹായം കടലാസില്‍ മാത്രം; ഓഖിയില്‍ വീടുകള്‍ തകര്‍ന്ന 15 കുടുംബങ്ങള്‍ പെരുവഴിയില്‍
പൊന്നാനി: ഓഖിയില്‍ എല്ലാം തകര്‍ന്ന് ഒന്‍പത് മാസം പിന്നിട്ടിട്ടം തലചായ്ക്കാനിടമില്ലാതെ 15 കുടുംബങ്ങള്‍ കനത്ത ദുരിതത്തില്‍. പൊന്നാനി എം.ഇ.എസ് സ്കൂളിനടുത്തുള്ള 15 ഓളം കുടുംബങ്ങളാണ് സര്‍ക്കാര്‍ അവഗണനയില്‍ ദുരിതത്തില്‍ കഴിയുന്നത്. നഷ്ടപരിഹാരം ലഭിക്കുമെന്നും പുനരധിവാസം വേഗത്തില്‍ ഉറപ്പാക്കുമെന്നും സ്പീക്കര്‍ അടക്കമുള്ളവര്‍ പറഞ്ഞു എന്നല്ലാതെ ഒന്നും ഉണ്ടായില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്കി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് വീട് നഷ്ടപ്പെട്ട ആയിഷയുടെ പ്രതികരണം. ഓഖി ദുരന്തത്തിലാണ് ഇവരുടെ വീടുകള്‍ നഷ്ടമായത്.കഴിഞ്ഞ ഒന്‍പതുമാസമായി ഈ മത്സ്യത്തൊഴിലാളികള്‍ വാടകവീടുകളില്‍ കഴിയുകയാണ്. വാടക നല്കാന് കഴിയാത്തതിനാല്‍ പലരും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍. 15 കുടുംബങ്ങളാണ് സര്‍ക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് വീട് തകര്‍ന്നതിന് നേരത്തെ നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. സ്വന്തമായി ഒരു വീടിനായി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി കടലില്‍ നിന്ന് ആവശ്യത്തിന് മത്സ്യവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഓഖിയില്‍ വീടുകള്‍ തകര്‍ന്നതിന് ശേഷം പലരും ബന്ധുവീടുകളിലാണ് അഭയം തേടിയത്. സര്‍ക്കാരില്‍നിന്നു ലഭിച്ച തുച്ഛമായ ധനസഹായം ഒന്നിനും തികഞ്ഞില്ലെന്നാണ് ദുരിതബാധിതരിലൊരാളായ മുഹമ്മദ് കോയ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."