മിനിമം ഗുണനിലവാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍; മെഡിക്കല്‍ ലാബുകളില്‍ വന്‍ പ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ ലാബുകള്‍ക്ക് മിനിമം ഗുണനിലവാരം നിശ്ചയിക്കാനുള്ള കരട് രൂപവുമായി സര്‍ക്കാര്‍. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന്റെ ഭാഗമായുള്ള കരടില്‍ നിലവിലെ സ്വകാര്യലാബുകളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി നിര്‍ദേശങ്ങളാണ് അടങ്ങിയിട്ടുള്ളത്. കരട് ബില്ലിന്‍മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അടുത്തമാസം 14നുള്ളില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സിലിനെ അറിയിക്കണം.
ലാബുകളെ ലവല്‍ 1, 2, 3 എന്നിങ്ങനെ തരംതിരിച്ച് ഓരോന്നിനും പ്രത്യേകം അടിസ്ഥാന സൗകര്യങ്ങളാണ് കരടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഓരോ ലാബിനും കുറഞ്ഞ സ്ഥലപരിധി എന്നതാണ് പ്രധാന നിര്‍ദേശം. ലവല്‍ ഒന്നിലുള്ള ലാബുകള്‍ പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 500 ചതുരശ്ര അടി സ്ഥലം വേണമെന്നാണ് നിബന്ധന. ലെവല്‍ രണ്ടില്‍ 1500, മൂന്നില്‍ 2000 ചതുരശ്ര അടിയുമാണ് കുറഞ്ഞ സ്ഥലപരിധി.
എല്ലാ ലാബുകളിലും വെയ്റ്റിങ് ഏരിയ, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ടോയിലറ്റ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമാണ്. സാധാരണ രക്ത പരിശോധനകളാണ് ആദ്യ ലവലിലുള്ള ലാബുകളില്‍ അനുവദിച്ചിട്ടുള്ളത്. സി.ബി.സി, പ്രമേഹം, കൊളസ്‌ട്രോള്‍, യൂറിയ, ക്രിയാറ്റിനില്‍ തുടങ്ങിയവയാണ് ഇവിടെ പരിശോധിക്കാനാവുക. ഈ ലാബുകളില്‍ കുറഞ്ഞ സ്ഥലപരിധി 500 അടിയാക്കി നിശ്ചയിച്ചാല്‍ നിലവിലുള്ള ലാബുകാര്‍ക്ക് തിരിച്ചടിയാവും.
കേരളത്തിലെ 90 ശതമാനം സ്വകാര്യലാബുകളും ഈ വിഭാഗത്തിലുള്ളവയാണ്. 150 മുതല്‍ 200 ചതുരശ്ര അടി സ്ഥലത്താണ് മിക്ക ലാബുകളും പ്രവര്‍ത്തിക്കുന്നത്. 500 അടിയെന്ന കരട് നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ ഇത്തരത്തിലുള്ള 5,000 ത്തിലധികം ലാബുകള്‍ പൂട്ടേണ്ടി വരും.
ലവല്‍ രണ്ടില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ ഉണ്ടാവണമെന്നും കരടില്‍ നിര്‍ദേശമുണ്ട്. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ലിപിഡ് പ്രൊഫൈല്‍, എച്ച്.ബി എ1സി, സോഡിയം, കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ പരിശോധനകളാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.
പി.ജി യോഗ്യതയുള്ള ടെക്‌നീഷ്യന്‍മാര്‍ വേണമെന്നും നിര്‍ദേശമുണ്ട്. ഇതൊക്കെ പ്രാവര്‍ത്തികമാക്കുമ്പോള്‍ നിലവില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാവുന്ന രോഗ പരിശോധനകള്‍ സാധാരണ ജനങ്ങള്‍ക്ക് അന്യമാവും.
ലെവല്‍ മൂന്നില്‍ ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളെല്ലാം വേണമെന്നും കരടിലുണ്ട്. വന്‍ സൗകര്യങ്ങളുള്ള ഇത്തരം ലാബുകള്‍ക്ക് സംസ്ഥാനത്ത് എവിടെ വേണമെങ്കിലും സാമ്പിള്‍ കലക്ഷന്‍ സെന്ററുകള്‍ തുടങ്ങാം.
എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനും ചികിത്സാ ചെലവ് വര്‍ധിപ്പിക്കുന്നതിനും കാരണമാവുമെന്ന് കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസും, സെക്രട്ടറി കെ.എന്‍ ഗിരീഷും സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."