ഖത്തറില്‍ തൊഴിലാളികള്‍ക്ക് സംശയനിവാരണവുമായി മന്ത്രാലയം
ദോഹ: രാജ്യത്തെ തൊഴിലാളികളുടെ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടിയായി ഭരണവികസന തൊഴില്‍ സാമൂഹിക മന്ത്രാലയം ട്വിറ്ററില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റസിഡന്‍സ് പെര്‍മിറ്റ് കാലാവധി നീട്ടല്‍, പരാതികള്‍ സമര്‍പ്പിക്കേണ്ട സ്ഥലം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, നഷ്ടപ്പെട്ട പെര്‍മിറ്റ് തിരികെ ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ട രൂപം, വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ, വര്‍ക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യേണ്ട രീതി തുടങ്ങിയ നിരവധി സംശയങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രാലയം ട്വിറ്ററില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്.
തൊഴില്‍ മന്ത്രാലയ ആസ്ഥാനത്തെ 20 നിലയിലുള്ള ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്തേക്ക് നേരിട്ട് ചെന്ന് തൊഴിലാളികള്‍ക്ക് പരാതി സമര്‍പ്പിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 13ലുള്ള ബ്രാഞ്ചിലും തൊഴിലാളികള്‍ക്ക് പരാതികള്‍ നല്‍കാവുന്നതാണ്. തൊഴിലാളികളുടെ റസിഡന്‍സ് പെര്‍മിറ്റ് കാലാവധി നീട്ടുന്നതിനുള്ള സേവന അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിന് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നിരന്തരം പിന്തുടരണമെന്ന് കമ്പനികളെ തൊഴില്‍ മന്ത്രാലയം ഓര്‍മപ്പെടുത്തി.
റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനുദ്ദേശിക്കുന്ന തൊഴിലാളിയുടെ ഐ.ഡി നമ്പര്‍ 92727 എന്ന നമ്പറിലേക്ക് കമ്പനികള്‍ എസ്.എം.എസ് ചെയ്യണം. അപേക്ഷ സ്വീകരിച്ചതായുള്ള മറുപടി മന്ത്രാലയത്തില്‍നിന്ന് ഉടനെ ലഭിക്കുമെന്ന് മന്ത്രാലയം കമ്പനികളെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."