പെരുന്നാള്‍ ആഘോഷം ആനവണ്ടിയിലാകും
മലപ്പുറം: സംസ്ഥാനത്ത് കെ.എസ്.ആര്‍.സി ജീവനക്കാര്‍ക്ക് അവധി വിലക്ക്. മെയ് 25 മുതല്‍ ജൂണ്‍ 15 വരെ അനുവദിച്ച മുഴുവന്‍ അവധികളും റദ്ദ് ചെയ്തു. കൂടാതെ പെരുന്നാളിന് പ്രത്യേകം അധിക അവധി നല്‍കേണ്ടതില്ലെന്നുമാണ് തീരുമാനം. പ്രത്യേക ആവശ്യങ്ങള്‍ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും അപേക്ഷ നല്‍കിയവര്‍ക്ക് സര്‍വിസ് തടസപ്പെടാത്ത രീതിയില്‍ ലീവ് അനുവദിച്ചിരുന്നു. ഇത്തരത്തില്‍ അനുവദിച്ച അവധിയാണ് ചീഫ് ഓഫിസില്‍ നിന്നുള്ള ഉത്തരവു പ്രകാരം യൂനിറ്റുകളില്‍ ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫിസര്‍മാര്‍ റദ്ദ് ചെയ്തിരിക്കുന്നത്്.
ഉത്സവ സീസണുകളില്‍ അതത് വിഭാഗക്കാര്‍ക്ക് അധിക അവധി അനുവധിക്കാറുണ്ട്്. ഒരോ ഡിപ്പോകളിലും നോട്ടിസ് മുഖാന്തരം അപേക്ഷ ക്ഷണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയാണ് ഇത്തരത്തില്‍ കാലങ്ങളായി അവധി നല്‍കിയിരുന്നത്്. എന്നാല്‍ പെരുന്നാള്‍ പ്രമാണിച്ച് അധിക ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇതുകാരണം സ്വന്തം ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാരുടെ പെരുന്നാള്‍ ആഘോഷം ആനവണ്ടിയിലാകും. എം പാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ട ശേഷം പി.എസ്.സി വഴി നിയമനം ലഭിച്ചവരെയാണ് അവധി അനുവദിക്കാത്തത്് കൂടുതല്‍ ബാധിക്കുക. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തം ജില്ലയ്ക്ക് പുറത്താണ് നിയമനം ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലക്കാരെ കാസര്‍കോട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയമിച്ചത്. വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് തെക്കന്‍ ജില്ലകളിലുമാണ് നിയമനം. ഒരു ദിവസത്തെ പൊതുഅവധി മാത്രം കൊണ്ട് ഇത്തരം ജീവനക്കാര്‍ക്ക് സ്വന്തം നാട്ടിലെത്തി പെരുന്നാള്‍ ആഘോഷിക്കാനാകില്ല. വനിതകള്‍ ഉള്‍പ്പെടെയുള്ള ഓപറേറ്റിങ് വിഭാഗം ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന തീരുമാനത്തിനെതിരേ ഇതിനകം തന്നെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്്.
ഓപറേറ്റിങ് വിഭാഗം ജീവനക്കാര്‍ പ്രതിവാര ഓഫ് ഒരുമിച്ചെടുക്കുന്നതിന് മാര്‍ച്ച് മുതല്‍ കെ.എസ്.ആര്‍.ടി.സി നിയന്ത്രണം വരുത്തിയിരുന്നു. രണ്ടു ദിവസത്തിലധികം അവധി വേണമെങ്കില്‍ മേഖലാ ഓഫിസറുടെ അനുമതി വേണമെന്നായിരുന്നു നിര്‍ദേശം. ആഴ്ചയിലെ അവധി ഒരു മാസം കൂടുമ്പോള്‍ ഒന്നിച്ചെടുത്താണ് ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ജീവനക്കാര്‍ വീടുകളില്‍ പോയിരുന്നത്. നേരത്തേ യൂനിറ്റ് ഓഫിസര്‍മാരാണ് അവധി അനുവദിച്ചിരുന്നത്. ഇതിന് നിയന്ത്രണം വന്നതിനു പിന്നാലെയാണ് മെയ് 25 മുതല്‍ ജൂണ്‍ 15 വരെയുള്ള അവധികളെല്ലാം റദ്ദാക്കിയത്്. കൂടാതെ പെരുന്നാളിന് പ്രത്യേക ലീവ് അപേക്ഷകളും സ്വീകരിക്കാത്തത്്. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാലാണ് ഇത്തരത്തില്‍ അവധി റദ്ദാക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."