പൊലിസ് ആക്ടിലടക്കം ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ പൊലിസ് ആക്ടിലടക്കം ഭേദഗതി കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്ന പൊലിസ് ആക്ടിലെ വ്യവസ്ഥമൂലം നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്ന ബി.എസ് ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊതുഗതാഗതം ശക്തിപ്പെടുത്തി അപകടം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രനും മറുപടി നല്‍കി. കെ.എസ്.ആര്‍.ടി.സിയെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും. ശാഠ്യത്തിന് വഴങ്ങി മക്കള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് നിരുത്സാഹപ്പെടുത്തണം. അപകടത്തില്‍പ്പെടുന്നതിലേറെയും 25 വയസിന് താഴെയുള്ളവരാണ്. റോഡ് നിയമലംഘനം കര്‍ശനമായി നേരിടും. ഇത്തരത്തില്‍ പിടികൂടുന്നവരെ രക്ഷിക്കാന്‍ രംഗത്തിറങ്ങാതിരിക്കാന്‍ ജനപ്രതിനിധികളും ശ്രദ്ധിക്കണം. ഹെല്‍മെറ്റ് ധരിക്കുന്നതിനുള്ള പ്രചാരണത്തിന് യുവജന സംഘടനകള്‍ രംഗത്തുവരണം.
ശബരിമല സുരക്ഷാ മേഖലാ പദ്ധതി മാതൃകയില്‍ സുരക്ഷിത കേരളം (സെയ്ഫ് കേരള) പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 81 സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കും എല്ലായിടത്തും എത്താനായിട്ടില്ല. പൊലിസ് ആക്ടിലെ വ്യവസ്ഥകള്‍ എന്തുതന്നെ ആയാലും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."