രണ്ടു മണിക്കൂര്‍ കൊണ്ട് 2.85 കോടിയുടെ സ്നേഹം നല്‍കി തിരുവനന്തപുരം
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി തിരുവനന്തപുരം താലൂക്ക് രണ്ടു മണിക്കൂര്‍ കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 2.85 കോടി രൂപ. ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ധനസഹായ ശേഖരണയജ്ഞത്തിന് പിന്തുണയുമായി സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ ഒഴുകിയെത്തി.
തിരുവനന്തപുരം കോര്‍പ്പറേഷനാണ് ഏറ്റവുമധികം തുക സഹായമായി നല്‍കിയത്. 1.04 കോടിയുടെ ചെക്ക് മേയര്‍ വി.കെ പ്രശാന്ത് മന്ത്രിക്ക് കൈമാറി. തിരുവനന്തപുരം താലൂക്ക് 50 ലക്ഷവും കഠിനംകുളം ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപയും പോത്തന്‍കോട് ബ്ലോക്ക് 20.91 ലക്ഷം രൂപയും മംഗലപുരം ഗ്രാമപഞ്ചായത്ത് 17 ലക്ഷം രൂപയും പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് 15.70 ലക്ഷം രൂപയും മന്ത്രിക്ക് കൈമാറി.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമേ വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളും റസിഡന്റ്‌സ് അസോസിയേഷനുകളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമടക്കം അകമഴിഞ്ഞ് സഹായവുമായെത്തി.
ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, എ.ഡി.എം വി.ആര്‍ വിനോദ്, ഡെപ്യൂട്ടി കലക്ടര്‍ അനു എസ്. നായര്‍, തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കി.
ആയിഷ രചിച്ചത് സ്‌നേഹചരിതം
തിരുവനന്തപുരം: 19 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വിസിലെ നീക്കിയിരിപ്പിന്റെ ഒരു വിഹിതം ദുരിതബാധിതര്‍ക്കായി നല്‍കി ആയിഷ. പി.എഫ് നിക്ഷേപത്തിന്റെ പലിശയായ 96,000 രൂപയുടെ കൂടെ 4000 രൂപകൂടി ചേര്‍ത്ത് ഒരു ലക്ഷം രൂപ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയപ്പോള്‍ സദസ് ഒന്നടങ്കം ഹര്‍ഷാരവത്തോടെ ആദരവ് നല്‍കി. ആനയറ അല്‍-സബൂറില്‍ എച്ച്. നിസാറിന്റെ ഭാര്യ ബി. ആയിഷ തിരുവനന്തപുരം താലൂക്ക് ഓഫിസിലെ ക്ലര്‍ക്കാണ്.പി.എഫിന്റെ പലിശ പൊതുനന്മയ്ക്ക് ഉപയോഗിക്കണമെന്ന് നേരത്തെ തീരുമാനിച്ചതായി ആയിഷ പറഞ്ഞു. ദുരിതബാധിതര്‍ക്ക് സഹായം ചെയ്യേണ്ട സമയം ഇതാണെന്നും തുക ഫലപ്രദമായി വിനിയോഗിക്കപ്പെടുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."