ബഹ്‌റൈനിലെ ക്ലീനിംഗ് കമ്പനിയുടെ തൊഴിലാളി പീഢനം: ഇന്ത്യന്‍ എംബസി പ്രശ്‌നം പരിഹരിച്ചു
മനാമ: ബഹ്‌റൈനിലെ ക്ലീനിംഗ് കമ്പനിയുടെ പീഢനത്തിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ മൂലം പരിഹാരം കണ്ടു. ഇന്ത്യക്കാരായ തൊഴിലാളികളെ കൊണ്ട് കുറഞ്ഞ ശമ്പളത്തില്‍ അമിതജോലി ചെയ്യിപ്പിക്കുന്നതായും ഉച്ചവിശ്രമ സമയം പോലും അനുവദിക്കുന്നില്ലെന്നുമുള്ള പരാതി തൊഴിലാളികള്‍ തന്നെ നേരിട്ടെത്തി എംബസിയില്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ എംബസി ഇടപെട്ട് പരിഹാരം കണ്ടത്. സംഭവത്തില്‍ അസ്‌റിയയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി അധികൃതരെയും സ്‌പോണ്‍സറെയും കണ്ടാണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത്. ഇതിന്റെയടിസ്ഥാനത്തില്‍ നാട്ടില്‍ പോകാനാഗ്രഹിക്കുന്ന തൊഴിലാളികളെ വൈകാതെ നാട്ടില്‍ വിടാനും ധാരണയായിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ ആരംഭിക്കുന്ന ജോലി 12 മണിക്കൂറിലധികം നീണ്ടു നില്‍ക്കാറുണ്ടെന്ന് തൊഴിലാളികള്‍ എംബസിയെ ബോധിപ്പിച്ചു. മാത്രവുമല്ല, ബഹ്‌റൈനില്‍ നിലവിലുള്ള വേനല്‍ക്കാല പകല്‍ വിശ്രമവും തങ്ങള്‍ക്ക് ലഭിക്കാറില്ല. ജോലി ചെയ്യിക്കുന്നത് നിരോധിച്ചിരിക്കുന്ന ഉച്ചയ്ക്ക് 12 മുതല്‍ 4 വരെയുള്ള സമയങ്ങളില്‍ പോലും തങ്ങളെ കൊണ്ട് കഠിനമായി ജോലി ചെയ്യിക്കുന്നതായും തൊഴിലാളികള്‍ ആരോപിച്ചിരുന്നു.
ഇതിനിടെ ഓവര്‍ ടൈം അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ കമ്പനി ഉടമയെ സമീപിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. കുപിതനായ സ്‌പോണ്‍സര്‍ താമസസ്ഥലത്ത് നിന്നും ഇവരെ ഇറക്കിവിടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 75ഓളം തൊഴിലാളികള്‍ തിങ്കളാഴ്ച ഇന്ത്യന്‍ എംബസിയിലെത്തിയത്. എണ്ണ ടാങ്കുകള്‍ വൃത്തിയാക്കുന്നതടക്കമുള്ള കഠിന ജോലികളാണ് ഇവര്‍ ചെയ്തിരുന്നത്. പകരം വേതനമായി 70 ദിനാറും ഭക്ഷണത്തിനായി 10 ദിനാറുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. എങ്കിലും ഇതേക്കുറിച്ച് ഇവര്‍ ഇതുവരെ പരാതിപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്ന് എംബസി ഇടപെട്ട് ചര്‍ച്ച ചെയ്തതോടെയാണ് സ്‌പോണ്‍സര്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറായത്. എംബസി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."