മക്ക ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും
മക്ക: സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത അടിയന്തര അറബ് ഉച്ചകോടിയടക്കം മൂന്നു ഉച്ചകോടികള്‍ക്ക് ഇന്ന് മുതല്‍ മക്കയില്‍ തുടക്കമാകും. ഇന്നും നാളെയുമായാണ് (30, 31) മൂന്നു ഉച്ചകോടികള്‍ അരങ്ങേറുന്നത്.
ഇറാനയുമായുള്ള സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ സഊദിയുടെ രണ്ടു എണ്ണക്കപ്പലുകള്‍ക്ക് നേരെയും സഊദി അരാംകോ എണ്ണ പമ്പിങ് കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ സഊദി ഭരണാധികാരി വിളിച്ചു ചേര്‍ത്ത അറബ് ലീഗിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും അടിയന്തര ഉച്ചകോടിയാണ് ഇന്ന് മക്കയില്‍ ചേരുന്നത്. തുടര്‍ന്ന് നാളെ ഓര്‍ഗൈനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെയും ഉച്ചകൊടിയും മക്കയില്‍ നടക്കും. ഉച്ചകോടികള്‍ക്കായി മക്കയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിവിധ രാഷ്ട്ര നേതാക്കള്‍ മക്കയിലും ജിദ്ദയിലുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
അറബ് ലീഗ്, ജി.സി.സി യോഗങ്ങളില്‍ ഇറാനായിരിക്കും പ്രധാന വിഷയം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയും അത് യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യവും ഉച്ചകോടി ചര്‍ച്ചചെയ്യും. മേഖലയില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകളും മറ്റു രാജ്യങ്ങളെ ബാധിക്കുന്നതും ചര്‍ച്ചയ്‌ക്കെടുക്കും. ഇതിനിടെ സഊദിക്കെതിരെ തുടര്‍ച്ചയായ ഹൂതി ആക്രമണങ്ങള്‍ ചര്‍ച്ചകള്‍ കടുപ്പിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ച മക്ക, ജിദ്ദ പട്ടണങ്ങള്‍ക്ക് നേരെ നടന്ന മിസൈല്‍ ആക്രമണ ശ്രമങ്ങള്‍ക്ക് ശേഷം ഏതാനും ദിവസങ്ങളായി അതിര്‍ത്തി വിമാനത്താവളങ്ങളും ഹൂതികള്‍ ലക്ഷ്യമാക്കി ഡ്രോണ്‍, മിസൈല്‍ ആക്രമങ്ങള്‍ തുടരുന്നത് സഊദി പ്രതിരോധിച്ചു നില്‍ക്കുകയാണ്. ഉച്ചകോടികള്‍ക്ക് മുന്‍പായി വിദേശകാര്യ മന്ത്രിമാര്‍ പ്രത്യേക യോഗവും ചേരും.
മെയ് 31 നു നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) ഉച്ചകോടി നേരത്തെ തന്നെ തീരുമാനിച്ചതാണ്. 'ഭാവിയിലേക്ക് ഒരുമിച്ച്' എന്ന തലക്കെട്ടില്‍ നടക്കുന്ന ഉച്ചകോടിയില്‍ മുസ്‌ലിംകള്‍ക്കെതിരെ ആഗോള തലത്തില്‍ നടക്കുന്ന പ്രചാരണങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്‌ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാകും. ഉച്ചകോടിയില്‍ 57 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനെതിരെ ശക്തമായ നിലപാടുകളുമായി സഊദി അറേബ്യ നീങ്ങുമ്പോഴും മേഖലയില്‍ ഇനിയൊരു യുദ്ധം വേണ്ടെന്ന കടുത്ത നിലപാടിലാണ് സഊദി. ഇക്കാര്യം മന്ത്രിസഭയടക്കം പല തവണ വ്യക്തമാക്കിയതാണ്.
ഉച്ചകോടിയിലേക്കായി വിവിധ രാജ്യ നേതാക്കള്‍ മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജിദ്ദയില്‍ എത്തിച്ചേരുന്ന നേതാക്കളില്‍ പലരും വിശുദ്ധ ഉംറ നിര്‍വ്വഹിച്ച ശേഷമാണ് ഔദ്യോഗിക പരിപാടികളിലേക്ക് കടക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉച്ചകോടിയില്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയിലെ ഉപരോധത്തിന് ശേഷം ഇത് ആദ്യമായാണ് ഖത്തറിന്റെ ഒരു ഉന്നത പ്രതിനിധി സഊദിയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."