വാക്കുകള്‍ ഉപയോഗിക്കുന്നത് രണ്ടുവട്ടം ആലോചിച്ചാവണം
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലാവരും ആശ്വസിച്ചത് ആ പാര്‍ട്ടിക്കു ചിരിക്കുന്ന മുഖം കിട്ടിയെന്നായിരുന്നു. കാരണം, പ്രതിസന്ധിഘട്ടത്തിലും ചിരിക്കുന്ന മുഖവുമായല്ലാതെ കോടിയേരി രംഗപ്രവേശം ചെയ്തിരുന്നില്ല.
ആക്രമണത്തിനാഹ്വാനം ചെയ്യുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ വാക്കുകളും പ്രവൃത്തികളും അദ്ദേഹത്തില്‍നിന്ന് ഉണ്ടായതായി അറിവില്ല. ആ കോടിയേരിക്കു പയ്യന്നൂരില്‍ നാക്കുപിഴ പറ്റിയപ്പോള്‍ രാഷ്ട്രീയശത്രുക്കള്‍പോലും അത്ഭുതപ്പെട്ടുകാണും. ഇതുവരെ കാത്തുസൂക്ഷിച്ച വ്യക്തിത്വത്തിനാണ് ആ വാക്കുകള്‍ കളങ്കം ചാര്‍ത്തിയിരിക്കുന്നത്.
രണ്ടാഴ്ചമുന്‍പ് പയ്യന്നൂരിലുണ്ടായ രണ്ട് അക്രമസംഭവങ്ങളിലൊന്നില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിന്റെ അനുസ്മരണകൂട്ടായ്മയിലാണു കോടിയേരി, പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍പോന്ന വിവാദപ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പു യോഗങ്ങളില്‍പ്പോലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്താതിരുന്ന സെക്രട്ടറിയുടെ വായില്‍നിന്ന് ഒരിക്കലും, പ്രത്യേകിച്ചു പാര്‍ട്ടി ഭരണം കൈയാളുമ്പോള്‍, വരാന്‍പാടില്ലാത്ത വാക്കുകള്‍ വന്നുവെന്നതു രാഷ്ട്രീയകക്ഷി ഭേദമന്യേ അദ്ദേഹത്തെ ആദരിക്കുന്നവരില്‍ അമ്പരപ്പാണുണ്ടാക്കിയത്.
''ആക്രമിക്കാന്‍വരുന്നവരോടു കണക്കുതീര്‍ക്കണം. വയലില്‍ പണിയെടുത്താല്‍ വരമ്പത്തുതന്നെ കൂലികിട്ടും. അതുകൊണ്ടു സി.പി.എമ്മിനോടു കളിക്കേണ്ട. സമാധാനമാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആക്രമിക്കാന്‍ വന്നാല്‍ വന്നതുപോലെ തിരിച്ചുപോവില്ലെന്ന് ഓരോ ഗ്രാമവും തീരുമാനിക്കണം. പാര്‍ട്ടിയിലെ യുവതീയുവാക്കള്‍ക്ക് ആവശ്യമായ കായികപരിശീലനം നല്‍കണം. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട പൊലിസ് പ്രതികള്‍ക്കൊപ്പമാണു നില്‍ക്കുന്നത്.'' എന്നിങ്ങനെ പോകുന്നു കോടിയേരിയുടെ ആരോപണങ്ങള്‍.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ പി ശ്രീരാമകൃഷ്ണനു വോട്ടുചെയ്യാനന്‍ കണ്ടെത്തിയ ബാലിശമായ ന്യായീകരണത്തെപ്പോലും സംയമനത്തിന്റെ ഭാഷയിലായിരുന്നു അദ്ദേഹം വിമര്‍ശിച്ചിരുന്നത്. ബി.ജെ.പിയുടെ പിന്തുണയില്ലാതെതന്നെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു പി ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെടുമെന്നത് ഉറപ്പുള്ള കാര്യമായിരിക്കേ അവിടെ ശ്രീരാമനെയും കൃഷ്ണനെയും കൂട്ടുപിടിച്ചു വര്‍ഗീയതയുടെ നിറംപകരാനാണ് ഒ രാജഗോപാല്‍ ശ്രമിച്ചതെന്നും രാജഗോപാലിന്റെ ഒറ്റവോട്ടുകൊണ്ടാണു ശ്രീരാമകൃഷ്ണന്‍ വിജയിച്ചതെങ്കില്‍ അന്നുതന്നെ രാജിവെക്കുമായിരുന്നുവെന്നുമൊക്കെയുള്ള കോടിയേരിയുടെ പ്രതികരണങ്ങള്‍ പക്വതയുള്ള രാഷ്ട്രീയ നേതാവില്‍നിന്നും വരേണ്ടതുതന്നെയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും 70 സീറ്റുകളില്‍ ധാരണയുണ്ടാക്കിയെന്ന അദ്ദേഹത്തിന്റെ ആരോപണം പോലും രാഷ്ട്രീയ കേരളം സഹിഷ്ണുതയോടെ കേള്‍ക്കാനുണ്ടായ കാരണം പറഞ്ഞതു കോടിയേരി ബാലകൃഷ്ണനായതുകൊണ്ടാണ്. സംസ്‌കാരഭദ്രവും സൗമ്യവുമായ വാക്കുകളിലൂടെയല്ലാതെ അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെ വാദമുഖങ്ങളെ ഖണ്ഡിച്ചിരുന്നില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കതീതമായ ആദരവ് പൊതുസമൂഹത്തില്‍നിന്ന് ഇക്കാരണങ്ങളാല്‍ അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്.
പയ്യന്നൂരില്‍ നടന്ന അനിഷ്ടസംഭവത്തില്‍ എല്ലാവരും ഒരുപോലെ ദു:ഖിക്കുകയും അതിനെ അപലപിക്കുകയും ചെയ്തതാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ കൊലക്കത്തികൊണ്ടു തീര്‍ക്കുന്ന കാലം അവസാനിപ്പിക്കേണ്ടതുമാണ്. തീര്‍ത്തും അപരിഷ്‌കൃതമാണ് ഇത്തരം രാഷ്ട്രീയ മൂന്നാംമുറകള്‍. പയ്യന്നൂര്‍ പതുക്കെ സമാധാനത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയായി കോടിയേരിയുടെ വാക്കുകള്‍. ക്രമസമാധാനം തകര്‍ന്നെന്നും പൊലിസ് ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടതിനു പകരം പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി പരസ്യമായി പറയുന്നത് ഭണപരാജയം സമ്മതിക്കലാണ്. സര്‍ക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പുതിയൊരു വിഭാഗീയതക്കു തുടക്കമാവുകയാണോ ആ പ്രസംഗത്തിലൂടെ കോടിയേരിയെന്നു ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല.
സംസ്ഥാനത്ത് ആര്‍.എസ്.എസ് അക്രമമഴിച്ചുവിടുന്നുവെന്നതു നേരാണ്. പക്ഷേ, അതിനെ പ്രത്യാക്രമണംകൊണ്ടു നേരിടണമെന്നു പറയുമ്പോള്‍ സംസ്ഥാനത്തിന്റെ ക്രമസധാനില തകരുമെന്നു ഭരണത്തില്‍ കൂടുതല്‍ ഉത്തരവദിത്വമുള്ള പാര്‍ട്ടിയെന്ന നിലയ്ക്കു സി.പി.എമ്മും അതിന്റെ സെക്രട്ടറിയെന്ന നിലയ്ക്കു കോടിയേരിയും ഓര്‍ക്കണം.
ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സംയമനത്തോടെ പറയേണ്ട കാര്യങ്ങള്‍ ക്ഷോഭത്തിന്റെ ഭാഷയില്‍ പറയരുതായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍പ്പോലും പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണം കേള്‍പ്പിക്കാത്തിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തുമെന്നു പ്രതീക്ഷിക്കാം. പയ്യന്നൂര്‍ പ്രസംഗത്തില്‍ കയറിപ്പിടിച്ചു വിവാദമുണ്ടാക്കി കേരളത്തെ വീണ്ടും കലാപഭൂമിയാക്കാതിരിക്കാന്‍ വിവേകശാലികള്‍ ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."