നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന സംഭവം പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു
ബാലുശ്ശേരി: കൂട്ടാലിട റോഡില്‍ പാറമുക്കില്‍ നവജാത ശിശുവിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് വലിയകുഴി മലയില്‍ റിന്‍ഷ (22)യെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബ്ലേഡ് വീടിനകത്തെ മുറിയില്‍ നിന്ന് പ്രതി പൊലിസിനു കാണിച്ചുകൊടുത്തു.
സെപ്റ്റംബര്‍ രണ്ടിനു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ടു വര്‍ഷത്തോളമായി വിവാഹബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു റിന്‍ഷ. രണ്ടിനു പുലര്‍ച്ചെ മാതാവിന്റെയും കുഞ്ഞിന്റെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു സംഭവം പുറംലോകത്തെ അറിയിച്ചത്.
ബാലുശ്ശേരി സി.ഐ സുഷിറിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സഘം കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതി റിന്‍ഷയുടെ മാതാവ് റീനയും സഹോദരന്‍ റിനീഷും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ കുറ്റകൃത്യത്തില്‍ മാതാവിനും സഹോദരനും പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും സി.ഐ പറഞ്ഞു.
കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ പയ്യോളി കോടതിയില്‍ ഹാജരാക്കി ബാലുശ്ശേരി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇന്നലെ 12.30ന് ബാലുശ്ശേരി പൊലിസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം വൈകിട്ട് മൂന്നിനാണ് പാറമുക്കിലെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശമില്ലായിരുന്നെന്നും പ്രസവിച്ച ഉടനെ കുഞ്ഞിന്റെ അടങ്ങാത്ത കരച്ചില്‍ നാട്ടുകാരറിയുമെന്ന ഭയപ്പാടാണ് കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നുമാണു പ്രതി പൊലിസിനു മൊഴി നല്‍കിയത്.
അതേസമയം കൊല നടന്ന വീട് സംഭവദിവസം പൊലിസ് പൂട്ടി സീല്‍ ചെയ്തിരുന്നെന്നും രണ്ടുദിവസത്തിനകം വീട് വീട്ടുകാര്‍ക്ക് തുറന്നുകൊടുത്തതില്‍ ദുരൂഹതയുണ്ടെന്നുമാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വൈകിട്ടോടെ പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."