ചാവേറുകളുടെ മണ്ണും മനസ്സും
അസ്തിത്വവും വ്യക്തിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു നടുവിലാണിന്നു മുസ്‌ലിം സമൂഹം. ഇറാഖ്, അഫ്ഗാനിസ്താന്‍, ഫലസ്തീന്‍ മുതലായിടങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സായുധാധിനിവേശത്തില്‍ ഞെരിഞ്ഞമരുന്നു. മറ്റ് അവികസിതരാജ്യങ്ങള്‍ സാമ്രാജ്യത്വശക്തികളുടെ ചൂഷണമനുഭവിച്ചു കഴിയുകയാണ്. ബോസ്‌നിയ, കൊസോവ, ഫിലിപ്പൈന്‍സ് പോലുള്ള ദേശങ്ങളില്‍ വര്‍ഗീയതയാണു ഭീഷണിയാവുന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷ മതസമൂഹത്തില്‍പ്പെട്ട ന്യൂനപക്ഷം സംഘടനാബലത്തില്‍ നടത്തുന്ന വിധ്വംസക പ്രവൃത്തിമൂലമുള്ള ആശങ്കയിലാണു മുസ്‌ലിംകള്‍.
അറബ്‌നാടുകളില്‍ ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയത് എഴുപതുകളുടെ അവസാനത്തിലാണ്. കര്‍മ,ചിന്താരംഗങ്ങളില്‍ തീവ്രതപുലര്‍ത്തി 'പാപ പരിഹാര-പലായന സംഘം' (ജംഇയ്യതുത്തക്ഫീര്‍ വല്‍ഹിജ്‌റ) എന്ന ഗൂഢസംഘം ഈജിപ്തില്‍ രൂപംകൊണ്ടതോടെയാണത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഇസ്രാഈലുമായി നടത്തിയ സമാധാനീക്കുപോക്കുകള്‍ പ്രായശ്ചിത്തംചെയ്യേണ്ട പാപമാണെന്നും പലായനം ആവശ്യപ്പെടുന്ന വിശ്വാസവിരുദ്ധമായ അവസ്ഥയാണെന്നുമായിരുന്നു അവരുടെ നിലപാട്. ഈജിപ്തിലെ 'വഖ്ഫ്' കാര്യ മന്ത്രിയായിരുന്ന ശൈഖ് ദഹബിയുടെയും (1979) പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെയും (1981) വധത്തിനുപിന്നില്‍ ഈ സംഘമാണെന്നു പറയപ്പെടുന്നു.
മധ്യപൗരസ്ത്യദേശത്തൊന്നടങ്കം തീവ്രവാദം ശക്തിപ്രാപിക്കുന്ന സാഹചര്യമായിരുന്നു അത്. ഇറാനില്‍ ആയതുല്ലാ ഖുമൈനിക്കു കീഴില്‍ അരങ്ങേറിയ വിപ്ലവം (1979), ഇസ്രാഈലും ഈജിപ്തും തമ്മില്‍ ക്യാംപ് ഡേവിഡില്‍ നടന്ന സമാധാന ഉടമ്പടി (1979), രാജവാഴ്ചയോടുള്ള പ്രതിഷേധസൂചകമായ വിഭാഗം സഊദി പൗരന്മാര്‍ 'കഅ്ബ'യ്ക്കകത്തു നടത്തിയ കലാപം (നവംബര്‍ 1979), അഫ്ഗാനിസ്താനിലെ റഷ്യന്‍ അധിനിവേശം (ഡിസംബര്‍ 1979), ഇറാന്‍-ഇറാഖ് യുദ്ധം (സപ്തംബര്‍ 1980) ഇസ്രാഈലിന്റെ ബൈറൂത്ത് ആക്രമണം (ജൂണ്‍ 1982) തുടങ്ങിയവയാണ് ഇതിനു സാഹചര്യമൊരുക്കിയത്.
കുരിശുയുദ്ധങ്ങളുടെ വര്‍ഷങ്ങളില്‍ മുസ്‌ലിംകളുമായുണ്ടായിരുന്ന ശത്രുതപോലും നവോത്ഥാനത്തിലേയ്ക്കുള്ള ചവിട്ടുപടിയാക്കി യൂറോപ്പ് ഭൗതികമായും രാഷ്ട്രീയമായും നായകപദവിയിലേക്കുയര്‍ന്നു. മുസ്‌ലിംകളാവട്ടെ, വിജ്ഞാനത്തിന്റെ പാരമ്പര്യവഴികളില്‍ ഒതുങ്ങി. അതിനാല്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്കു തൂത്തുമാറ്റപ്പെട്ടു. ഒന്നാംലോക മഹായുദ്ധം ഇസ്‌ലാമിക ഖിലാഫത്തിന്റെയും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെയും തിരോധാനത്തെ ത്വരിതപ്പെടുത്തി. സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്കുവേണ്ടിയുള്ള പ്രചാരണങ്ങളും ഈ മേഖലയില്‍ ശക്തമായി. അമേരിക്കയും സോവിയയ്റ്റുയൂനിയനും ലോക മേധാവിത്വത്തിന്റെ രണ്ടുധ്രുവങ്ങളായി ഉയര്‍ന്നപ്പോള്‍ മുസ്‌ലിംനാടുകള്‍ അവരുടെ പരീക്ഷണങ്ങളുടെ അങ്കത്തട്ടായി മാറി. ഫലസ്തീന്‍ ഇസ്‌റാഈല്‍ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ ലക്ഷക്കണക്കിനു ഫലസ്തീന്‍ നിവാസികള്‍ വഴിയാധാരമായി. ജന്മഗൃഹങ്ങളില്‍നിന്നു ബഹിഷ്‌കൃതരായി മരുഭൂമികളിലെ തമ്പുകളിലും തെരുവുകളിലും അലയുന്ന ഫലസ്തീന്‍ സഹോദരങ്ങള്‍ ലോകജനതയെ സാമാന്യമായും മുസ്‌ലിംകളെ പ്രത്യേകമായും വേദനിപ്പിച്ചു. പക്ഷേ, രാജവാഴ്ചയുടെയും പാശ്ചാത്യ മേധാവിത്വത്തിന്റെയും കീഴില്‍ കഴിയുന്ന പല മുസ്‌ലിം നാടുകളിലും തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ഈ അവസരം മുതലാക്കി രംഗത്തുവന്നവരാണ് ഈജിപ്തില്‍ 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍' (ബ്രദര്‍ഹുഡ്) എന്ന പ്രസ്ഥാനത്തിന്റെ നേതാക്കളായ ഹസനുല്‍ ബന്നയും സയ്യിദ് ഖുത്തുബും ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനേതാവായ മൗദൂദിയും. പാശ്ചാത്യസാമ്രാജ്യത്വത്തെയും കമ്യൂണിസ്റ്റ് മേധാവിത്വത്തെയും ഇസ്‌ലാമികസംസ്‌കാരത്തിന്റെ ബദ്ധവൈരികളായിക്കണ്ടു അവര്‍. അതേസമയം, കമ്യൂണിസ്റ്റ്ശക്തികളുടെ സംഘടനാസംവിധാനം സ്വീകരിക്കുകയും ചെയ്തു; വിശേഷിച്ചു മൗദൂദി.
ഇസ്‌ലാമിനെ മതമെന്നതിലേറെ പ്രത്യയശാസ്ത്രമായും മുസ്‌ലിംകളെ പാര്‍ട്ടിയായും സങ്കല്‍പ്പിച്ചുകൊണ്ടു മൗദൂദി നടത്തിയ പ്രവര്‍ത്തനം ഇതിനു തെളിവാണ്. മതവും രാഷ്ട്രവും ഒന്നാണെന്നും ഖുര്‍ആന്‍ രാഷ്ട്രത്തിന്റെ ഭരണഘടനയാണെന്നും നിയമനിര്‍മാണം ദൈവത്തിന്റെമാത്രം അധികാരമാണെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ഭരണമെന്നായിരുന്നു മൗദൂദിയുടെ പ്രമാണം. മുസ്‌ലിംകളെ അല്ലാഹുവിന്റെ പാര്‍ട്ടിയെന്നും വിരുദ്ധരെ പിശാചിന്റെ പാര്‍ട്ടിയെന്നും രാഷ്ട്രങ്ങളെ ഇസ്‌ലാമികരാഷ്ട്രം (ദാറുല്‍ഇസ്‌ലാം), ശത്രുരാഷ്ട്രം (ദാറുല്‍ ഹര്‍ബ്) എന്നും വിഭജിച്ചു.
ആധുനിക മുസ്‌ലിം യുവാക്കളില്‍ പടര്‍ന്നു കയറിയ തീവ്രവാദത്തിന്റെ വേരുകള്‍ ഊര്‍ജം വലിച്ചെടുക്കുന്ന മണ്ണ് പ്രധാനമായും മൗദൂദീ ചിന്തകളാണ്. ഇസ്‌ലാമിക ഭരണത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സാധ്യമെങ്കില്‍ ലോകത്തെയാകെ ഇസ്‌ലാമിക രാഷ്ട്രമായി പുനഃസ്ഥാപിക്കുകയാണ് വിശ്വാസിയുടെ ധര്‍മമെന്ന് വാദിക്കുകയാണ് അദ്ദേഹം. ജനാധിപത്യ മതേതരാശയങ്ങളെ ഇസ്‌ലാമിക വിരുദ്ധമായി പുറം തള്ളുമ്പോള്‍തന്നെ, ആധുനിക യുഗത്തിന്റെ മാനുഷികവും പുരോഗമനപരവുമായ നിരവധി വശങ്ങള്‍ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെടാതെ പോവുന്നു. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സംസ്‌കാരത്തിന്റെ സത്ത, ബഹുമത സമൂഹത്തില്‍ രാഷ്ട്രീയമായി പാലിക്കപ്പെടേണ്ട നീതിബോധം, ഏതുമതവും വിശ്വസിക്കാനും പ്രചരിപ്പിക്കുവാനും വ്യക്തികള്‍ക്കുള്ള സ്വാതന്ത്ര്യം, ആധുനിക രാഷ്ട്രസങ്കല്‍പം രൂപം കൊടുത്ത പൗരത്വ സങ്കല്‍പം തുടങ്ങിയവ ഉദാഹരണം. ഖുര്‍ആനില്‍ ഭരണത്തിന്റെ വിശദാംശങ്ങളില്ലെന്നതും വിശദമായ നിയമങ്ങള്‍ ആവശ്യാനുസാരം നിര്‍മിച്ചു നടപ്പാക്കുകയാണ് വേണ്ടതെന്നും ഈ നിയമനിര്‍മാണവും പ്രയോഗവും നടത്തുന്ന കൈകള്‍ അല്ലാഹുവിന്റെ ഭരണമാണ് നടപ്പാക്കുന്നത് എന്ന വാദം ഏതവസ്ഥയിലും അപകടം ക്ഷണിച്ചുവരുത്തുവാന്‍ പഴുതുള്ള സിദ്ധാന്തമാണ്. കാരണം, ഭരണകര്‍ത്താക്കള്‍ക്ക് യുക്തമെന്ന് തോന്നുന്ന വ്യാഖ്യാനഭേദങ്ങളാണ് വാസ്തവത്തില്‍ നടപ്പിലാക്കപ്പെടുക. നേരിട്ടു ഭരിക്കുന്നത്, ഭരണം കൈയാളുന്ന മനുഷ്യര്‍ മാത്രമാണ്. പക്ഷേ തീവ്രവാദത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന പ്രചണ്ഡമായ മുദ്രാവാക്യം 'ഭരണം ദൈവത്തിന്' എന്നാകുന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍ കടുത്ത തീവ്രവാദികളായി അറിയപ്പെടുന്ന 'ഖവാരിജുകള്‍' ഉയര്‍ത്തിയ മുദ്രാവാക്യം 'ഭരണം ദൈവത്തിന് മാത്രം' എന്നതായിരുന്നു. നാലാം ഖലീഫയായിരുന്ന ഹസ്രത് അലിയും അദ്ദേഹത്തിന് എതിര്‍നിന്ന ദമാസ്‌കസ് ഗവര്‍ണര്‍ മുആവിയയും തമ്മില്‍ നടന്ന സന്ധിശ്രമത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച 'ഖവാരിജുകള്‍' കടുത്ത തീവ്രവാദപരമായ നിലപാട് കൈക്കൊണ്ടു. ചെറിയ കുറ്റത്തിനുപോലും അവര്‍ ആളുകള്‍ക്ക് വധശിക്ഷ വിധിച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ രക്ത പങ്കിലമായ അധ്യായമാണ് ഖവാരിജൂറ്റാണ്ടിലേക്ക് നീണ്ടുചെല്ലുന്നു. മറ്റാരേക്കാളും മതനിഷ്ഠയുള്ളവരും എടുത്തു ചാട്ടക്കാരുമായിരുന്നു ഖവാരിജുകള്‍. 'ദീര്‍ഘ പ്രണാമത്താല്‍ തഴമ്പുകെട്ടിയ നെറ്റിത്തടങ്ങള്‍ താന്‍ അവരില്‍ കണ്ടു' വെന്ന് അബ്ദുല്ലാഹിബ്‌നു അബ്ബാസ് (പ്രവാചകന്റെ പിതൃവ്യപുത്രന്‍) പറയുന്നു. അതേസമയം തങ്ങള്‍ക്ക് വിയോജിപ്പ് തോന്നിയ മുസ്‌ലിംകളെ അവിശ്വാസമാരോപിച്ച് നിര്‍ദയം വധിക്കുകയും അമുസ്‌ലിംകളോട് നീതി കാണിക്കുകയും ചെയ്ത വിചിത്ര സംഭവങ്ങള്‍ ഖവാരിജുകളുടെ ചരിത്രത്തില്‍ കാണാം.
മുസ്‌ലിം സമുദായത്തിന്റെ സവിശേഷത ദൃഢമായ മതബോധവും 'ശരീഅത്തി'നോടുള്ള കടുത്ത പ്രതിബദ്ധതയുമാണ്. മത തീവ്രവാദത്തിന്റെ മുഖ്യ ആശ്രയവും ഇതുതന്നെ. പലപ്പോഴും അന്ധമെന്ന് പറയാവുന്ന മട്ടില്‍ വിട്ടുവീഴ്ചക്ക് വഴങ്ങാത്ത മാനസികാവസ്ഥയാണത്. അറബിഭാഷയെക്കുറിച്ചും സാമൂഹിക ജീവിത പ്രശ്‌നങ്ങളില്‍ മതനിയമങ്ങള്‍ ഇടപെടുന്ന പ്രായോഗിക രീതിശാസ്ത്രത്തെക്കുറിച്ചും വ്യാപകമായി നിലനില്‍ക്കുന്ന അജ്ഞത ഈ മനോഭാവത്തെ കടുത്തതാക്കുന്നു. അതിനാല്‍ സമുദായത്തെക്കുറിച്ചോ ഇസ്‌ലാം മതത്തെക്കുറിച്ചോ ഒരപകട മുന്നറിയിപ്പ് ഉയര്‍ത്തി അനുഭാവം തട്ടിയെടുക്കുവാന്‍ എളുപ്പമാണ്. തീവ്രവാദം ഈയൊരവസ്ഥയെയാണ് ഉപയോഗപ്പെടുത്തുന്നത്.
ഇത്തരം വ്യതിയാനങ്ങള്‍ക്ക് മതവുമായി ബന്ധമില്ലെന്ന് പ്രവാചകന്‍ മുഹമ്മദ് നബി മുന്‍കൂട്ടി പറഞ്ഞുവെച്ചിട്ടുണ്ട്. മിതത്വത്തിന്റെ അതിരുകള്‍ ലംഘിക്കുക എന്നര്‍ഥം വരുന്ന 'തത്വര്‍റുഫ്', 'തനത്തുഅ്', 'ഗുലുവ്വ്' എന്നീ പദങ്ങളാണ് തീവ്രവാദത്തിന് ഖുര്‍ആനും ഹദീസും (നബിവാക്യം) ഉപയോഗിച്ചിരിക്കുന്നത്. ''മത വിഷയകമായി നിങ്ങള്‍ അതിരു കടക്കുന്നത് സൂക്ഷിക്കണം'' എന്നും ''പരിധി ലംഘിക്കുന്നവര്‍ നാശപ്പെട്ടു കഴിഞ്ഞു'' എന്നും ''നിങ്ങള്‍ നിങ്ങളോട് കടുപ്പം കാട്ടരുത്'' എന്നും ഹദീസുകളില്‍ കാണാം.
നിയമത്തിന്റെ ഔദാര്യങ്ങള്‍ സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ ദൗര്‍ബല്യമായാണ് തീവ്രവാദം കാണുന്നത്. അത് ഈ സമൂഹത്തിന്റെ സ്വത്വത്തെ നിഷേധിച്ചുകൊണ്ടുള്ള അതിരുകടന്ന പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ എത്രമാത്രം ആത്മാര്‍ഥമായിരുന്നാലും നന്മയിലേക്കുള്ള വഴിയല്ല; ലോകത്തിനോ മുസ്‌ലിംകള്‍ക്കോ ഗുണം ചെയ്യുന്നതുമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."