കിണര്‍ അലങ്കാരമായി, കുടിവെള്ളം കിട്ടാക്കനിയായി
കോഴിക്കോട്: എല്ലാം അലങ്കാരവും ആഘോഷവുമാക്കി മാറ്റുന്ന നവ സമൂഹം കുടിവെള്ളക്കിണറുകളെയും അലങ്കാരമാക്കി. ഇപ്പോള്‍ കുടിവെള്ളം കിട്ടാക്കനിയുമായി.
മലയാളി സംസ്‌കാരത്തിന്റെ ചിഹ്നംകൂടിയായിരുന്ന കിണറുകളാണ് ഇപ്പോള്‍ അലങ്കാരത്തിനു മാത്രമായി മാറിക്കൊണ്ടിരിക്കുന്നത്. പുതിയ നിര്‍മാണ സംസ്‌കാരത്തില്‍ കിണറുകള്‍ വെള്ളത്തിനെന്നതിനേക്കാളുപരി വീടിനുമുന്നിലെ മനോഹരമായൊരു കോണ്‍ക്രീറ്റ് കാഴ്ചയാണ്. പുത്തന്‍ വീടുകള്‍ക്കു മുന്നില്‍ തളികയായും ഉരുളിയായുമൊക്കെ മനോഹരമായ രൂപത്തില്‍ കപ്പിയും കയറുമൊക്കെ തൂക്കി കിണര്‍ നില്‍പ്പുണ്ടാവും.
പക്ഷെ തുള്ളി വെള്ളം പോലും അതിലുണ്ടാവില്ലെന്നതാണ് സങ്കടകരമായ അവസ്ഥ. രാജ്യത്തെ ആകെ കിണറുകളുടെ എണ്ണത്തിന്റെ 20 ശതമാനം ഈ കൊച്ചു സംസ്ഥാനത്താണ്. അറുപത്് ലക്ഷത്തോളം കിണറുകള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇതില്‍ വെള്ളമുണ്ടായിട്ടും ഉപയോഗശൂന്യമായി കിടക്കുന്നവ ലക്ഷങ്ങള്‍ വരും. കൊടിയ വേനല്‍ വന്നതോടെ പ്രാദേശിക ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഇത്തരം നിരവധി കിണറുകള്‍ പുനരുദ്ധരിക്കപ്പെട്ടിരുന്നു.
കോണ്‍ക്രീറ്റ് സംസ്‌കാരം നഗരങ്ങളെ മാത്രമല്ല ഗ്രാമങ്ങളെയും ബാധിച്ചപ്പോള്‍ വീടിനു മുന്നിലെ കിണര്‍ അലങ്കാരപ്പണികളോടെ മലയാളി നിലനിര്‍ത്തി. പക്ഷെ വീടും പുരയിടവും ഒരിറ്റു വെള്ളം പോലും കിനിഞ്ഞിറങ്ങാന്‍ കഴിയാത്ത വിധം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ചതിനാല്‍ മഴവെള്ളം കിണറിലെത്താനുള്ള ഒരു സാധ്യതയുമില്ല.
മഴക്കാലത്ത് അല്‍പം നിറയുന്ന കിണര്‍ വേനലിന്റെ ആരംഭത്തില്‍ തന്നെ വറ്റും. പിന്നീട് കിണര്‍ ഒരു കാഴ്ചയായി മാത്രം അവശേഷിക്കുന്ന അവസ്ഥയാണ്. കൊടും വേനലില്‍ പോലും നിര്‍ബാധം വെള്ളം നല്‍കിയിരുന്ന നാട്ടുംപുറങ്ങളിലെ കിണറുകള്‍ പോലും ഇപ്പോള്‍ വറ്റിവരണ്ടു കിടക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. ഭൂഗര്‍ഭ ജലം താഴ്ന്നു പോകുന്നതാണ് ഇതിന് പ്രധാനകാരണം. മഴവെള്ളം സംഭരിക്കാനും അവ പരമാവധി ഭൂമിയിലേക്ക് ഇറക്കാനുമുള്ള കിണര്‍ റീചാര്‍ജിങ് ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ടെങ്കിലും മഴക്കാലമാവുന്നതോടെ ഇതിന്റെ ജാഗ്രത ഇല്ലാതാവുകയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയുമാണ് ചെയ്യാറ്. വേനല്‍ മഴ ചില പ്രദേശങ്ങളില്‍ ചെറുതായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.
കൊടിയ ചൂടിന് വേനല്‍ മഴ അല്‍പം ആശ്വാസം പകരുന്നുണ്ടെങ്കിലും മഴയ്ക്കു ശേഷമുണ്ടാകുന്ന ശക്തമായ വേനല്‍ അതിനെ നിഷ്പ്രഭമാക്കുകയാണ്. സാധാരണ നിലയില്‍ ജൂണ്‍മാസം ആരംഭത്തോടെ കാലവര്‍ഷം എത്താറുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ജുണ്‍ മഴയില്ലാത്ത മാസമായി തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംസ്ഥാനത്തിന്റെ ആരോഗ്യ,സാമൂഹിക, സാമ്പത്തിക മേഖലയില്‍ തീര്‍ക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും അധികരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."