നരേന്ദ്ര മോദി പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യുഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്. പാര്‍ട്ടി അധ്യക്ഷനായ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്.
ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വന്‍ ആരവങ്ങളാണ് മോദി രാഷ്ട്രപതി ഭവനില്‍ എത്തിയപ്പോഴും സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കാണികളില്‍ നിന്ന് ഉയര്‍ന്നത്.
മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്‌നാഥ് സിംഗാണ്. മൂന്നാമതായി അമിത് ഷാ എത്തിയപ്പോഴും വന്‍ ആരവങ്ങളും ആര്‍പ്പുവിളികളുമുയര്‍ന്നു.
നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍, രാംവിലാസ് പസ്വാന്‍, നരേന്ദ്രസിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, തവര്‍ ചന്ദ് ഗെഹ്‌ലോട്ട് എന്നിവരാണ് മുന്‍ഗണനാ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇപ്പോഴും ചടങ് പുരോഗമിക്കുകയാണ്. സഹമന്ത്രിമാരാണിപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചടങ്ങിന് സാക്ഷികളാകാന്‍ ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള ലോകരാഷ്ട്രത്തലവന്‍മാരെത്തിയിട്ടുണ്ട്. മറ്റൊരു പരിപാടിയിലായതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എത്തിയില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദാണ് ചടങ്ങിന് സാക്ഷിയായത്. പാകിസ്ഥാനെ മാറ്റി നിര്‍ത്തി, മറ്റെല്ലാ അയല്‍ രാജ്യങ്ങളെയും മോദി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പാകിസ്താനൊഴികെ ബംഗാള്‍ ഉള്‍ക്കടലിന്റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഓഫ് മള്‍ട്ടി സെക്ടറല്‍, ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് കോഓപ്പറേഷന്‍). ഇതില്‍ അംഗങ്ങളായ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മ്യിന്‍ത്, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവര്‍ ചടങ്ങിനെത്തി. തായ്‌ലന്‍ഡില്‍ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂന്റാച് ചടങ്ങില്‍ പങ്കെടുത്തു.
ബിംസ്റ്റെക് രാജ്യങ്ങള്‍ക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാത്, കിര്‍ഗിസ്താന്‍ പ്രസിഡന്റ് സൂറോന്‍ബേ ജീന്‍ബെകോവ് എന്നിവരും ചടങ്ങിനെത്തി.
രാഷ്ട്രപതി ഭവന്റെ മുന്നിലെ വിശാലമായ മുറ്റത്താണ് ചടങ്ങുകള്‍ക്കുള്ള പ്രത്യേകവേദി ഒരുക്കിയത്. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."