തച്ചിങ്ങനാടത്ത് അനധികൃത മദ്യവില്‍പന സജീവം
പട്ടിക്കാട്: കീഴാറ്റൂര്‍ തച്ചിങ്ങനാടത്തെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന സജീവം. മദ്യവില്‍പനക്കാരുടെയും വാങ്ങാനെത്തുന്നവരുടെയും ശല്യം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
പ്രദേശത്തെ മന്തംകുണ്ട്, വളഞ്ഞത്താണി, വി.പി നഗര്‍ റോഡ്, അരിക്കണ്ടംപാക്ക്, മുത്തപ്പന്‍ കുണ്ട്, കാഞ്ഞിരക്കുളം, പടിഞ്ഞാറെ കുണ്ട് തുടങ്ങിയ ഇടങ്ങളിലാണ് വില്‍പനക്കാര്‍ ഇരുട്ടിന്റെ മറവില്‍ തമ്പടിക്കുന്നത്. ചിലര്‍ തങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ചും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തും വിപണനം നടത്തുന്നുണ്ട്. മദ്യത്തോടൊപ്പം വേണ്ട സാമഗ്രികളടക്കം മൊത്തമായും ചില്ലറയായും വിപണനം നടത്തുന്നവരുമുണ്ട്. പ്രദേശത്തെ വയലുകള്‍, പറമ്പുകള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ചില്ലറ വിപണനം നടക്കുന്നത്.
വിഷയത്തില്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമായിട്ടില്ല. പ്രദേശത്തെ അനധികൃത മദ്യവില്‍പനക്കാരെ പലതവണകളിലായി എക്‌സൈസും പൊലിസും പിടികൂടിയിരുന്നു. എന്നാല്‍ പിഴയടച്ച് ജാമ്യത്തില്‍ ഇറങ്ങുന്ന ഇവര്‍ വീണ്ടും ഈ മേഖലയില്‍ തന്നെ തുടരുകയാണ്.
കഴിഞ്ഞ ദിവസം പ്രദേശത്തെ യുവാവിനെ മദ്യം വാഹനത്തില്‍ കടത്തുന്നതിനിടെ പെരിന്തല്‍മണ്ണ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളെ ഇതിനു മുന്‍പും പലതവണ അധികൃതര്‍ പിടികൂടിയതാണ്. വന്‍ ലാഭത്തിനാണ് ഇത്തരക്കാര്‍ മദ്യം വില്‍ക്കുന്നത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ദൂരെ സ്ഥലങ്ങളില്‍നിന്ന് പോലും ഇവരെ തേടിയെത്തുന്നുണ്ട്.
രാത്രികാലങ്ങളില്‍ മദ്‌റസയിലേക്കും മറ്റും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇത്തരക്കാരുടെ ശല്യം സഹിച്ചാണ് സഞ്ചരിക്കുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകാന്‍ അധികൃതര്‍ കര്‍ശനമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."