കുത്തകകളുടെ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും വരേ കേരളത്തില്‍ ഭൂ സമരം
കോഴിക്കോട്: കുത്തകകള്‍ കൈവശം വച്ച് അനധികൃതമായ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിക്ക് കരമൊടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി കൊടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഉത്തരവ് ദേശദ്രോഹപരമാണെന്ന് ഭൂസമരസമിതിയുടെ സംസ്ഥാന കണ്‍വീനറും, തൊവരിമല ഭൂസമര നേതാവുമായ എം.പി. കുഞ്ഞിക്കണാരന്‍.
525,000 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനത്ത് അനധികൃതമായി കുത്തകകളുടെ കൈയിലുള്ളത്. ഇതില്‍ ഒരു ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് ഹാരിസന്റെ കൈയില്‍ അധികമായിട്ടുള്ളത്. കുറെഭാഗം ബ്രിട്ടിഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ പേരിലെന്ന് കമ്പനി തന്നെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് ആദിവാസികള്‍ ഉള്‍പ്പെടെ തദ്ദേശീയ ജനവിഭാഗങ്ങളെ തുരത്തി കൊണ്ട് ഉണ്ടാക്കിയ ബ്രിട്ടിഷ് പാട്ടക്കരാര്‍ റദ്ദാക്കുന്നതിന് പകരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് ബിനാമികളിലേക്ക് ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയാണുണ്ടായത് .
കേരളത്തിലെ ഭൂരഹിതരായ ആദിവാസികളും, മറ്റും ഭൂമിയില്ലാതെ സമരം ചെയ്യുമ്പോള്‍ കുത്തകകളുടെ അനധികൃതമായ ഭൂമിക്ക് നിയമസാധുത നല്‍കാനുള്ള പിണറായി സര്‍ക്കാര്‍ ഇടതുപക്ഷ പാരമ്പര്യത്തിന് അപമാനകരമാണ്. കുത്തകകളുടെ അനധികൃതഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ദരിദ്ര ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യണം. ഈ ആവശ്യത്തിന് വേണ്ടി സംസ്ഥാന വ്യാപകമായി ഭൂ പ്രക്ഷോഭം ആരംഭിക്കും. വയനാട് കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന തൊവരിമല ഭൂ പ്രക്ഷോഭം 36 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരസമിതിയുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."