ബാലാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പായില്ല; വിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസുകള്‍ വ്യാപകം
മാനന്തവാടി: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് ഉത്തരവ് നല്‍കണമെന്നുള്ള ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നടപ്പിലായില്ല. ഇതുസംബന്ധിച്ച് ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇനിയും നല്‍കാത്തതാണ് വിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസുകള്‍ നടക്കാനിടയാക്കുന്നത്.
ഹൈസ്‌കൂള്‍ തലം വരെയുള്ള വിദ്യാലയങ്ങളില്‍ യാതൊരു കാരണവശാലും വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സര്‍ക്കുലര്‍ ഏപ്രില്‍ 28ന് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച പല വിദ്യാലയങ്ങളും അടച്ചുപൂട്ടിയിരുന്നു. സംസ്ഥാനത്ത് മധ്യ വേനലവധിക്കാലത്ത് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി യാതൊരു ക്ലാസുകളും സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ മുന്‍വര്‍ഷം നിര്‍ദേശം നല്‍കിയിരുന്നു.
ഇത് നിലനില്‍ക്കെ ചില സി.ബി.എസ്.സി, എയ്ഡഡ്, അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ അവധിക്കാലത്ത് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് ബാലാവകാശ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 28നാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്.
കനത്ത വേനല്‍ ചൂടിന്റെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്തായിരുന്നു ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. ഇതനുസരിച്ച് ഏപ്രില്‍ 28ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ലംഘിച്ച് ക്ലാസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്കെതിരെ കനത്ത ശിക്ഷാ നടപടികളെടുക്കുമെന്ന് വിദ്യഭ്യാസ ഡയരക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബാലാവകാശ കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശപ്രകാരം ഹയര്‍സെക്കന്‍ഡറി വിദ്യഭ്യാസ വകുപ്പ് ഡയരക്ടര്‍ ഉത്തരവിറക്കിയിട്ടില്ലന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ചില വിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസുകളെടുക്കുന്നത്.
സയന്‍സ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയിലെ ഏതാനും സര്‍ക്കാര്‍ സ്‌കൂളുകളിലും എയിഡഡ് സ്‌കൂളുകളിലും അവധിക്കാല ക്ലാസുകള്‍ നടത്തുന്നത്. ചില വിദ്യാലയങ്ങള്‍ സ്‌കൂള്‍ യൂണിഫോം പോലും നിര്‍ബ്ബന്ധമാക്കാതെ രഹസ്യമായാണ് പഠനം നടത്തുന്നത്.
സ്‌കൂളിനോട് ചേര്‍ന്ന സ്വകാര്യ കെട്ടിടങ്ങളില്‍ പോലും വിലക്ക് മറികടക്കാന്‍ ക്ലാസുകളെടുക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരിശോധന നടത്താനും പ്രത്യേക സംവിധാനമില്ലാത്തതിനാല്‍ ക്ലാസുകള്‍ നിര്‍ബാധം തുടരുകയാണ്.
ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം ഭൂരിഭാഗം വിദ്യാലയങ്ങള്‍ പാലിക്കുകയും ഏതാനും വിദ്യാലയങ്ങള്‍ ലംഘിക്കുകയും ചെയ്യുമ്പോള്‍ മത്സരമേഖലയായ പ്ലസ്ടുവിലെ വിദ്യാര്‍ഥികളുടെ ഭാവിയാണ് ആശങ്കയിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."