ബാങ്ക് സര്‍വീസ് ചാര്‍ജ് വര്‍ധന: പോസ്റ്റോഫിസ് എ.ടി.എമ്മുകള്‍ക്ക് പ്രിയമേറുന്നു
പാലക്കാട്: എ.ടി.എം സംവിധാനം തപാല്‍ വകുപ്പ് വിപുലമാക്കുന്നു. പോസ്റ്റ് ഓഫിസ് സേവനങ്ങളിലെ മികവുമൂലം ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് തപാല്‍വകുപ്പിനെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 50 പോസ്റ്റോഫീസുകളിലാണ് എ.ടി.എം സൗകര്യമുള്ളത്.
കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലെ പോസ്റ്റോഫീസുകളില്‍ എ.ടി.എം തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ബാങ്കുകള്‍ അമിതമായി സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതോടെ പോസ്റ്റ് ഓഫിസ് എ.ടി.എം സേവനത്തിലേക്ക് ജനങ്ങളെ കുടുതല്‍ അടുപ്പിക്കുന്നതിനായും ഇത് മുതലെടുത്ത് പോസ്റ്റോഫീസുകളിലേക്ക് എ.ടി.എം സൗകര്യം വ്യാപിപ്പിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചതായി തപാല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.
83 സബ് പോസ്റ്റോഫീസുകളാണ് പാലക്കാട് ജില്ലയിലുള്ളത്. അഞ്ചോളം പോസ്റ്റാഫീസുകളില്‍ എ.ടി.എം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ ടി.എം സൗകര്യം കൂടുതല്‍ പോസ്റ്റോഫീസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് കെ. അനില്‍ പറഞ്ഞു. പോസ്റ്റോഫീസ് എ.ടി.എമ്മുകള്‍ പൊതുമേഖലാ ബാങ്ക് എ.ടി.എമ്മുകളുമായി ബന്ധിപ്പിച്ചതിനുശേഷമാണ് പോസ്റ്റോഫീസ് റുപേ കാര്‍ഡ് ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചത്.
സൗജന്യ എ.ടി.എം സേവനം നല്‍കിയത് പോസ്റ്റോഫീസ് റുപേ കാര്‍ഡുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നതിന് കാരണമായി. പിന്നീട് പോസ്റ്റോഫീസ് റുപേ കാര്‍ഡുകള്‍ ബാങ്ക് എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പോസ്റ്റോഫീസ് അധികൃതര്‍ ബാങ്ക്് എ.ടി.എം കാര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.
പോസ്റ്റോഫീസ് എ.ടി.എമ്മുകളില്‍ റുപേ കാര്‍ഡുകള്‍ ഉപയോഗിച്ച് യാതൊരു സര്‍വീസ് ചാര്‍ജുമില്ലാതെ എത്രതവണ വേണമെങ്കിലും ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഇപ്പോഴും ലഭ്യമാണ്.
എസ്.ബി.ഐയില്‍ തീവെട്ടിക്കൊള്ള; ജൂണ്‍ മുതല്‍ ഒരു എ.ടി.എം ഇടപാടിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്
പൊതുമേഖലാ ബാങ്കുകളും, സ്വകാര്യ ബാങ്കുകളും എ.ടി.എമ്മില്‍നിന്ന് പണമെടുക്കുന്നതിനു സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ചാര്‍ജുകളൊന്നുമില്ലാത്ത പോസ്റ്റ് ഓഫിസ് അക്കൗണ്ടുകള്‍ തുടങ്ങാന്‍ തിരക്കായത്.
അക്കൗണ്ട് തുടങ്ങാന്‍ 50 രൂപ മാത്രം മുടക്കിയാല്‍ മതിയെന്നതും പോസ്റ്റല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എ.ടി.എം കൗണ്ടറുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ടെന്നതുമാണ് പോസ്റ്റല്‍ അക്കൗണ്ട് എ.ടി.എമ്മിന്റെ പ്രത്യേകത.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളുടെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പിന്‍വലിച്ചിരുന്നു. അത് വീണ്ടും പുനരാരംഭിച്ചതിന് പുറമെ മാസത്തില്‍ അഞ്ചു തവണമാത്രമേ എ.ടി.എം സേവനം നടത്താന്‍ സാധ്യമാകുകയൂള്ളു. അതില്‍ കൂടുതല്‍ സേവനം നടത്തിയാല്‍ 25 മുതല്‍ 30 രൂപവരെയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സര്‍വീസ് ചാര്‍ജ് തിരിച്ചടിയായിരിക്കുകയാണ്. ഇത് മൂലം പോസ്റ്റ് ഓഫീസ് എ.ടി.എം. സര്‍വീസിലേക്ക് തിരിയാനും ഇടയാക്കിയതായി പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."