HOME
DETAILS
MAL
എണ്ണം കുറയ്ക്കുന്നതല്ല, സോഫ്റ്റ്‌വെയറിലെ തകരാറാണെന്ന് ആരോഗ്യവകുപ്പ്
backup
October 19 2020 | 01:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ കുറയുന്നു എന്ന ആരോപണം തള്ളി ആരോഗ്യവകുപ്പ്. പരിശോധനകള്‍ കുറയുന്നില്ലെന്നും എന്നാല്‍ കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറില്‍ പ്രശ്‌നമുള്ളതിനാല്‍ അത് ഡാഷ്‌ബോര്‍ഡില്‍ അപ്‌ലോഡ് ചെയ്യാനാവാത്തതാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
പുതിയ സോഫ്റ്റ്‌വെയറില്‍ നിരവധി ഇന്‍പുട്ടുകള്‍ നല്‍കണമെന്നും സാംപിള്‍ ശേഖരണ കേന്ദ്രത്തില്‍ നിന്നുതന്നെയാണ് അത് ചേര്‍ക്കേണ്ടതെന്നും എന്നാല്‍ അത് സമയത്ത് കഴിയാത്തതുകൊണ്ടാണ് പരിശോധനകളുടെ എണ്ണം കണക്കാക്കാനാവാത്തതെന്നുമാണ് കൊവിഡ് കോര്‍ ടീം അംഗവും സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയരക്ടറുമായ ഡോ. മുഹമ്മദ് അഷീല്‍ നല്‍കുന്ന വിശദീകരണം. പോസിറ്റീവിറ്റി നിരക്ക് കുറച്ചുകാണിക്കുന്നതിനുള്ള ശ്രമമാണ് സംസ്ഥാനത്തെ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതെന്ന ആരോപണവും അഷീല്‍ തള്ളിക്കളഞ്ഞു. കേരളത്തിലെ മരണനിരക്കും ആശുപത്രി പ്രവേശന നിരക്കും കുറവാണെന്നും മറിച്ചായിരുന്നെങ്കില്‍ ഇത് വര്‍ധിക്കുമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ പുറത്തുവരുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി പരിശോധനയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ഒക്ടോബര്‍ 10 മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളില്‍ പത്താം തീയതി മാത്രമാണ് കൊവിഡ് പ്രതിദിന പരിശോധന 65,000 കടന്നത്. അന്നത്തെ പോസിറ്റീവിറ്റി നിരക്കാകട്ടെ 17.74 ശതമാനവും. പിന്നീടുള്ള ദിവസങ്ങളില്‍ കൊവിഡ് പരിശോധിച്ചവരുടെ എണ്ണം 60,000ല്‍ താഴെ മാത്രമാണ്. ഒക്ടോബര്‍ 14ന് പരിശോധന നടത്തിയവരുടെ എണ്ണം 38,259 മാത്രമാണ്.
അന്നും പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായി. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 10,000ത്തിന് മുകളിലായിട്ടും പരിശോധന സംവിധാനങ്ങള്‍ വ്യാപിപ്പിക്കാത്തത് സാമൂഹ്യ വ്യാപനം ഉള്‍പ്പടെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ക്കും വഴിവച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."