ഡ്രൈവര്‍ സീറ്റില്‍ 'താല്‍ക്കാലിക' തള്ളിക്കയറ്റം
മഞ്ചേരി: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരുടെ തള്ളിക്കയറ്റം. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നോക്കുക്കുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നത്. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഏഴ് മാസത്തോളമായെങ്കിലും നാല്‍പതോളം നിയമനങ്ങള്‍ മാത്രമാണ് നടന്നത്.
പി.എസ്.സി മെയിന്‍ ലിസ്റ്റില്‍ 213 പേര്‍ ഊഴം കാത്തിരിക്കുമ്പോഴാണ് നാമമാത്രമായ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ അധികൃതര്‍ വഞ്ചിക്കുന്നത്. പഞ്ചായത്തുകള്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാതെ വകുപ്പ് അധികൃതര്‍ താല്‍ക്കാലിക ജോലിക്കാരെ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്.
പഞ്ചായത്തുകള്‍ക്ക് സര്‍ക്കാറിനോട് ഡ്രൈവര്‍ തസ്തിക ആവശ്യപ്പെടാമെങ്കിലും ഇഷ്ടക്കാര്‍ക്ക് ജോലി നല്‍കാന്‍ അധികൃതര്‍ തസ്തിക സൃഷ്ടിക്കാന്‍ മടിക്കുകയാണ്. പി.എസ്.സി ലിസ്റ്റ് പ്രകാരം ഒഴിവുവരുന്ന തസ്തികകളുടെ എണ്ണത്തേക്കാള്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജില്ലയിലുണ്ട്. ഇവര്‍ അവസരം കാത്തുകഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശുപാര്‍ശയോടെയാണ് ജില്ലയില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നത്. ജില്ലയിലെ 73 പഞ്ചായത്തുകളിലും താല്‍ക്കാലിക ഡ്രൈവര്‍മാരാണ് ജോലി ചെയ്യുന്നത്. ആര്‍.ടി.ഒയില്‍ ഒന്‍പത് പേരും റവന്യൂ വകുപ്പില്‍ പതിനേഴും കൊമേഴ്ഷ്യല്‍ ടാക്‌സ് വിഭാഗത്തില്‍ ആറ് പേരും താല്‍ക്കാലികക്കാരാണ്. ഇവരെല്ലാം രാഷ്ട്രീയ സ്വാധീനത്തോടെ ജോലി സമ്പാദിച്ചവരാണ്.
40 വയസ് പൂര്‍ത്തിയായ ആളുകള്‍ വരെ നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉണ്ട്. ഇവര്‍ക്ക് ഇനി പരീക്ഷ എഴുതാന്‍ പോലും അവസരമുണ്ടാകില്ല. താല്‍ക്കാലിക ഡ്രൈവര്‍ക്ക് സര്‍ക്കാര്‍ മാസത്തില്‍ ഇരുപതിനായിരം രൂപ വരെ നല്‍കുന്നുണ്ട്. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രകാരം ജോലിയില്‍ കയറിയവര്‍ക്ക് ലഭിക്കുന്നത് 16,000 രൂപയാണ്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പല തവണ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും എല്ലാം ജലരേഖയാവുകയാണ്. അനധികൃത നിയമനങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് റാങ്ക് ലിസ്റ്റിലുള്ളവര്‍. തസ്തിക സൃഷ്ടിക്കാന്‍ കാലതാമസം നേരിടുകയാണെങ്കില്‍ താല്‍ക്കാലികമായെങ്കിലും റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഓള്‍ കേരള എല്‍.ഡി.വി റാങ്ക് ഹോള്‍ഡേഴ്‌സ് ജില്ലാ ഭാരവാഹികളായ രാമകൃഷ്ണന്‍ വെണ്ടല്ലൂര്‍, മൊയ്തീന്‍ കുട്ടി കാടപ്പടി, ഹാരിസ് മമ്പാട് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."