തോപ്പുംപടി എസ്.ബി.ഐ ശാഖയില്‍ ഇടപാടുകാരെ വലയ്ക്കുന്നതായി പരാതി
മട്ടാഞ്ചേരി: തോപ്പുംപടി എസ്.ബി.ഐ ശാഖയില്‍ ഇടപാടിനെത്തുന്ന ഉപഭോക്താക്കള്‍ വലയുന്നു. നിസാര കാര്യങ്ങള്‍ക്കുപോലും ടോക്കണ്‍ എടുത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. തീരദേശ പ്രദേശങ്ങളായ കണ്ണമാലി, ചെല്ലാനം, കണ്ടക്കടവ് എന്നി തീരപ്രദേശങ്ങളില്‍ നിന്നുള്ളവരടക്കം 35,000 ലേറെ ഉപഭോക്താക്കളാണ് തോപ്പുംപടി എസ്.ബി.ഐ ശാഖയിലുള്ളത്. ഇത്രയും ഉപഭോക്താക്കളെ കൈകാര്യം കൈകാര്യം ചെയ്യാന്‍ ബാങ്കിലെ ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രായമായവരടക്കം നിരവധിയാളുകള്‍ ഇടപാടിനായി ഇവിടെയെത്തുന്നുണ്ട്.
ക്ഷേമ പെന്‍ഷനുകള്‍ക്കായി ഏറെ വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടുന്നവര്‍ രാവിലെ മുതല്‍ ബാങ്കിലെത്തി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതു മൂലം വിശ്രമിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പ്രായമായവരുള്‍പ്പെടെ നില്‍ക്കേണ്ട അവസ്ഥയാണ്. ഇടപാടിനായി എത്തുന്നവര്‍ക്ക് മണിക്കൂറുകളോളം ബാങ്കില്‍ ചിലവഴിക്കേണ്ട അവസ്ഥയുള്ളതിനാല്‍ പലപ്പോഴും ജീവനക്കാരും ഇടപാടുകാരും തമ്മില്‍ തര്‍ക്കങ്ങളും പതിവാണ്.
പശ്ചിമകൊച്ചിയില്‍ ആകെയുളള ക്യാഷ് ഡെപ്പോസിറ്റിങ് മെഷീന്‍ ഇവിടെയാണുള്ളത്. ഇവിടെയും മുഴുവന്‍ സമയവും നീണ്ട നിരയാണ്. ഇടപാടുകാര്‍ ബാങ്കിന് കൈകാര്യം ചെയ്യാവുന്നതിന്റെ പരിധിയില്‍ കൂടുതലായതിനാന്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ബാങ്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
തുടര്‍ച്ചയായി വരുന്ന അവധിക്ക് ശേഷം ബാങ്കില്‍ നിന്നു തിരിയാന്‍ പോലുമാവാത്ത സ്ഥിതിയാണുള്ളത്. ഇടപാടുകാരോട് മാന്യമായി പെരുമാറുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് മാനേജരുമായി ചര്‍ച്ചനടത്തി. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്ക് ശേഷം ഇടപാടുകാര്‍ കൂട്ടത്തോടെ എത്തിയതാണ് തിരക്കു വര്‍ധിക്കാന്‍ കാരണമെന്ന് ബാങ്ക് മാനേജര്‍ ബിന്ധു.ആര്‍ പറഞ്ഞു. തിരക്കു പരിഹാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നും ഇടപാടുകാരോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്താമെന്നും മാനേജര്‍ ഉറപ്പു നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷമീര്‍ വളവത്ത്, റിയാസ് ഷെരീഫ്, സനില്‍ ഈസ, ഇ.എ.ഹാരിസ്, ഷെഫീക്ക് കത്തപ്പെര, മുനീര്‍ കൊച്ചങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് മാനേജരുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."