HOME
DETAILS
MAL
നഗോര്‍നോ കരാബഖില്‍ 700 സൈനികര്‍ കൊല്ലപ്പെട്ടു
backup
October 19 2020 | 01:10 AM
ബാകു: വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍പറത്തി അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധം തുടരുന്നതിനിടെ അര്‍മേനിയയില്‍ നിന്ന് നഗോര്‍നോ കരാബഖ് വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ അസര്‍ബൈജാന്‍ സൈന്യം മുന്നേറുന്നു. ഇന്നലെ നഗോര്‍നോ കരാബഖിലെ 700 ശത്രുസൈനികരെ കൊലപ്പെടുത്തിയ അസരി സേന അര്‍മേനിയയുടെ റഷ്യന്‍ നിര്‍മിതമായ എസ്.യു-25 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തുകയും ചെയ്തു. അസര്‍ബൈജാനിലെ ജബരയില്‍ മേഖലയില്‍ വ്യോമാക്രമണം നടത്താനുള്ള ശ്രമത്തിനിടെയാണ് വിമാനം വീഴ്ത്തിയതെന്ന് അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ നേതൃത്വത്തില്‍ നടന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് മറുഭാഗം സാധാരണക്കാരുടെ നേരെ ആക്രമണം നടത്തുന്നതായി ഇരു രാജ്യങ്ങളും ആരോപിക്കുന്നു. അതിനിടെ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വീണ്ടും വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് ഇരു വിഭാഗവും അറിയിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ഫോണില്‍ വിളിച്ചു സംസാരിച്ചതിനെ തുടര്‍ന്നാണിത്.
അതിനിടെ ശത്രുരാജ്യത്തു നിന്നും വീണ്ടെടുത്ത പ്രദേശങ്ങളുടെ പട്ടിക അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഗന്‍ജയില്‍ ജനവാസ മേഖലയ്ക്കു നേരെ അര്‍മേനിയന്‍ സേന മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് അസരി സേന പ്രത്യാക്രമണം ശക്തമാക്കിയത്. ഇതോടെ അര്‍മേനിയന്‍ സേനയ്ക്ക് വന്‍ നാശനഷ്ടം നേരിട്ടതായാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 27നാണ് അര്‍മേനിയന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നഗോര്‍ന കരാബഖ് തര്‍ക്കത്തെ തുടര്‍ന്ന് ഇരുസേനകളും തമ്മില്‍ യുദ്ധം തുടങ്ങിയത്. അസര്‍ബൈജാന്റെ ഭാഗമായ നഗോര്‍ന കരാബഖ് നിലവില്‍ അര്‍മേനിയയുടെ കീഴിലാണ്. 1994ല്‍ ഈ പ്രദേശം അര്‍മേനിയ പിടിച്ചെടുത്ത യുദ്ധത്തില്‍ 30,000 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ അസരി ആക്രമണത്തില്‍ ഇന്നലെ 40 സൈനികരെ കൂടി നഷ്ടമായതായി നഗോര്‍ന കരാബഖ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതോടെ 673 സൈനികരെയാണ് സ്വയംഭരണ മേഖലയായ നഗോര്‍ന കരാബഖിന് ഈ യുദ്ധത്തില്‍ ഇതുവരെ നഷ്ടമായത്. അതേസമയം ഇരുപക്ഷത്തുമായി 3000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."