പൊലിസിലെ ചേരിപ്പോര് അവസാനിപ്പിക്കണം
ക്രമസമാധാനപാലനം അവതാളത്തിലാകുംവിധം പൊലിസ് തലപ്പത്തെ ചേരിപ്പോര് രൂക്ഷമായിരിക്കുന്നു. സുപ്രിംകോടതി ഉത്തരവു പ്രകാരം ഡി.ജി.പി കസേരയില്‍ ടി.പി സെന്‍കുമാര്‍ തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെയാണു പൊലിസ് ആസ്ഥാനത്ത് തമ്മില്‍തല്ലാരംഭിച്ചത്. പൊലിസ് സ്റ്റേഷനുകളിലെ പെയ്ന്റ് വിവാദത്തില്‍ തുടങ്ങി പൊലിസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍നിന്നു ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലംമാറ്റിയതില്‍വരെ പൊലിസ് പോര് എത്തിയിരിക്കുന്നു.
ബീനയെ സ്ഥലം മാറ്റി ടി.പി സെന്‍കുമാര്‍ ഉത്തരവു പുറപ്പെടുവിച്ചെങ്കിലും ബീന കസേരയില്‍നിന്ന് ഇതുവരെ മാറിക്കൊടുത്തിട്ടില്ല. സ്ഥലം മാറ്റത്തിനെതിരേ ബീന ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഉത്തരവൊന്നും വന്നിട്ടില്ലെങ്കിലും ആരെയും മാറ്റിയിട്ടില്ല, ആരും മാറിയിട്ടില്ല എന്ന മട്ടിലുള്ള സര്‍ക്കാരിന്റെ പ്രതികരണം വന്നുകഴിഞ്ഞു. പോരു തീരുന്നില്ലെന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.
ബീനയ്ക്കു പകരം ചുമതലയേല്‍ക്കാന്‍ നിയോഗിക്കപ്പെട്ട പേരൂര്‍ക്കട എസ്.എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണ രണ്ടുദിവസമായി കസേരയൊഴിയുന്നതും കാത്തുനില്‍പ്പാണ്. കൊടുവള്ളി എം.എല്‍.എ കാരാട്ട ് റസാഖ് തനിക്കു വധഭീഷണയുണ്ടെന്നു പരാതിപ്പെട്ട് നല്‍കിയ അപേക്ഷ പൂഴ്ത്തിവച്ചെന്നും അതിനെ തുടര്‍ന്നാണു ബീനയെ മാറ്റിയതെന്നുമാണു സെന്‍കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. യു.ഡി.എഫ് സര്‍ക്കാറരിന്റെ കാലത്ത് ആഭ്യന്തരസെക്രട്ടറിയായിരുന്ന നളിനി നെറ്റോ പൊലിസിലെ ഒഴിവുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബീന തെറ്റായ വിവരം നല്‍കിയതായി പരാതി ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവരെ റൂറല്‍ എസ്.പി ഓഫിസിലേയ്ക്കു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
പൊലിസ് മേധാവിയായ കാലത്തു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ ചില ഉത്തരവുകള്‍ ടി.പി സെന്‍കുമാര്‍ റദ്ദാക്കിയതും പൊലിസിലെ തമ്മിലടിക്കു കാരണമായിട്ടുണ്ട്. എല്ലാ പൊലിസ് സ്റ്റേഷനുകളിലും പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ ഉത്തരവ് ഇതിലൊന്നാണ്. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിന്റെ തൊട്ടുമുന്‍പ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി, ഡി.ഐ.ജി, എ.ഡി.ജി.പി എന്നിവരെ മാറ്റി സര്‍ക്കാര്‍ അവരുടെ വിശ്വസ്ഥരെന്ന് തോന്നുന്നവരെ നിയമിച്ചിരുന്നു.
ഇതിനെതിരേയുള്ള പകപോക്കല്‍ കൂടിയാകണം ഡി.ജി.പി സെന്‍കുമാര്‍ നടത്തിയ ചില സ്ഥലം മാറ്റങ്ങളും അന്വേഷണ ഉത്തരവുകളും. സെന്‍കുമാര്‍ ബീനയ്ക്കു പകരം നിയമിച്ച സുരേഷ് കൃഷ്ണ എട്ടു മാസം മുന്‍പ് അച്ചടക്ക നടപടിയുടെ ഭാഗമായി പൊലിസ് ആസ്ഥാനത്തുനിന്ന് എസ്.പിയിലേയ്ക്കു സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ്.
ഇതിനിടെ പൊലിസിലെ വിവാദ ഓഫിസറായ ടോമിന്‍ തച്ചങ്കരിയും തന്നാലാവും വിധം രംഗം കൊഴുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഗതാഗതവകുപ്പില്‍ തന്റെ ജന്മദിനം ആര്‍.ടി ഓഫിസുകളില്‍ കേക്ക് മുറിച്ചു കെങ്കേമമായി ആഘോഷിക്കാന്‍ ഉത്തരവു നല്‍കിയ ഓഫിസറാണ് ഇപ്പോള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പിയായി നിയമിതനായിരിക്കുന്നത്. പൊലിസ് ആസ്ഥാനത്തെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും പുതിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് സ്ഥാപിച്ചുകൊണ്ടാണു ടോമിന്‍ തച്ചങ്കരിയുടെ പുതിയ രംഗപ്രവേശം. ഈ ഗ്രൂപ്പില്‍ ഡി.ജി.പി സെന്‍കുമാറിന് സ്ഥാനമില്ലെന്നതില്‍നിന്നു തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഉള്ളടക്കം ബോധ്യപ്പെടുന്നുണ്ട്.
പെയ്ന്റടിക്കാനുള്ള തീരുമാനം ടി.പി സെന്‍കുമാറിന്റേതായിരുന്നുവെന്നു ബെഹ്‌റയും താനങ്ങനെ ഉത്തരവു നല്‍കിയിട്ടില്ലെന്നു സെന്‍കുമാറും പറയുന്നിടത്തും കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇതിനിടെ ടി.പി സെന്‍കുമാറിനെതിരേയുള്ള വിജിലന്‍സ് കേസുകള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണു ബെഹ്‌റ. ചുരുക്കത്തില്‍, കേരളപൊലിസില്‍ നടക്കുന്നത് ശുദ്ധമായ (അശുദ്ധമായ) തമ്മില്‍തല്ലാണ്. ഇതു നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടവരല്ല സര്‍ക്കാര്‍.
പൊലിസിനെ അതതു കാലത്തെ ഭരണകക്ഷികളും രാഷ്ട്രീയപ്പാര്‍ട്ടികളും ദുരുപയോഗപ്പെടുത്തിയതിന്റെ പരിണിതഫലമാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കെ.കരുണാകരനും സി.എച്ച് മുഹമ്മദ്‌കോയയും ഇവിടെ പൊലിസിനെ ഭരിച്ചിരുന്നു. ഒരു നോട്ടംകൊണ്ടു പൊലിസിനെ നിലയ്ക്കു നിര്‍ത്തിയ ഭരണാധികാരിയായിരുന്നു കെ.കരുണാകരനെന്ന് ഇന്നത്തെ ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏതു ഭരണാധികാരിക്കും അടിച്ചമര്‍ത്താവുന്നതേയുള്ളൂ പൊലിസില്‍ പൊട്ടിപ്പുറപ്പെട്ട ലഹള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."