എസ്.ബി.ഐയുടെ കടുംകൈയും ആര്‍.ബി.ഐ പ്രസംഗങ്ങളും
എ.ടി.എം ഇടപാടുകള്‍ക്കു സര്‍വിസ് ചാര്‍ജ് ഈടാക്കുകയും ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തപ്പോള്‍ പിന്‍വലിക്കുകയും ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ നോട്ടപ്പിശകെന്നു കണക്കാക്കി തള്ളിക്കളയാനാകുമോ. ബഡ്ഡി അക്കൗണ്ടുകാരെ ഉദ്ദേശിച്ചു ഇറക്കിയ ഉത്തരവാണ് അതെന്ന എസ്.ബി.ഐ അധികൃതരുടെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇന്ത്യയിലെ ബാങ്ക് ഇടപാടുകാര്‍ക്കു കഴിയുമോ. വെറുമൊരു എ.ടി.എം ഇടപാടു ചാര്‍ജ് വര്‍ധനവില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ ഈ നടപടി.
ഈ ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പലരും പല അഭിപ്രായപ്രകടനവും നടത്തിയിട്ടുണ്ട്. ജനങ്ങളെ പിഴിയാന്‍ വേണ്ടി മാത്രമായി എസ്.ബി.ഐ കൊണ്ടുവന്ന ഉത്തരവാണിതെന്നും എസ്.ബി.ഐയെ പിന്തുടര്‍ന്ന് മറ്റു പൊതുമേഖലാ ബാങ്കുകളും പിഴിച്ചില്‍ നടപടിയാരംഭിക്കുമെന്നും സാമ്പത്തികശാസ്ത്രരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് എ.ടി.എം ചാര്‍ജ് ഈടാക്കുന്നതില്‍ ഇളവു വരുത്താന്‍ താല്‍ക്കാലികമായി എസ്.ബി.ഐ സ്വീകരിച്ചിട്ടുണ്ടെങ്കിലും വരാനിരിക്കുന്നത് കൂടുതല്‍ ശക്തമായ കുരുക്കുകളായിരിക്കുമെന്നതില്‍ സംശയമില്ല.
ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം അതല്ല. റിസര്‍വ് ബാങ്ക് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും ഈയിടെ നടത്തിയ രണ്ടു പരാമര്‍ശങ്ങളുടെ അടിത്തട്ടില്‍ എന്ത് എന്ന കാര്യവും അതിന്റെ പ്രത്യാഘാതങ്ങളെന്തായിരിക്കുമെന്നതുമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ കൊളമ്പിയ സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ ബാങ്കിങ് രംഗത്തു ഞെട്ടലുളവാക്കേണ്ട ഒരു കാര്യം പറഞ്ഞു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ അവസ്ഥ ആശങ്കാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതിനു പരിഹാരവും അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ ഇന്ത്യയിലുണ്ട്. പേരിനു ധാരാളം ബാങ്കുകള്‍ ഉണ്ടായിട്ടു കാര്യമില്ല. അന്താരാഷ്ട്രതലത്തില്‍ പണമിടപാടുമായി ബന്ധപ്പെട്ട മേഖലയില്‍ കടുത്ത മത്സരമാണു നടക്കുന്നത്. അതു നേരിടണമെങ്കില്‍ ശക്തമായ അടിത്തറ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അതിന് ഇന്നത്തെപ്പോലെ ദുര്‍ബലമായ ഒട്ടേറെ പൊതുമേഖലാ ബാങ്കുകള്‍ എന്ന അവസ്ഥ മാറണം. പൊതുമേഖലാ ബാങ്കുകള്‍ പരമാവധി ലയിച്ച് ശക്തമായ ബാങ്കുകളായി തീരണം. ഇതാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ നിര്‍ദേശം.
ഇനി ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ ഉന്നയിച്ച നിര്‍ദേശങ്ങള്‍ കാണാം. ഇപ്പോള്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന കുറഞ്ഞ ക്രെഡിറ്റ് ഫ്‌ളോയെന്ന പ്രതിസന്ധി നേരിടാന്‍ സ്വകാര്യവല്‍ക്കരണമാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. മുഴുവന്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമാവധി ആ രീതിയിലേയ്ക്കു മാറണം. ഗ്രാമീണമേഖലയിലെയും സാധാരണക്കാരനാവശ്യമായ വായ്പകളും മറ്റു ധനസഹായങ്ങളും നിറവേറ്റാന്‍ ഇവിടെ സഹകരണബാങ്കുകളും മൈക്രോഫിനാന്‍സിങ് പദ്ധതികളും ഉണ്ടല്ലോ എന്നു സമര്‍ഥിക്കാനും അദ്ദേഹം ധൈര്യം കാട്ടിയിട്ടുണ്ട്.
അതായത്, ഇന്ദിരാഗാന്ധി നടപ്പാക്കിയ ബാങ്ക് ദേശസാല്‍ക്കരണത്തില്‍ നിന്നൊരു തിരിച്ചുപോക്കാണ് ആര്‍.ബി.ഐയുടെ ഇപ്പോഴത്തെ നായകന്മാര്‍ നിര്‍ദേശിക്കുന്നത്. സ്വകാര്യകുത്തകബാങ്കുകള്‍ ജനങ്ങളുടെ കഴുത്തുഞെരിക്കുന്ന കൊള്ളപ്പലിശക്കാരായി മാറുകയും പാവപ്പെട്ട കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വായ്പ നല്‍കാന്‍ തയാറാകാതിരിക്കുകയും ചെയ്ത കാലത്താണ് ഇന്ദിരാഗാന്ധി ധീരമായ നടപടിയിലൂടെ ബാങ്ക് ദേശസാല്‍ക്കരണം പ്രഖ്യാപിച്ചത്. അതിനെ കീഴ്‌മേല്‍ മറിയ്ക്കുന്ന നടപടിയാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആത്യന്തികമായി ഇന്ത്യ പോകുന്നത് ബ്ലേഡ് കമ്പനികളുടെ കൈകളിലേയ്ക്കാണെന്നു വ്യക്തം.
ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെ അനുഗ്രഹാശിസ്സുകളോടെ നടന്ന സ്റ്റേറ്റ് ബാങ്ക് ലയനത്തെ വിലയിരുത്തേണ്ടത്. എസ്.ബി.ടിയും എസ്.ബി.എച്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരും മറ്റും തങ്ങളില്‍ ലയിപ്പിക്കുന്നതിന്റെ ഘട്ടത്തില്‍ എസ്.ബി.ഐ നല്‍കിയ വാഗ്ദാനം സാധാരണക്കാരന്റെ പ്രതീക്ഷയായ എസ്.ബി.ഐയുടെ മികച്ച സേവനങ്ങള്‍ ഇനി കൂടുതല്‍ ഉപഭോക്താക്കളിലേയ്ക്കു കൂടി എത്തുകയാണെന്നാണ്. വലിയൊരു അനുഗ്രഹമായാണ് ലയനത്തെ എസ്.ബി.ഐ വിശേഷിപ്പിച്ചത്. ബാങ്ക് ജീവനക്കാര്‍ ലയനത്തെ എതിര്‍ത്തപ്പോഴും ആ അനുഗ്രഹം തടയാന്‍ ശ്രമിക്കുന്നവരായാണ് ജനങ്ങള്‍ അവരെ കണ്ടത്.
ഇപ്പോഴത്തെ അവസ്ഥയെന്താണ്. കേരളത്തില്‍ മാത്രം 197 ശാഖകളാണ് ഇല്ലാതായത്. സേവനത്തിന്റെ കാര്യത്തില്‍ എ.ടി.എം ഉപയോഗത്തിന് അമിതചാര്‍ജ് ഈടാക്കിയ കാര്യം നാം കണ്ടു കഴിഞ്ഞു. അതു പിന്‍വലിച്ചെങ്കിലും അതിനൊപ്പം ആരംഭിച്ചതോ അതിനുമുന്‍പ് ആരംഭിച്ചതോ ആയ കഴുത്തറുപ്പന്‍ നടപടികള്‍ മിക്കതും ഇന്നും തുടരുകയാണ്. ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്കുബുക്ക് കിട്ടാന്‍ കടലാസുതാളിന്റെ എണ്ണത്തിന് അനുസൃതമായാണ് ഫീസ്. പത്തു താളിന് 30 രൂപ, 25 താളിന് 75 രൂപ, 50 താളിന് 150 രൂപ.
മുഷിഞ്ഞതും പഴകിയതുമായ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും ബാങ്കിനു സര്‍വിസ് ചാര്‍ജ് നല്‍കണം. മുഷിഞ്ഞ ഇരുപതു നോട്ടോ അയ്യായിരം രൂപയോ മാത്രമേ സൗജന്യമായി മാറിക്കിട്ടൂ. കൂടുതലുള്ളതിന് നോട്ടൊന്നിന് രണ്ടുരൂപ വച്ചു സര്‍വിസ് ചാര്‍ജ് നല്‍കണം. ഹാന്‍ഡ്‌ലിങ് ചാര്‍ജ് എന്ന ഓമനപ്പേരില്‍ വേറെയും കഴുത്തറുപ്പന്‍ പരിപാടികള്‍ എസ്.ബി.ഐ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
ഇതുകൊണ്ടു സംഭവിക്കാന്‍ പോകുന്ന രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് എസ്.ബി.ഐയുടെ പാതയില്‍ മറ്റു പൊതുമേഖലാ ബാങ്കുകളും ഷൈലോക്കുമാരായി മാറും. അതോടെ ജനം, പ്രത്യേകിച്ചു സാധാരണജനങ്ങള്‍ ബാങ്കുമായുള്ള ബന്ധം ഉപേക്ഷിക്കും. പണമുള്ളവര്‍ക്കു മുന്നില്‍ മോഹനവാഗ്ദാനങ്ങളുമായി ന്യൂജനറേഷന്‍ ബാങ്കുകളെത്തും. മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പൊതുമേഖലാ ബാങ്കുകള്‍ ഒന്നൊന്നായി മുങ്ങിച്ചാവും. നേട്ടം കോര്‍പ്പറേറ്റുകള്‍ക്ക്. സഹകരണമേഖലയുടെ നട്ടെല്ലൊടിച്ചിട്ട അവസ്ഥയിലായതിനാല്‍ സാധാരണക്കാരന്‍ വീണ്ടും ബ്ലേഡുകാരന്റെ മുന്നില്‍ കഴുത്തുനീട്ടിക്കൊടുക്കേണ്ടിവരും.
എന്തിനാണ് ഇത്രയും ക്രൂരമായ നടപടികളിലേയ്ക്കു പൊതുമേഖലാ ബാങ്കുകള്‍ പോകുന്നത്. അതിനു കാരണമറിയാന്‍ നോണ്‍ പെര്‍ഫോമിങ് അസറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കിട്ടാക്കടത്തിന്റെ ഉള്ളുകള്ളികള്‍ അറിയണം. ഒരു ലക്ഷം കോടിയിലേറെ രൂപയുടെ കിട്ടാക്കടം ബാങ്കുകള്‍ക്ക് ഉണ്ടെന്നാണു പറയുന്നത്. ഇതിന്റെ 80 ശതമാനവും കോര്‍പ്പറേറ്റുകളുടേതാണ്. സാധാരണക്കാരന്‍ വായ്പയെടുത്തു തിരിച്ചടച്ചില്ലെങ്കില്‍ അവന്റെ പുരയിടം ജപ്തിചെയ്യും.
കോര്‍പ്പറേറ്റുകളെ തൊടാന്‍ ധൈര്യമുണ്ടാകില്ലെന്നു വിജയ് മല്യയുടെ കാര്യത്തില്‍ നാം കണ്ടതാണല്ലോ. രാജ്യത്തെ 17 പൊതുമേഖലാ ബാങ്കുകളില്‍നിന്നായി 9000 കോടി രൂപ കബളിപ്പിച്ചാണ് മല്യ മുങ്ങിയത്. അദ്ദേഹം ഇന്ത്യയില്‍ ഉണ്ടായിരുന്ന കാലത്ത് തൊടാന്‍ ബാങ്കുകള്‍ക്കായില്ല. പിന്നീട്, കൂട്ടത്തോടെ കോടതിയെ സമീപിക്കുമ്പോഴേയ്ക്കും മല്യ ഇംഗ്ലണ്ടിലെത്തി സുഖവാസത്തിലായി. അവിടെ അദ്ദേഹത്തെ ഈയിടെ അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പുറത്തുവിട്ടു. മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമോയെന്ന് ഇപ്പോഴും വ്യക്തമല്ല.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകളുമായി നടത്തുന്ന മറ്റൊരു ഒത്തുകളിയും ഈയിടെ വെളിച്ചത്തുവന്നു. ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുന്ന വായ്പയില്‍ 75 ശതമാനത്തിലും കള്ളക്കളിയുണ്ടെന്നാണ് പുറത്തുവന്ന വിവരം. ആദ്യമെടുത്ത വായ്പ കോര്‍പ്പറേറ്റ് സ്ഥാപനം അടച്ചില്ലെങ്കില്‍ അതിനേക്കാള്‍ കൂടിയ തുക വായ്പ നല്‍കും. അതില്‍നിന്ന് ആദ്യത്തെ വായ്പ അടച്ചുതീര്‍ത്തയായി കാണിച്ചു ബാക്കി നല്‍കും. ഇതുവീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അവസാനം ഒരു വന്‍തുകയില്‍ എത്തിനില്‍ക്കും. ഇത് എഴുതിത്തള്ളുന്നു എന്നു പറയുന്നതിനു പകരം എന്‍.പി.എ എന്ന ഓമനപ്പേരില്‍ ബാങ്കിന്റെ ആസ്തിക്കണക്കില്‍ ഉള്‍പ്പെടുത്തി വയ്ക്കും. ആരെ കബളിപ്പിക്കാന്‍!
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഇനി പാവപ്പെട്ടവനും സാധാരണക്കാരനും ഏറെയൊന്നും ഏറെക്കാലമൊന്നും ആഗ്രഹിക്കാന്‍ വകയില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മറ്റു പോംവഴികളിലേയ്ക്കു തിരിയാന്‍ ജനം ബാധ്യസ്ഥരാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."