അഥീന കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഥീന കുടുക്ക പൊട്ടിച്ച് പണം നല്‍കി. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അഥീന സ്‌കൂള്‍ അസംബ്ലിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളും തങ്ങളുടേതായ പങ്ക് വഹിക്കണം എന്ന മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചപ്പോള്‍ത്തന്നെ തന്റെ പങ്കും നല്‍കാന്‍ തീരുമാനിച്ചു. കുടുക്ക പൊട്ടിച്ചപ്പോള്‍ കിട്ടിയ 1520 രൂപയും ദുരിതാശ്വസത്തിലേക്ക് കൈമാറി. തന്റെ ഒരു വര്‍ഷമായി കുടുക്കയില്‍ സൂക്ഷിക്കുന്ന പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂളില്‍നിന്നുള്ള ആദ്യ തുകയായി അത് സ്വീകരിക്കാമെന്ന് ടീച്ചര്‍ അഥീനക്ക് ഉറപ്പുകൊടുത്തു. സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ഭാടങ്ങളില്ലാത്ത ചടങ്ങില്‍ അധ്യാപകരും കൂട്ടുകാരും സാക്ഷിയായി അവള്‍ സന്തോഷപൂര്‍വം തുക ഡി.ഇ.ഒ കെ.എസ്.ബീനാറാണിക്ക് കൈമാറി. അങ്ങനെ കൊച്ച് അഥീനയുടെ ഒരു വര്‍ഷത്തെ മുഴുവന്‍ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ചുകൊണ്ട് സ്‌കൂളിന്റെ ധനസമാഹരണ പരിപാടിക്ക് തുടക്കമായി. ഇ.എം പ്രസേനകുമാര്‍-ജിജി ദമ്പതികളുടെ മകളാണ് ഈ ഒമ്പതാംക്ലാസുകാരി.
സ്‌കൂള്‍ എന്‍.സി.സി ഓഫിസര്‍ എസ്. ഷോലയുടെ നേതൃത്വത്തില്‍ സമാഹരിച്ച 10,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്‌കൂള്‍ സൂപ്രണ്ട് ടി.ആര്‍ രജി, സ്റ്റാഫ് സെക്രട്ടറി സ്റ്റാലിന്‍, സ്‌കൂള്‍ ലീഡര്‍ ആര്‍. ശ്രീരഞ്ജിനി, ജെ. കവിരാജ്, സി. സുപ്രിയ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്നലെ ജില്ലയിലെ സ്‌കൂളുകളിലെ ധനശേഖരണ പരിപാടികള്‍ക്ക് തുടക്കമായി. എല്ലാ സ്‌കൂള്‍ അസംബ്ലിയിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന വായിച്ചു. ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധനശേഖരണം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."