കായല്‍ തീരസംരക്ഷണ ഭിത്തി തകര്‍ന്നു
പൂച്ചാക്കല്‍: വേമ്പനാട്ടു കായല്‍ തീരത്തെ ഇരുവശങ്ങളിലെ കല്‍കെട്ടുകള്‍ തകര്‍ന്നു. തീരദേശവാസികള്‍ വേലിയേറ്റ ഭീതിയില്‍. അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം തുടങ്ങിയ മേഖലകളിലാണ് കല്‍ക്കെട്ടുകള്‍ നകര്‍ന്ന് ഭീഷണി നേരിടുന്നത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചതാണ് തീരദേശ കല്‍ക്കെട്ടുകള്‍. ഇത് പൂര്‍ണമായും തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
തീരത്തോട് ചേര്‍ന്ന കരപ്രദേശം കായല്‍ കവര്‍ന്ന് എടുത്തു കൊണ്ടിരിക്കുകയാണ്. കായല്‍ തീരങ്ങളില്‍ നിന്നിരുന്ന തെങ്ങുകളും മറ്റു കക്ഷങ്ങളും ഓരോന്നായി കടപുഴകി വീണു കൊണ്ടിരിക്കുകയാണ്. തിരയടിക്കുന്നതിനെ തുടര്‍ന്ന് മണ്ണ് ഒലിച്ചുപോകുന്നതാണ് തീരം ഇടിഞ്ഞ് വൃക്ഷങ്ങള്‍ കടപുഴകുന്നതിന് ഇടയാക്കുന്നത്. സ്വകാര്യ വ്യക്തികള്‍ സ്വന്തം പണം മുടക്കി നിര്‍മിച്ച കല്‍ക്കെട്ടുകളാണ് ചിലയിടങ്ങളിലെങ്കിലും അവശേഷിക്കുന്നത്.
കായലില്‍നിന്ന് മണല്‍വാരല്‍ നടന്നതിനെ തുടര്‍ന്ന് കായലില്‍ ആഴം വര്‍ധിച്ചതും കല്‍ക്കെട്ട് തകര്‍ച്ചക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രളയത്തിനിടക്ക് കായലില്‍നിന്നും കരിലേക്ക് വെള്ളം കയറിയത് കല്‍ക്കെട്ടുകള്‍ തകര്‍ന്നതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കല്‍ക്കെട്ടുകള്‍ ഉള്ള മേഖലകളിലെ വീടുകള്‍ സുരക്ഷിതമായി നിന്നപ്പോള്‍ ഇത് ഇല്ലാത്ത സ്ഥലങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ക്ക് ദിവസങ്ങളോളം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടിയും വന്നു.
വൃശ്ചിക വേലിയേറ്റ സമയത്തും വീടുകളിലേക്ക് കായല്‍വെള്ളം എത്താറുണ്ട്. ഇത് ഓരുവെള്ളമായതിനാല്‍ ഭീഷണി ഏറെയാണ്. കായല്‍ ജലനിരപ്പില്‍നിന്നും മൂന്നടിയോളം ഉയരത്തിയാണ് മുമ്പ് കല്‍കെട്ടുകള്‍ നിര്‍മിച്ചിന്നത്. ഇതത്രയും ഇന്ന് തകര്‍ന്ന് മണ്ണിനിടയിലാണ്. ജലപ്രളയ സമയത്ത് മൂന്നടിയോടടുത്ത് വെള്ളമാണ് കായലില്‍ ഉയര്‍ന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ശക്തമായ കല്‍ക്കെട്ട് ഉണ്ടായിരുന്നെങ്കില്‍ പ്രളയജലം കായലില്‍നിന്നും കരയിലേക്ക് കയറുകയില്ലായിരുന്നെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
തകര്‍ന്ന കല്‍ക്കെട്ടുകള്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് തീരദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അധികൃതര്‍ തുടങ്ങി മുഴുവന്‍ മേഖലകളിലും ഇത് സംബന്ധിച്ച നിവേദനങ്ങള്‍ നിരവധി തവണ നല്‍കിയതാണ്. എന്നാല്‍ ഇതൊന്നും അധികൃതര്‍ പരിഗണിച്ചിട്ടില്ല. അടുത്ത കാലത്ത് നടന്ന കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മേഖലയില്‍ കല്‍ക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടും അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. അടിയന്തരമായി തീരസംരക്ഷണഭിത്തി പുനര്‍നിര്‍മിക്കണമെന്ന് തീരദേശ നിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."