HOME
DETAILS
MAL
ജസീന്തയുടെ വിജയം നല്‍കുന്ന തിരിച്ചറിവുകള്‍
backup
October 19 2020 | 03:10 AM
തെക്കുപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ന്യൂസിലാന്‍ഡിലെ തെരഞ്ഞെടുപ്പ് വിജയം ലോകമാധ്യമങ്ങളില്‍ നിറയുമ്പോള്‍ ശ്രദ്ധേയമാകുന്നത് ജസീന്ത ആര്‍ഡേന്‍ എന്ന ഉരുക്കുവനിതയുടെ നിശ്ചയദാര്‍ഢ്യവും നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ്. കൊവിഡ് കാലത്ത് ലോകം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് ജനതയ്ക്കു വേണ്ടി ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിട്ട അവരെ, വംശീയതയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിച്ച അവരെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാകുമെന്ന് തോന്നുന്നില്ല.
ഏറ്റവും പ്രതിസന്ധി നിറഞ്ഞ മൂന്നു വര്‍ഷം അധികാരത്തിലിരുന്ന് നേടിയ ഭരണത്തുടര്‍ച്ചയ്ക്ക് മിന്നുന്ന വിജയം എന്നതിലുപരി രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. പ്രതിസന്ധികളില്‍ ഒരു ജനതയെ കാര്യപ്രാപ്തിയോടെ നയിക്കുന്ന നായകരെ ജനം കൈവിടില്ലന്ന സന്ദേശം ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ന്യൂസിലാന്‍ഡ് ജനത നല്‍കുന്നു. ഒപ്പം വംശീയതയുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്ന രാഷ്ട്രനേതാക്കള്‍ക്ക് പുനര്‍വിചിന്തനത്തിനു കൂടി അവസരമൊരുക്കുന്നതാണ് ജസീന്തയുടെ വിജയം. ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ ഇത്തരം പ്രത്യയശാസ്ത്രങ്ങളെ വേരൂന്നാന്‍ അനുവദിക്കില്ലെന്ന ജസീന്തയുടെ ഉറച്ച നിലപാടിനു ജനം നല്‍കിയ പിന്തുണകൂടിയായി ഈ തെരഞ്ഞെടുപ്പു വിജയത്തെ വിലയിരുത്താം.
ന്യൂസിലാന്‍ഡിലെ മാധ്യമങ്ങള്‍ വിജയത്തെ വിശേഷിപ്പിച്ചത് ലേബര്‍ പാര്‍ട്ടിയുടെ ഗംഭീര വിജയമെന്നും ചരിത്രവിജയം എന്നുമൊക്കെയാണ്. മൂന്നാഴ്ചയ്ക്കകം പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് ജസീന്ത പറഞ്ഞത്. വിജയത്തെ തുടര്‍ന്ന് അവര്‍ നടത്തിയ പ്രസംഗത്തിലും പ്രചാരണകാലത്തെ നിലപാടും പ്രകടനപത്രികാ വാഗ്ദാനങ്ങളും ആവര്‍ത്തിച്ചു. രാഷ്ട്രഭാവിക്കു വേണ്ടി സമയബന്ധിതമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി ഒന്നിച്ചു മുന്നേറാമെന്ന സന്ദേശമാണ് അവര്‍ നല്‍കിയത്. ചടുലമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ലേബര്‍ പാര്‍ട്ടിയെയും ജസീന്തയെയും വേറിട്ടു നിര്‍ത്തിയതും. വാര്‍ത്തകളില്‍ നിറയുന്നതിന് എന്തെങ്കിലും കാട്ടിക്കൂട്ടാനോ ഫോട്ടോഷൂട്ടുകള്‍ക്ക് പോസ് ചെയ്യാനോ ഒന്നും അവര്‍ തയാറായിരുന്നില്ല. പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തിയപ്പോള്‍ ലോകമാധ്യമങ്ങള്‍ ന്യൂസിലാന്‍ഡിനെ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. ഈ തെരഞ്ഞെടുപ്പിനെ കൊവിഡ് ഇലക്ഷന്‍ എന്നും ജസീന്ത വിശേഷിപ്പിച്ചിരുന്നു. കൊവിഡിനെ നേരിടുന്നതില്‍ ലോകത്ത് ഏറ്റവും മികച്ച നടപടികള്‍ കൈക്കൊണ്ട രാജ്യം ന്യൂസിലാന്‍ഡായിരുന്നു. ഒരിക്കല്‍ കൊവിഡ് മുക്തമാക്കിയ രാജ്യത്ത് വീണ്ടും രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നാലാഴ്ചയാണ് തെരഞ്ഞെടുപ്പ് വൈകിയത്.
മാര്‍ച്ചില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലോകത്ത് ഏറ്റവും കഠിന്യമേറിയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ന്യൂസിലാന്‍ഡിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കുടുംബവുമായി കാറില്‍ യാത്രചെയ്ത ആരോഗ്യ മന്ത്രിക്ക് പണിപോയി. പിന്നീട് അഞ്ചു ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 102 ദിവസം ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത അവസ്ഥയുണ്ടായി. ഓഗസ്റ്റില്‍ ഓക്‌ലന്റില്‍ വീണ്ടും രോഗം വന്നു. ഇപ്പോള്‍ നിയന്ത്രണങ്ങളില്ലാതെയാണ് ന്യൂസിലാന്‍ഡ് ജനത കഴിയുന്നത്.
ഭരണമികവിലൂടെയും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിലൂടെയും തന്റെ കഴിവ് തെളിയിച്ച വനിതാ നേതാവാണവര്‍. രാജ്യത്തെ പൗരരെ ഒരേ കണ്ണുകൊണ്ട് കണ്ടു എന്നതും മനുഷ്യസ്‌നേഹത്തിന്റെയും നീതിയുടെയും ഇടപെടലുകളും അവരെ ജനകീയ നേതാവാക്കി.
ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുടെ നാടാണ് ന്യൂസിലാന്‍ഡും. ഇവിടെ ഭരണനീതി, സാമൂഹിക സഹവര്‍ത്തിത്വം, പൗരരോടുള്ള ഉത്തരവാദിത്വം എന്നിവ പാലിക്കുന്നതിന്റെ രീതിശാസ്ത്രം പല രാഷ്ട്രനേതാക്കളും ജസീന്തയില്‍ കണ്ടു. വോട്ടുബാങ്കിനു വേണ്ടി ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിച്ചു നിര്‍ത്താനവര്‍ തയാറായില്ല. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സംസാരിച്ചാല്‍ വോട്ടു കുറയുമെന്നവര്‍ ഭയപ്പെട്ടില്ല. പൗരര്‍ക്ക് രാഷ്ട്രം നല്‍കേണ്ട സുരക്ഷിതത്വവും സംരക്ഷണവും എന്താണെന്നും എങ്ങനെയാണെന്നും ലോകത്തിനു കാണിച്ചുകൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
2019 മാര്‍ച്ചില്‍ രാജ്യത്തെ രണ്ടു മസ്ജിദുകളില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ജസീന്തയെന്ന രാഷ്ട്രനേതാവിനെ ലോകം ഉറ്റുനോക്കിയത്. മനുഷ്യസ്‌നേഹവും ചേര്‍ത്തുപിടിക്കലും മുസ്‌ലിം സമൂഹത്തിനുള്ള പിന്തുണയുമെല്ലാം ആ രാജ്യത്തെ മുസ്‌ലിംകളുടെ മനസിലെ മുറിവുണക്കാനായി. ഇതിലൂടെ പരാജയപ്പെട്ട് പത്തിതാഴ്ത്തിയത് വംശീയവിദ്വേഷവും വെറുപ്പും വിതച്ച് നേട്ടം കൊയ്യാമെന്ന തീവ്ര വലതുപക്ഷവാദികളുടെ കുടിലതന്ത്രമാണ്. മതസ്പര്‍ധയുടെ വിള്ളലുകള്‍ വീണാല്‍ ആ രാജ്യം എളുപ്പത്തില്‍ നശിക്കുമെന്നും പൗരരില്‍ ചേരിതിരിവുണ്ടാകുന്നത് രാജ്യത്തിന്റെ അഖണ്ഡതയുടെ നട്ടെല്ല് തകര്‍ക്കലാകുമെന്നും അവര്‍ മനസിലാക്കി. രാജ്യം എപ്പോഴും മുറിവേറ്റവരോടൊപ്പമാണെന്ന സന്ദേശം നല്‍കി പര്‍ദ ധരിച്ച് ഭീകരാക്രമണ ഇരകളെ കാണാനെത്തി, പാര്‍ലമെന്റില്‍ സലാം പറഞ്ഞ് പ്രസംഗം തുടങ്ങി, ദേശീയ റേഡിയോയില്‍ മുസ്‌ലിം പ്രാര്‍ഥനകള്‍ ഉള്‍പ്പെടുത്തിയൊക്കെയാണ് വംശീയവാദികള്‍ക്ക് അവര്‍ മറുപടി നല്‍കിയത്. ഏതൊരു ഹീനപ്രവൃത്തിയെയും വെറുപ്പു പ്രചരിപ്പിച്ച് ന്യായീകരിക്കുന്ന ഫാസിസ്റ്റ് അടവുരീതിയെ മുളയിലേ നുള്ളിയാണ് ജസീന്ത മറുതന്ത്രം പയറ്റിയത്.
ഇത് ന്യൂനപക്ഷ വോട്ടിനു വേണ്ടിയുള്ളൊരു വേഷംകെട്ടലാണോ എന്ന സംശയം ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ പിന്നീട് നടത്തിയത്. അവരുടെ രാഷ്ട്രീയ സംസ്‌കാരവും കാര്യശേഷിയും കര്‍മമികവും അതിനു ശക്തിയേകി. നാട്യങ്ങളില്ലാതെ, കപട ദേശീയത ഉയര്‍ത്താതെ, പ്രസംഗങ്ങളില്‍ മാത്രം ജീവിക്കാതെ രാജ്യം അഗ്നിപര്‍വത സ്‌ഫോടനത്തിലും മഹാമാരിയിലും സാമ്പത്തിക പ്രതിസന്ധിയിലും ഭീകരാക്രമണത്തിലും വിറച്ചപ്പോള്‍ ജനങ്ങളെ കൈപിടിച്ച് പ്രതിസന്ധി നേരിടാന്‍ പ്രാപ്തരാക്കിയ വനിതയെ മാതൃകാ ഭരണാധികാരിയെന്നല്ലാതെ എന്താണ് വിളിക്കാനാകുക? ന്യൂസിലാന്‍ഡ് എന്ന കൊച്ചു രാഷ്ട്രം നല്‍കുന്ന ഈ സന്ദേശം വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്നവര്‍ക്ക് എന്നാണ് തിരിച്ചറിവുകള്‍ നല്‍കുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."