അബ്ദുല്ലക്കുട്ടിക്കെതിരേ സുധീരന്‍ രംഗത്ത്
മറ്റൊരു പാര്‍ട്ടിയില്‍നിന്നും നടപടിയെടുത്ത് പുറംതള്ളപ്പെട്ട വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയത് അനൗചിത്യമാണ്
തൃശൂര്‍: മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടിയോട് വ്യക്തിപരമായ വിരോധമില്ലെന്നും വിയോജിപ്പ് നിലപാടുകളില്‍ മാത്രമാണെന്നും വി.എം സുധീരന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയസമൂഹത്തിന് തീരാകളങ്കമാണ് അബ്ദുല്ലക്കുട്ടി. മോദിയെ പ്രശംസിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹം എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സംശയാതീതമായ സൂചനയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്‌ക്കെതിരേ താന്‍ പ്രവര്‍ത്തിച്ചുവെന്ന് അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തിയത് വിഷയം വഴിതിരിച്ചുവിടാനാണ്. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കരുത്. വീക്ഷണം മുഖപ്രസംഗമെഴുതിയത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പത്രമാണ് വീക്ഷണം.
പ്രവര്‍ത്തകരുടെ മനസില്‍ അബ്ദുല്ലക്കുട്ടിക്ക് സ്ഥാനമില്ല. പ്രവര്‍ത്തകരുടെ നെഞ്ചത്താണ് അദ്ദേഹം ചവിട്ടിയത്. ബി.ജെ.പിയിലേക്ക് പോകുമോയെന്ന് ചോദിച്ചപ്പോള്‍ നിഷേധിക്കുന്ന തരത്തിലുള്ള മറുപടിയല്ല ലഭിച്ചത്.
നാക്കുപിഴ ആണെന്ന് പറഞ്ഞിട്ടുമില്ല. രാഷ്ട്രീയവഞ്ചകരുടെ കൂട്ടത്തില്‍ അബ്ദുല്ലക്കുട്ടിയും ഉണ്ടാകും. സി.പി.എമ്മില്‍ ഇരിക്കുമ്പോഴും മോദിയെ സ്തുതിച്ചതിനാണ് പുറത്തായത്. രണ്ടായിരത്തിലധികം പേര്‍ വംശീയകലാപത്തില്‍ മരിച്ച കാലത്താണ് മോദിയെ വികസന നായകനായി അദ്ദേഹം കണ്ടത്. അതിനാണ് സി.പി.എം നടപടിയെടുത്തത്.
കോണ്‍ഗ്രസിലേക്കുവന്ന് ഉടന്‍തന്നെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു. നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ ഉള്ളപ്പോഴായിരുന്നു ഇത്തരത്തില്‍ തീരുമാനമുണ്ടായത്. താന്‍ അന്നതിനെ എതിര്‍ത്തിരുന്നു.
മറ്റൊരു പാര്‍ട്ടിയില്‍നിന്നും നടപടിയെടുത്ത് പുറംതള്ളപ്പെട്ട വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയത് അനൗചിത്യമാണ്. വര്‍ഗീയ പാര്‍ട്ടികള്‍ക്ക് സ്തുതി പാടുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാവാന്‍ പാടില്ലെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."