അന്വേഷണവുമായി സഹകരിക്കാം; മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ കോടതിയില്‍
കൊച്ചി: നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി ഇന്ന്തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം.
അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹരജിയില്‍ പറയുന്നു. അതേസമയം, ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ആരോപിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്.
ശിവശങ്കറിന് ചികിത്സ തുടരണോയെന്നു നിശ്ചയിക്കുന്ന നിര്‍ണായക മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ചേരും. ആരോഗ്യനില തൃപ്തികരമാണെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ത്തന്നെ തുടര്‍ന്നോട്ടെയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് കോടതി സമയം കഴിഞ്ഞതിനു ശേഷമായിരുന്നു ശിവശങ്കറിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് നടപടികളെടുത്തത്. ചോദ്യം ചെയ്യലിനാണ് നോട്ടിസ് നല്‍കിയതെങ്കിലും അറസ്റ്റിനുള്ള സാധ്യതയുണ്ടായിരുന്നു.തുടര്‍ന്ന് അഭിഭാഷകരുടെ ഉപദേശത്തിന്റെയടിസ്ഥാനത്തിലാണ് ശിവശങ്കര്‍ ആശുപത്രിയിലേക്ക് മാറിയതെന്നും അറിയുന്നു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് എടുക്കുന്ന തീരുമാനവും മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുകയാണ്.
ആരോഗ്യ പുരോഗതിയെക്കുറിച്ച് അറിയുന്നതിന് കസ്റ്റംസ് മെഡിക്കല്‍ ബോര്‍ഡുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. പരിശോധനക്കായി കസ്റ്റംസ് സ്വന്തം നിലക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."