പി.സി ജോര്‍ജിന്റെ അപകീര്‍ത്തി പരാമര്‍ശം: കന്യാസ്ത്രീയുടെ മൊഴിയെടുത്തില്ല
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരേ ലൈംഗീക പീഢനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ പി.സി ജോര്‍ജ് എം.എല്‍.എ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബന്ധപ്പെട്ട് പൊലിസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല.
പീഡനക്കേസില്‍ അന്വേഷണ സംഘത്തെ നയിക്കുന്ന വൈക്കം ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കന്യാസ്ത്രീ മഠത്തിലെത്തിലെത്തിയെങ്കിലും പൊലിസിനെ കാണാന്‍ കന്യാസ്ത്രീ തയ്യാറായില്ല. ഇതെത്തുടര്‍ന്ന് മൊഴിയെടുക്കാതെ അന്വേഷണസംഘം മടങ്ങി.
കന്യാസ്ത്രീക്കു പരാതിയുണ്ടെങ്കില്‍ പി.സി ജോര്‍ജിനെതിരേ കേസെടുക്കാമെന്നായിരുന്നു പൊലിസിനു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് മൊഴി രേഖപ്പെടുത്താനൊരുങ്ങിയതത്.
കന്യാസ്ത്രീ പരാതി നല്‍കാതെ പി സി ജോര്‍ജിനെതിരേ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം എസ്.പി ഡി.ജി.പിക്ക് റിപോര്‍ട്ടും നല്‍കി. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ് പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിച്ചത്.
തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കന്യാസ്ത്രീക്കെതിരായ അധിക്ഷേപം ആവര്‍ത്തിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനോട് നേരിട്ട് ഹാജരായി വിവാദ പ്രസ്താവനയില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്.
യാത്രാബത്ത നല്‍കിയാല്‍ കമ്മീഷന് മുമ്പാകെ ഹാജരാവാമെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. പി.സി ജോര്‍ജ് ശമ്പളം വാങ്ങുന്നില്ലെന്നും മറ്റ് വരുമാനമാര്‍ഗങ്ങളില്ലെന്നും രേഖാമൂലം അറിയിച്ചാല്‍ യാത്രാബത്ത നല്‍കാമെന്നായിരുന്നു ഇതിനുള്ള കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."