പാമ്പാടിയിലെ കെമിക്കല്‍ ഫാക്ടറി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് പരാതി
കോട്ടയം: പാമ്പാടിയില്‍ സ്ഥിതിചെയ്യുന്ന കെമിക്കല്‍ ഫാക്ടറി മൂലം പ്രദേശിവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പരാതി. പാമ്പാടി ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ കുളപ്പുരയ്ക്കല്‍ അംഗനവാടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചേന്നാട്ട് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം ജല-വായു മലിനീകരണത്തോടൊപ്പം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി പ്രദേവാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടോയ്‌ലറ്റ് ക്ലീനര്‍, ഹാന്‍ഡ് വാഷ്, കാര്‍ വാഷ്, ഫ്‌ളോര്‍ ക്ലീനര്‍ തുടങ്ങിയ ഫിനോയില്‍ കെമിക്കല്‍ ലോഷിനുകള്‍ സോപ്പുപൊടികള്‍, ഡിറ്റര്‍ജന്റുകള്‍, ബ്ലീച്ചിംഗ് പൗഡറും, ഉറുമ്പുപൊടി തുടങ്ങിയ ഉത്പന്നങ്ങളാണ് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. ഇതിനാവശ്യമായ കെമിക്കല്‍ വലിയതോതില്‍ തമിഴ്‌നാട്ടില്‍നിന്നുമാണ് ഫാക്ടറിയില്‍ എത്തുന്നത്.
ഫാക്ടറിയുടെ പ്രവര്‍ത്തന ഫലമായി പ്രദേശത്തെ ജലസ്രാതസുകള്‍ മലിനമായിക്കൊണ്ടിരിക്കുകയാണ്. കിണറുകളിലെ ജലത്തിന്റെ അളവ് കുറയുന്നു. വെള്ളത്തിന് രുചിവ്യത്യാസം ഉണ്ടാകുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. മുമ്പ് പുതുപ്പള്ളിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം അവിടുത്തെ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പാമ്പാടിയിലെ ജനവാസകേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചത്.
ആരോഗ്യവകുപ്പിന്റെയൊ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ പഞ്ചായത്തിന്റെയോ അനുമതി പത്രങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പും പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും സ്ഥാപനത്തില്‍ പരിശോധന നടത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കണ്ടെത്തുകയും പ്രവര്‍ത്തനം തടയുകയും ചെയ്തു.
മലിനീകരണ നിയന്ത്രണബോര്‍ഡും സ്ഥാപനത്തില്‍ അന്വേഷണം നടത്തി സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിട്ടും ഗേറ്റും വാതിലുകളും അടച്ചിട്ട് ഉല്പ്പാദനം തുടരുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥാപനത്തിന്റെ അനധികൃത പ്രവര്‍ത്തനത്തിനെതിരെ ജില്ലാ കലക്ടര്‍ക്കും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ലോകായുക്തക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സജിത് കുമാര്‍, അംബിക ദേവി, സുജാ ഏബ്രഹാം, കെ.എന്‍ ഇന്ദിര, ആനന്ദ് കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."