പവര്‍ഫുള്‍ സ്റ്റാര്‍ട്ട്
ലണ്ടന്‍: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ആവേശോജ്ജ്വല തുടക്കം. ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ലോകകപ്പിലെ കുതിപ്പിന് തുടക്കമിട്ടത്. ഇംഗ്ലണ്ടിന്റെ 311 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 39.5 ഓവറില്‍ 207 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആക്രമിച്ചു കളിക്കാനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ ഗോള്‍ഡന്‍ ഷോക്ക് നല്‍കിയ താഹിര്‍ ഡുപ്ലെസിയുടെ തീരുമാനം ശരിയാണെന്നു തോന്നിപ്പിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഡികോക്കിന് ക്യാച്ച് നല്‍കിയ ബൈര്‍സ്റ്റോ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ഡന്‍ ഡെക്കെന്ന നാണക്കേടുമായാണ് ഗ്രൗണ്ട് വിട്ടത്. ഈ ലോകകപ്പിലെ ആദ്യ വിക്കറ്റ് തന്റെ പേരില്‍ കുറിച്ച താഹിറിന്റെ സ്ഥിരം ശൈലിയിലുള്ള ഗ്രൗണ്ട് പ്രദക്ഷിണം ചെയ്തുള്ള ആഹ്ലാദ പ്രകടനം കണ്ട് ഒരു നിമിഷം ഓവലിലെ ഇംഗ്ലീഷ് ആരാധകര്‍ ഞെട്ടിയെങ്കിലും പിന്നീടങ്ങോട്ട് വന്നവരെല്ലാം മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്. ഇംഗ്ലണ്ട് നിരയില്‍ നാലു പേര്‍ അര്‍ധ സെഞ്ചുറി നേടി. രണ്ടാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോ റൂട്ടും കൂട്ടിച്ചേര്‍ത്ത 106 റണ്‍സ് ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അടിത്തറയായി. 54 (53) റണ്‍സുമായി ജേസണ്‍ റോയിയും 51 (59) റണ്‍സുമായി റൂട്ടും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും ബെന്‍സ്‌റ്റോക്‌സ്ും 106 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. താഹിറിന്റെ പന്തില്‍ 57(60) റണ്‍സുമായി മോര്‍ഗന്‍ മടങ്ങിയെങ്കിലും മറുഭാഗത്ത് ഉറച്ചു നിന്ന ബെന്‍സ്‌റ്റോക്‌സിന്റെ മികവില്‍ ടീം ടോട്ടല്‍ മുന്നൂറുകടന്നു. 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയ ഇംഗ്ലണ്ട് നിരയില്‍ 89(79) റണ്‍സ് നേടിയ ബെന്‍സ്‌റ്റോക്‌സാണ് ടോപ്‌സ്‌കോററായത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുങ്കി എന്‍ഗിഡി മൂന്നു വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ ആര്‍ച്ചര്‍ ദക്ഷിണാഫ്രിക്കയുടെ വില്ലനായി അവതരിച്ചപ്പോള്‍ പൊരുതി നോക്കാന്‍ പോലും കഴിയാതെ അവര്‍ കീഴടങ്ങി. ആര്‍ച്ചറുടെ പന്തില്‍ പരുക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ടായി ഹാഷിം അംല ഇന്നിങ്‌സിന്റെ തുടക്കത്തില്‍തന്നെ ഗ്രൗണ്ടു വിട്ടു. അവിടെനിന്ന് തുടങ്ങുന്നു ദക്ഷിണാഫ്രിക്കയുടെ കൂട്ടത്തകര്‍ച്ച. പേരു കേട്ട ബാറ്റ്‌സ്മാന്‍ മാരെല്ലാരും അവരവരുടെ ഉത്തരവാദിത്തം മറന്ന് കൂടാരം കയറിയപ്പോള്‍ ഡികോക്കിന്‍ന്റെയും റാസി വാന്‍ഡര്‍ ഡ്യൂസിന്റെയും ചെറുത്തു നില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ വലിയ നാണക്കേടില്‍നിന്ന് രക്ഷിച്ചത്.
ഡികോക്ക് 68(74) റണ്‍സും വാന്‍ഡര്‍ ഡ്യൂസ് 50(61) റണ്‍സും നേടി. പരുക്കേറ്റ അംല ഒന്‍പതാമനായി ക്രീസില്‍ മടങ്ങിയെത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല. ഡുപ്ലെസിയുടെയും ഡുമിനിയുടെയും ഡ്യൂസിന്റെയും വിക്കറ്റുകള്‍ നേടിയ ആര്‍ച്ചര്‍ തന്നെയാണ് കളി മാറ്റിമറിച്ചത്. ഇംഗ്ലീഷ് നിരയില്‍ പ്ലങ്കറ്റും ബെന്‍സ്റ്റോക്‌സും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
റെക്കോര്‍ഡോടെ ഇമ്രാന്‍ താഹിര്‍ തുടങ്ങി
ഐ.പി.എല്ലിലെ തീപാറും ബൗളിങ്ങിന് ശേഷം ലോകകപ്പ് വേദിയിലെത്തിയ ഇമ്രാന്‍ താഹിര്‍ ഇവിടെയും പതിവ് തെറ്റിച്ചില്ല. ആദ്യ ഓവറില്‍ തന്നെ ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ച്ചേര്‍ത്താണ് താഹിര്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.
ലോകകപ്പിന്റെ ആദ്യ ഓവര്‍ തന്നെ സ്പിന്‍ ബൗള്‍ എറിഞ്ഞു എന്ന റെക്കോര്‍ഡാണ് താഹിര്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇന്നേവരെ ഒരു ലോകകപ്പിലും ആദ്യ ഓവര്‍ സ്പിന്നര്‍ എറിഞ്ഞിട്ടില്ല. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന്റെ ജോണി ബൈര്‍സ്റ്റോയുടെ വിക്കറ്റ് വീഴ്ത്താനും താഹിറിനായി. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ രണ്ട@ാമത്തെ ബൗളറാകാനും താഹിറിനായി. ലോകകപ്പില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍തന്നെ ബൈര്‍സ്റ്റോ പുറത്തായത് താരത്തിന് നാണക്കേടായി.
1992ലെ ലോകകപ്പില്‍ ആദ്യ ഓവര്‍ എറിഞ്ഞ ആസ്‌ത്രേലിയന്‍ ബൗളര്‍ ക്രെയ്ഗ് മക്‌ഡെര്‍മോട്ടാണ് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം. അന്ന് ന്യൂസിലന്‍ഡിന്റെ ജോണ്‍ റൈറ്റിനെ ബൗള്‍ഡാക്കുകയായിരുന്നു. 1975ലെ ആദ്യ ലോകകപ്പില്‍ ഇന്ത്യന്‍ താരം മദന്‍ലാല്‍ ആണ് ആദ്യ ഓവര്‍ പന്തെറിഞ്ഞത്. 1979ലെ ലോകകപ്പില്‍ വിന്‍ഡീസ് ബൗളര്‍ ആന്‍ഡി റോബര്‍ട്ട്‌സ് ആയിരുന്നു ബൗളര്‍. നേരിട്ടതാകട്ടെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറും. ഇന്ത്യ ലോകകപ്പ് നേടിയ 1983ല്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി ആയിരുന്നു ആദ്യ ഓവര്‍ പന്തെറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."