ഓപ്പറേഷന്‍ കമല തുണയായില്ല; കര്‍ണാടകയില്‍ എം.എല്‍.എമാരെ പിടിക്കാനുള്ള ഉദ്യമം യദ്യൂരപ്പ ഉപേക്ഷിച്ചു
മംഗളൂരു: രണ്ടിനെ എട്ടാക്കാനുള്ള വിദ്യ പാളിയതോടെ കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ബി.എസ് യദ്യൂരപ്പ തല്‍ക്കാലം ഓപ്പറേഷന്‍ കമല പദ്ധതി നിര്‍ത്തിവച്ചു. മെയ് 30നകം കോണ്‍ഗ്രസ്, ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ വീഴുമെന്നും തുടന്ന് തന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് നിലവില്‍ വരുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി പാളിയതോടെ എം.എല്‍.എമാരെ വശത്താക്കി ഭരണം നടത്താനുള്ള ഉദ്യമത്തില്‍നിന്ന് അദ്ദേഹം പിന്നോട്ടു പോയിരിക്കുകയാണ്. കോണ്‍ഗ്രസ്, ജെ.ഡി. എസ് എം.എല്‍.എമാര്‍ വീട്ടില്‍ പോകുന്നത് വരെ താന്‍ കാത്തിരിക്കുമെന്നാണ് യദ്യൂരപ്പയുടെ പുതിയ പ്രസ്താവന.
സഖ്യ സര്‍ക്കാരിലെ എം.എല്‍.എമാര്‍ പരസ്പരം തെറ്റിപ്പിരിയുമെന്നും തുടര്‍ന്ന് അവര്‍ വീട്ടിലേക്കു പോകുന്നതോടെ ബി.ജെ.പിക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നുമാണ് യദ്യൂരപ്പ ഇപ്പോള്‍ പറയുന്നത്. നിലവില്‍ നൂറ്റി അഞ്ചു അംഗങ്ങളുള്ള ബി.ജെ.പിക്ക് എട്ടു പേരുടെ പിന്തുണ കൂടി ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള മാന്ത്രിക സംഖ്യ നേടാനാകൂ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കോണ്‍ഗ്രസിന്റെ ഇരുപത് എം.എല്‍.എമാര്‍ തന്നോടൊപ്പം വരുമെന്ന് പറഞ്ഞ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ യദ്യൂരപ്പ പദ്ധതി പാളിയതോടെയാണ് നിലപാടില്‍നിന്ന് പിന്നാക്കം പോയത്. അതേസമയം, സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്നും യദ്യൂരപ്പയുടേത് ദിവാ സ്വപ്നം മാത്രമാണെന്നും കോണ്‍ഗ്രസ്, ജെ.ഡി.എസ് ഉന്നത നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ 77 എം.എല്‍. എമാര്‍ സംബന്ധിച്ചു. രമേശ് ജര്‍ക്കിഹോളി, റോഷന്‍ ബൈഗ് എന്നിവര്‍ മാത്രമാണ് യോഗത്തില്‍ സംബന്ധിക്കാതിരുന്നത്. യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, കെ.സി വേണുഗോപാല്‍ എന്നിവരും സംബന്ധിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ വിമത പക്ഷത്തേക്ക് നീങ്ങാനിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പത്തിമടക്കിയിരിക്കുകയാണ്. അതേ സമയം, ജെ.ഡി.എസ് നേതൃത്വം എം.എല്‍.എമാര്‍ക്കും മറ്റ് ഉന്നത നേതാക്കള്‍ക്കും ചാനല്‍ ചര്‍ച്ചകളിലും മറ്റും സംബന്ധിക്കുന്നതിനു താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്കാണ് കോണ്‍ഗ്രസിന്റെ ചുവടുപിടിച്ചു ജെ.ഡി.എസ് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."