തെരഞ്ഞെടുപ്പിലെ ഇടപെടല്‍: മ്യൂളര്ക്കെതിരേ വിമര്‍ശനവുമായി ട്രംപ്
വാഷിങ്ടണ്‍: മുന്‍ സ്പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളര്ക്കെതിരേ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2016 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് എഫ്.ബി.ഐ ഡയരക്ടറാക്കാന്‍ മ്യൂളര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ നിഷേധിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്ന് മ്യൂളര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് റോബര്‍ട്ട് മ്യൂളര്‍ സമര്‍പ്പിച്ചതിന് ശേഷം ആദ്യമായാണ് പ്രതികരിക്കുന്നത്. നിലവിലുള്ള പ്രസിഡന്റിനെതിരേ കുറ്റം ചുമത്തുന്നത് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പോളിസിയുടെ ഭാഗമല്ലെന്നായിരുന്നു മ്യൂളര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മ്യൂളറുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ഡെമോക്രാറ്റിക്ക് പ്രതിനിധികള്‍ രംഗത്തെത്തി. എന്നാല്‍ ഇംപീച്ച്മെന്റ് എന്ന വാക്ക് ഏറ്റവും മോശവും വെറുപ്പുണ്ടാക്കുന്നതുമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."