തുരുമ്പിച്ച് വൈദ്യുതി തൂണുകള്‍ മാറ്റില്ലെന്നു മര്‍ക്കടമുഷ്ടി
കണ്ണൂര്‍: നഗരത്തിലെ വൈദ്യുതി തൂണുകള്‍ എങ്ങനെ മാറ്റിവയ്ക്കുമെന്നറിയാതെ കെ.എസ്.ഇ.ബി. ദേശീയപാത വികസിപ്പിക്കുമ്പോള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്ന വൈദ്യുതി തൂണുകള്‍ ബൈപ്പാസ് വരുന്നതോടെ അനിശ്ചിതത്തിലായി.
ബൈപാസ് കണ്ണൂര്‍ നഗരവുമായി ബന്ധമില്ലാതെ കടന്നുപോകുന്നതാണു തുരുമ്പെടുത്തു നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ ശാപമോക്ഷമില്ലാതെ കിടക്കുന്നത്. ആളുകളുടെ ജീവനു തന്നെ ഭീഷണിയായിരിക്കുകയാണു നഗരത്തിലെ തുരുമ്പെടുത്ത വൈദ്യുതി തൂണുകളും വിളക്ക് മരങ്ങളും.
നിലവില്‍ തിരക്കേറിയ ഭാഗങ്ങളിലാണു വ്യാപകമായി തുരുമ്പെടുത്ത വൈദ്യുതി തൂണുകളും വിളക്ക് മരങ്ങളുമുള്ളത്. ഏറ്റവുമധികം വാഹനങ്ങളും യാത്രക്കാരുമുള്ള കാല്‍ടെക്‌സ് ജങ്ഷനിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള നിരവധി തൂണുകളുണ്ട്. തുരുമ്പെടുത്ത് അടിഭാഗം മുഴുവന്‍ ദ്രവിച്ച് ഏതുസമയവും പൊട്ടിവീഴാന്‍ പാകത്തിലായ തൂണുകളും നഗരത്തിലുണ്ട്.
ദേശീയപാതയ്ക്കു സമീപം തുരുമ്പുപിടിച്ച സ്‌റ്റേ കമ്പികള്‍ നടന്നുപോകുന്നവരുടെ ദേഹത്തു തട്ടും വിധത്തിലാണു നഗരത്തില്‍ പലയിടങ്ങളിലും നിലവിലുള്ളത്. ഇതു മാറ്റിസ്ഥാപിക്കലും അനിവാര്യമാണ്.
വാഹനങ്ങള്‍ കടന്നുപോകവെ അല്‍പം ഒന്നുമാറി നിന്നാല്‍ ദേഹത്ത് കുത്തിയിറങ്ങും വിധത്തിലാണു പല വൈദ്യുതി തൂണിലെയും സ്റ്റേ കമ്പികളുടെ അവസ്ഥ. വൈദ്യുതി തൂണുകള്‍ മാറ്റണമെന്ന ആവശ്യം ഉയരുമ്പോഴും എങ്ങനെ മാറ്റുമെന്നറിയാത്ത അവസ്ഥയിലാണു കെ.എസ്.ഇ.ബി അധികൃതര്‍. ബൈപ്പാസ് വരുന്നതിനാല്‍ നഗരത്തിലെ റോഡുകള്‍ വികസിക്കില്ലെന്നുറപ്പായ സ്ഥിതിക്കു വൈദ്യുതി തൂണുകള്‍ മാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതരോ ജില്ലാ ഭരണകൂടമോ കനിയണമെന്നാണു കെ.എസ്.ഇ.ബിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."