ക്ഷേമപെന്‍ഷന്‍ വൈകുന്നു: കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം
കോഴിക്കോട്: ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച. അപേക്ഷിച്ച പലര്‍ക്കും പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് ലീഗ് അംഗം കെ.ടി ബീരാന്‍കോയയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പരാതി ഉന്നയിച്ചത്. നേരത്തേ സത്യപ്രസ്താവന നടത്തിയവരോടും വീണ്ടും അതേആവശ്യം ഉന്നയിക്കുകയാണ്.
പെന്‍ഷന്‍ അദാലത്ത് നടത്തിയിട്ടും ഫലമുണ്ടാവുന്നില്ല. പണം കിട്ടാത്തതുകൊണ്ടും കോര്‍പറേഷന്‍ ഓഫിസിലെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ വന്ന തകരാറ് കാരണവുമാണ് പെന്‍ഷന്‍ യഥാസമയം വിതരണം ചെയ്യാന്‍ കഴിയാതെ പോവുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മതിച്ചു. അതേസമയം, യു.ഡി.എഫ് ഭരണകാലത്താണ് പെന്‍ഷന്‍ കുടിശ്ശിക കൂടുതലായി ഉണ്ടായിരുന്നതെന്ന് സി.പി.എം അംഗങ്ങള്‍ ആരോപിച്ചു. മുന്‍ സര്‍ക്കാരിന്റെ ഇത്തരം ദോഷങ്ങള്‍ ഇല്ലാതാക്കാനാണല്ലോ ജനങ്ങള്‍ ഇടതുമുന്നണിയെ ഭരണത്തിലേറ്റിയതെന്ന് അഡ്വ. പി.എം സുരേഷ്ബാബു ചോദിച്ചു. വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാകാത്തതാണ് പ്രശ്‌നത്തിന് പ്രധാന കാരണമെന്ന് മേയര്‍ പറഞ്ഞു. ഏതായാലും ഈ മാസം 16,17 തിയതികളില്‍ പെന്‍ഷന്‍ അദാലത്ത് നടത്തുമെന്ന് മേയര്‍ അറിയിച്ചു. നഗരത്തിലെ ടാറിങ് പ്രവൃത്തികള്‍ സ്തംഭിച്ചതായി ജനതാദളിലെ പി. കിഷന്‍ചന്ദ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആരോപിച്ചു. 1.90 കോടി രൂപ ഇതിനായി വിനിയോഗിച്ചുവെങ്കിലും ടാര്‍ ഇനിയും കിട്ടിയിട്ടില്ല. പ്രവൃത്തികളുടെ ലിസ്റ്റ് തയാറാക്കിയതിലെ പിഴവാണ് കാരണം. കഴിഞ്ഞ പ്രവൃത്തികള്‍ക്കുള്ള പണമാണ് കരാറുകാര്‍ക്ക് നല്‍കിയത്. അതേസമയം, ഇനി നടത്താനുള്ള പ്രവൃത്തികള്‍ക്കുള്ള പണം നല്‍കിയിട്ടുമില്ല. അതോടെ നഗരത്തിലെ ടാറിങ് പ്രവൃത്തികള്‍ സ്തംഭിച്ചിരിക്കുകയാണ്.
മഴ വരുന്നതോടെ ടാറിങ് നടത്താന്‍ കഴിയാത്ത അവസ്ഥയാകും. ടാര്‍ ലഭിക്കുന്നതിനനുസരിച്ച് മഴക്ക് മുമ്പേ പ്രവൃത്തി തീര്‍ക്കും. ബാക്കി മഴക്കുശേഷം നടത്തും-എന്നായിരുന്നു വികസനകാര്യസ്ഥിരംസമിതി ചെയര്‍മാന്‍ പി.സി രാജന്റെ വിശദീകരണം. ഇക്കാര്യത്തില്‍ മരാമത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആണ് വിശദീകരണം നല്‍കേണ്ടതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തന്റെ വാക്കുകള്‍ വിശദീകരണമല്ലെന്നും കേവലം അഭിപ്രായപ്രകടനം മാത്രമാണെന്നും പി.സി രാജന്‍ പറഞ്ഞു. നഗരത്തില്‍ വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗണ്‍സില്‍പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്താത്തത് സംബന്ധിച്ച് സയ്യിദ് മുഹമ്മദ് ഷമീല്‍ തങ്ങള്‍ ശ്രദ്ധക്ഷണിച്ചു. സോഡിയം വേപ്പര്‍ ലൈറ്റുകളുടെ സ്‌പെയര്‍പാര്‍ട്‌സ് കിട്ടാത്തതാണ് പ്രശ്‌നമെന്ന് മരാമത്ത് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി.വി ലളിതപ്രഭ പറഞ്ഞു. സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ ആയിട്ടുണ്ട്. മെയിന്റനന്‍സിനുള്ള തുക കെ.എസ്.ഇ.ബിയില്‍ അടച്ചിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. പത്ത് ദിവസം കൊണ്ട് മുഴുവന്‍ ലൈറ്റുകളും കത്തിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കി. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുന്നത് തടയാന്‍ നടപടി വേണമെന്ന് എം.എം പത്മാവതി ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാട്ടര്‍ കിയോക്‌സുകള്‍ സ്ഥാപിക്കുന്ന നടപടി എന്തായെന്ന് സി. അബ്ദുറഹിമാന്‍ ചോദിച്ചു. ചിലയിടത്ത് ്കിയോസ്‌കുകള്‍ വന്നെങ്കിലും വെള്ളം കിട്ടിയില്ലെന്ന് അംഗങ്ങള്‍ ഉന്നയിച്ചു. എം.കുഞ്ഞാമുട്ടി, കെ.ടി ബീരാന്‍കോയ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് മേയര്‍ ഉറപ്പ് നല്‍കി. എരഞ്ഞിക്കല്‍ കൈപ്പുറത്ത് പാലത്തിന് സമീപമുള്ള ജലാശയം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കറ്റടത്ത് ഹാജിറ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുമ്പോള്‍ സന്ദര്‍ശക ഗാലറിയില്‍ അതിഥിയായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖും എത്തി. യോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സിദ്ദീഖ് മുന്‍ കൗണ്‍സിലര്‍മാരായ പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, കളരിയില്‍ രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."