ഇരുള്‍ തടസമല്ല; പ്രബിനിന്റെ ലക്ഷ്യം സംഗീത അധ്യാപകന്‍
കോഴിക്കോട്: പിറന്നുവീണ നാള്‍ തൊട്ട് കാഴ്ചയുടെ ലോകം അനുഭവിക്കാനായില്ലെങ്കിലും സംഗീതത്തിന്റെ ലോകത്ത് തനിക്ക് മുന്നേറാനുള്ള പടവുകളെപ്പറ്റി നല്ല ബോധ്യമുണ്ട് പ്രബിനിന്. ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കഥകളി സംഗീതത്തില്‍ രണ്ടാം സ്ഥാനം നേടി ആരോടും ഒന്നും പറയാനില്ലാതെ ഈ പ്രതിഭ മടങ്ങിയത് പുതിയ ലോകത്തേക്കാണ്. സംഗീത അധ്യാപകനാകണമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ചെറുതല്ലാത്ത വിജയത്തിലൂടെ കയറാന്‍ സാധിച്ചുവെന്ന് ഉറച്ച വിശ്വാസത്തോടെ.
തന്റെ നിഴലായി എന്നും കൂടെയുള്ള മാതാവിനും ആഗ്രഹങ്ങള്‍ക്ക് പിന്തുണയേകാന്‍ വിയര്‍പ്പൊഴുക്കുന്ന പിതാവിനും അപകടത്തില്‍ കൈക്ക് പരുക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന ജേഷ്ഠനും പ്രബിന്‍ ഈ മികച്ച വിജയം സമര്‍പ്പിക്കുകയാണ്. കുട്ടിക്കാലം തൊട്ടെ തന്റെ കുറവുകളെ പരിമിതികളായി കാണാതെ കഠിനാധ്വാനം നടത്തിയ പ്രബിന് മുന്നില്‍ വിദ്യാഭ്യാസത്തിന്റെ വാതായനങ്ങള്‍ ഓരോന്നായി തുറക്കപ്പെടുകയായിരുന്നു.
സ്‌പെഷല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകരാണ് പ്രബിനിലെ സംഗീത കലാകാരനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സംഗീതത്തെ പ്രബിന്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. പല വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചു.
ഇത്തവണത്തെ എ സോണ്‍ മത്സരത്തില്‍ കഥകളി സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പാലക്കാട് ചിറ്റൂര്‍ ഗവ. കോളജില്‍ സംഗീത വിദ്യാര്‍ഥിയാണ് പ്രബിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."